തണുപ്പൻ വിപണി; മൂല്യം നോക്കി സെലക്ടീവായി മാത്രം നിക്ഷേപിക്കുക

വിപണിയെ ഇപ്പോഴും ചൂടുപിടിപ്പിക്കുന്ന വിഷയം നാണ്യപ്പെരുപ്പം തന്നെയാണ്. ഉക്രെയ്ന്‍ യുദ്ധം കമോഡിറ്റി വിലകളെ ഭ്രാന്തമായ ഉയര്‍ന്ന തലത്തിലെത്തിച്ചതോടെ നാണ്യപ്പെരുപ്പവും ഒരു ആഗോള പ്രതിഭാസമായി. ഇപ്പോള്‍ ഗ്ലോബല്‍ സ്റ്റാഗ്ഫ്‌ളേഷനെ കുറിച്ചാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. ഉയര്‍ന്ന നാണ്യപ്പെരുപ്പവും നെഗറ്റീവ് ജിഡിപി വളര്‍ച്ചയും ഒരുമിച്ച് വരുന്നതിനെയാണ് സ്റ്റാഗ്ഫ്‌ളേഷന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ത്യ ഉള്‍പ്പടെയുള്ള ഭൂരിഭാഗം എമര്‍ജിംഗ് വിപണികളില്‍ നിന്ന് വിദേശ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുകയും കറന്‍സികള്‍ക്ക് മൂല്യശോഷണം സംഭവിക്കുകയും ചെയ്യുന്നത് ദൃശ്യമാണ്. എന്നിരുന്നാലും ആഗോളതലത്തില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം ഇന്ത്യന്‍ ഓഹരി വിപണി കാഴ്ചവെയ്ക്കുന്നുണ്ട്. അതിന് നന്ദി പറയേണ്ടത് ഇന്ത്യന്‍ വിപണിയിലെ റീറ്റെയ്ല്‍ നിക്ഷേപകരുടെ വര്‍ധിച്ച പ്രാതിനിധ്യത്തിനാണ്. ആകെ മൂകമായ ആഗോള അന്തരീക്ഷത്തിലും ഇന്ത്യ ഏതാണ്ടെല്ലാ രംഗങ്ങളിലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
നമ്മുടെ കറന്‍സി സ്ഥിരതയോടെ നിലകൊള്ളുന്നുണ്ട്, കയറ്റുമതി മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ഉക്രെയ്ന്‍ യുദ്ധം, ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ പല കാര്യങ്ങളിലും ഇന്ത്യയ്ക്ക് അനുഗ്രഹമായിട്ടുണ്ട്. നമ്മുടെ റിഫൈനറികളുടെ കാര്യമെടുക്കാം. റഷ്യന്‍ ക്രൂഡ് നിരോധനം ഇവയ്ക്ക് ഗുണകരമാണ്. നമ്മുടെ റിഫൈനറികള്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയ്ല്‍ കുറഞ്ഞ വിലയില്‍ വാങ്ങി സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പില്‍ വില്‍പ്പന നടത്തുന്നു. സംഘര്‍ഷ ഭരിതമായ ലോക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ദീപസ്തംഭമായി തുടരുകയാണ്.
അസാധാരണ യോഗത്തിലൂടെ മെയ് മാസത്തില്‍ നിരക്ക് വര്‍ധന നടത്തിയ ശേഷം റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയ സമിതി ജൂണിലും ഏകകണ്ഠമായി ബെഞ്ച് മാര്‍ക്ക് പോളിസി നിരക്ക് 50 പോയ്ന്റ് ഉയര്‍ത്താന്‍ തീരുമാനമെടുത്തിരിക്കുകയാണ്. അതോടെ റിപ്പോ റേറ്റ് 4.90 ശതമാനമായി. ഇത് പ്രതീക്ഷിച്ചിരുന്ന നടപടിയായതിനാല്‍ വിപണിയില്‍ അതിന്റെ സ്വാധീനം ഇപ്പോള്‍ തന്നെ പ്രതിഫലിച്ച് കഴിഞ്ഞിട്ടുമുണ്ട്.
മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ കുറവും അതോടൊപ്പം സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ വരുത്തിയ ഇളവും വരും മാസങ്ങളില്‍ നാണ്യപ്പെരുപ്പ തോതില്‍ പ്രതിഫലിച്ച് തുടങ്ങും. എക്‌സൈസ് ഡ്യൂട്ടി ഇളവ്, സ്‌പ്ലൈ രംഗത്ത് അനുഭവപ്പെട്ടിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകളും റിസര്‍വ് ബാങ്കിന്റെ നിരക്ക് വര്‍ധനയും കൂടിചേരുമ്പോള്‍ രാജ്യത്തെ നാണ്യപ്പെരുപ്പം കുറച്ചുകൊണ്ടുവരാന്‍ അതുപകാരപ്പെട്ടേക്കും.
