

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പിന് വിരാമമിട്ട് ഇടിവ് തുടരുമ്പോള്‍ എല്ലാ കോണുകളിലും നിന്നുയരുന്ന ചോദ്യമുണ്ട്. വിപണിയില്‍ ഇനി എന്നാവും തുടര്‍ച്ചയായി പച്ച കത്തുക? ഇടിവ് തുടരുന്ന സമയത്ത് നിക്ഷേപം എങ്ങനെയാകണം?
കോവിഡിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ കുതിപ്പിന്റെ കാലമായിരുന്നു. അഞ്ച് വര്‍ഷം നീണ്ടുനിന്ന നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച ദിനങ്ങള്‍ അവസാനിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി വിപണി നിരീക്ഷകരും വിദഗ്ധരും നിക്ഷേപകരോട് ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നുണ്ടെങ്കിലും പലര്‍ക്കും കൈ പൊള്ളുന്നത് ഇപ്പോഴാണ്. ഉയര്‍ന്ന തലത്തില്‍ നില്‍ക്കെ നിക്ഷേപം നടത്തിയവര്‍ ആശങ്കയില്‍ നിക്ഷേപം പിന്‍വലിക്കുന്നു. എസ്ഐപി നിക്ഷേപം പാതിവഴിയില്‍ നിര്‍ത്തുന്നു.
2024 ഒക്ടോബറിന് ശേഷം ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ 13 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 22 ശതമാനവും സ്മോള്‍ ക്യാപ് 25 ശതമാനവും താഴേക്ക് വന്നുകഴിഞ്ഞു. 'മാര്‍ച്ച് 23ന് രാജ്യത്തെ ബുള്‍ റാലിയുടെ അഞ്ചാം വാര്‍ഷിക ദിനമാണ്. അഞ്ച് വര്‍ഷത്തോളം ബുള്‍ റാലി തുടര്‍ന്നാല്‍ അതിന് അന്ത്യമുണ്ടാവുക തന്നെ ചെയ്യും,'' ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകരില്‍ ഒരാളായ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെടുന്നു. ഇനി എന്നാണ് വിപണി തിരികെ കയറുക? ഇപ്പോള്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രമെന്താണ്? ഓഹരി നിക്ഷേപ വിദഗ്ധര്‍ വിശദീകരിക്കുന്നു.
പൊറിഞ്ചു വെളിയത്ത്, സ്ഥാപകന്‍ & പോര്‍ട്ട്ഫോളിയോ മാനേജര്‍, ഇക്വിറ്റി ഇന്റലിജന്‍സ്
വിപണി അതിന്റെ താഴ്ചയിലെത്തിയെന്നതില്‍ സംശയമില്ല. പക്ഷേ സ്മോള്‍, മിഡ് ക്യാപ് മേഖലയില്‍ പ്രശ്നങ്ങള്‍ ശേഷിക്കുന്നുണ്ട്. ഈ വിഭാഗത്തിലെ ചില ഓഹരികള്‍ 30, 40 മുതല്‍ 60, 70 ശതമാനം തിരുത്തലിന് വിധേയമായിട്ടുണ്ട്. വരുമാന വളര്‍ച്ചയിലുണ്ടായിരിക്കുന്ന ഇടിവും രാജ്യത്തെ ചില മേഖലകളില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയും പരിഗണിക്കുമ്പോള്‍ സ്മോള്‍, മിഡ് ക്യാപ് ഓഹരികള്‍ ഉടന്‍ തിരിച്ചുകയറാനിടയില്ല. രാജ്യത്ത് വിഭാവനം ചെയ്ത് നടപ്പാക്കപ്പെടുന്ന പദ്ധതികളും സാമ്പത്തിക വളര്‍ച്ചയ്ക്കായി നടത്തുന്ന ശ്രമങ്ങളും നിഫ്റ്റിയിലും സെന്‍സെക്സിലും പ്രതിഫലിക്കും. എന്നിരുന്നാലും വരുമാന വളര്‍ച്ചയെ ആശ്രയിച്ചാകും വിപണിയുടെ തിരിച്ചുകയറ്റം.
