സെന്‍സെക്‌സ് 60,000 കടന്നു; ഏഴാം നാളിലും ഓഹരികളില്‍ നേട്ടം
ഏഷ്യന്‍ ഓഹരികളില്‍ നിന്ന് വീശിയടിച്ച ഉണര്‍വിന്റെ കാറ്റ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്കും നേട്ടമായി. ആഭ്യന്തര തലത്തില്‍ ബാങ്കിംഗ്, വാഹന ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യവും കരുത്തായതോടെ സെന്‍സെക്‌സ് ഇന്ന് 60,000വും നിഫ്റ്റി 17,700 പോയിന്റും ഭേദിച്ചു. 311 പോയിന്റുയര്‍ന്ന് 60,157ലാണ് വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത്. നിഫ്റ്റി 98 പോയിന്റ് നേട്ടവുമായി 17,722ലും. തുടര്‍ച്ചയായ ഏഴാം നാളിലാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ലാഭത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
കരുത്തായി വാഹനം, ബാങ്കിംഗ്
വാഹനം, ബാങ്ക്, ലോഹം, ഊര്‍ജം, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. ബി.എസ്.ഇ മിഡ്ക്യാപ്പ് സൂചിക ഒരു ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.6 ശതമാനവും ഉയര്‍ന്നു. സെന്‍സെക്‌സില്‍ 2,244 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1,303 കമ്പനികളുടെ ഓഹരിവില ഇടിഞ്ഞു. 112 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല.
ഇന്ന് കേരളം ആസ്ഥാനമായുള്ള 16 കമ്പനികള്‍ നേട്ടമുണ്ടാക്കി. വണ്ടര്‍ല ഹോളിഡെയ്‌സ് 5.18 ശതമാനവും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.63 ശതമാനവും നേട്ടം രേഖപ്പെടുത്തി. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കിറ്റെക്‌സ്, കെ.എസ്.ഇ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, ജിയോജിത്, ഹാരിസണ്‍ മലയാളം എന്നിവ നഷ്ടം രേഖപ്പെടുത്തി.