എനിക്ക് തോന്നുന്നത് ആഗോള നാണ്യപ്പെരുപ്പം അതിന്റെ ഉയര്‍ന്ന തലത്തിലെത്തിയെന്നാണ്. ആഗോള നാണ്യപ്പെരുപത്തിന്റെ മികച്ച പ്രതീകങ്ങളായ സെമി കണ്ടക്റ്റര്‍ വിലയും ഷിപ്പിംഗ് കണ്ടെയ്‌നർ നിരക്കുകളും കുറഞ്ഞുവരുന്നുണ്ട്. ഏതാണ്ടെല്ലാ നെഗറ്റീവ് ഘടകങ്ങളും വിപണിയില്‍ പ്രതിഫലിച്ച് കഴിഞ്ഞിരിക്കുന്നു എന്ന് അനുമാനിക്കാം. തുടരുന്ന കൊണ്ടിരിക്കുന്ന ബഹുവർഷ ബുള്‍ മാര്‍ക്കറ്റിൽ ഇപ്പോള്‍ വന്ന ഈ തിരുത്തല്‍ അതിന്റെ പരമാവധി ആഴത്തിൽ എത്തി എന്നു തോന്നുന്നു. അധികം വൈകാതെ ഇക്വിറ്റി മാര്‍ക്കറ്റ് അതിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര പുനഃരാരംഭിച്ചേക്കും.
ദൗര്‍ഭാഗ്യവശാല്‍ എല്‍ ഐ സി ഐ പി ഒയ്ക്കും രാജ്യത്തെ വമ്പന്‍ ഐ പി ഒ കളെ വേട്ടയാടുന്ന നിര്‍ഭാഗ്യത്തെ തകര്‍ത്തെറിയാന്‍ സാധിച്ചില്ല. വന്‍ ഐ പി ഒ യുമായി ബന്ധപ്പെട്ട് രാജ്യത്തെ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ള അസുഖകരമായ അനുഭവങ്ങള്‍ തല്ക്കാലം തുടരുക തന്നെയാണ്. ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യത്തോടെ മെയ് 17 ന് ലിസ്റ്റ് ചെയ്ത എല്‍ ഐ സി യുടെ വിപണി മൂല്യത്തില്‍ ആദ്യ 18 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒന്നര ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു പക്ഷെ ലിസ്റ്റിംഗ് നടത്തി ആദ്യ ഏതാനും വാരങ്ങള്‍ക്കുള്ളില്‍ വിപണി മൂല്യത്തില്‍ സംഭവിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇടിവാകും എൽ ഐ സി യുടേത്. ഡിസ്‌കൗണ്ട് നിരക്കായ 889 രൂപയ്ക്ക് ഓഹരി അലോട്ട്‌മെന്റ് ലഭിച്ച നിക്ഷേപകര്‍ക്ക് പോലും അവരുടെ നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് ഇതിനകം ഒലിച്ചു പോയിട്ടുണ്ട്.
ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു; കൊട്ടിഘോഷിച്ച് വിപണിയിലെത്തുന്ന ഐ പി ഒ കളില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. മൊത്തം ഓളമുണ്ടാക്കി, പുതുതായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബിസിനസുകള്‍ മിക്കതും ഓവര്‍ വാല്യൂഡ് ആണ് അതെ സമയം ലിസ്റ്റ് ചെയ്ത പഴയ പല നല്ല ബിസിനസ്സുകളും സഹജ മൂല്യത്തില്‍ താഴെ, അവഗണിക്കപ്പെട്ട് കിടക്കുകയാണ്. വെള്ളി വെളിച്ചത്തില്‍ നിന്ന് ഏറെ അകന്ന്, കോലാഹലങ്ങളില്ലാതെ മാറി കിടക്കുന്ന ബിസിനസ്സുകളാണ് നിക്ഷേപകര്‍ക്ക് മള്‍ട്ടി ബാഗര്‍ നേട്ടം സമ്മാനിക്കുന്നത്.
ഇതൊരു തണുപ്പന്‍ മാര്‍ക്കറ്റാണ്. അതുകൊണ്ട് തന്നെ നിക്ഷേപകര്‍ അങ്ങേയറ്റം സെലക്ടീവായിരിക്കണം. ഏതാനും മാസങ്ങളായി തുടരുന്ന, മിസ്റ്റര്‍ മാര്‍ക്കറ്റിന്റെ മൂഡി സ്വഭാവം മികച്ച സാധ്യതയുള്ള ബിസിനസുകളെ ആകര്‍ഷകമായ വിലയുടെ തലത്തില്‍ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് മൂല്യത്തില്‍ ഫോക്കസ് ചെയ്യുക, അങ്ങേയറ്റം സെലക്ടീവായിരിക്കുക. വിപണിയിലെ തിരുത്തല്‍ എത്ര നാള്‍ തുടരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അതിൽ പരിഭ്രാന്തർ ആകേണ്ട പകരം ശാന്തമായി നിലകൊള്ളുക, ശബ്ദ കോലാഹലങ്ങളെ അവഗണിച്ചു, ഉള്ള നിക്ഷേപങ്ങൾ തുടരുക, പറ്റുമെങ്കിൽ കൂടുതൽ നിക്ഷേപിക്കുക. അധികം വൈകാതെ നല്ല നാളുകള്‍ തിരികെ വരിക തന്നെ ചെയ്യും.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it