വിപണിയില്‍ നിക്ഷേപ സമയം കാത്തിരിക്കാതെ നിക്ഷേപം നടത്തുക. ഇക്വിറ്റി ഇന്റലിജന്‍സ് ഓഹരി വിപണിയില്‍ പൂര്‍ണമായും നിക്ഷേപം നടത്തിത്തന്നെയാണ് മുന്നോട്ട് പോകുന്നത്. പക്ഷേ നിക്ഷേപകര്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. വാസ്തവത്തില്‍ രാജ്യത്തെ പരിചയസമ്പത്തുള്ള ഫണ്ട് മാനേജര്‍മാരും വിപണി നിരീക്ഷകരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജാഗ്രതയോടെയാണ് ചുവടുവെയ്പ്പുകള്‍ നടത്തുന്നത്. അവര്‍ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. 40-50 ശതമാനം സ്മോള്‍, മിഡ് ക്യാപ് ഓഹരികള്‍ ഇപ്പോഴും ഉയര്‍ന്ന തലത്തിലാണ്. എന്നിരുന്നാലും സമീപകാലത്തെ തിരുത്തലുകള്‍ ഈ മേഖലയില്‍ ആകര്‍ഷകമായ നിക്ഷേപ അവസരങ്ങളും തുറന്നിട്ടുണ്ട്.
ഓഹരി വിപണിയുടെ ഭാവിയിലെ പ്രകടനം സുസ്ഥിരമായ വരുമാന വളര്‍ച്ചയെയും സാമ്പത്തിക മേഖലയിലെ ഉണര്‍വിനെയും അങ്ങേയറ്റം ആശ്രയിച്ചിരിക്കുന്നു.
ഡോ. വി.കെ വിജയകുമാര്‍, ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
വിപണി അതിന്റെ താഴേത്തട്ടിലെത്തിയെന്നാണ് നിഗമനം. വാല്വേഷന്‍ ന്യായമായ തലത്തിലേക്ക് എത്തിയതിനാല്‍ ഇനി വലിയൊരു തിരുത്തല്‍ സംഭവിച്ചേക്കാന്‍ ഇടയില്ല. പക്ഷേ നീണ്ടുനില്‍ക്കുന്ന സുസ്ഥിരമായ റാലി അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ട. ഏത് മുന്നേറ്റം വന്നാലും ആ സമയം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അത് വിറ്റൊഴിയാനുള്ള അവസരമാക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ചൈനയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്ന പദ്ധതികള്‍ അവര്‍ക്ക് ഗുണകരമാകുന്നുണ്ട്. ചൈനീസ് ഓഹരികള്‍ ആകര്‍ഷകമായ വാല്വേഷനിലും ലഭ്യമാണ്. ഇതൊരു ഹ്രസ്വകാല തന്ത്രമായിരിക്കാം. പക്ഷേ സമീപകാലത്തെ തിരുത്തലിന് ശേഷവും ഉയര്‍ന്ന വാല്വേഷനില്‍ തന്നെ തുടരുന്ന ഇന്ത്യന്‍ വിപണിയേക്കാള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചൈനീസ് വിപണിയെയാകും കൂടുതല്‍ താല്‍പ്പര്യത്തോടെ പരിഗണിക്കുക.
വളര്‍ച്ചയിലും വരുമാനത്തിലും തിരിച്ചുവരവ് പ്രകടമാകുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും റാലി പ്രതീക്ഷിക്കാം. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ജിഡിപി കണക്കുകളും 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ വരുമാന കണക്കുകളുമാകും ഇതിന് അവലംബമാകാന്‍ സാധ്യത.
ഓഹരി വിപണിയിലെ നിക്ഷേപ സമയത്തെ കുറിച്ച് പ്രവചനം നടത്തുക അസാധ്യമാണ്. ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ നല്ല ഗുണനിലവാരമുള്ള ലാര്‍ജ് ക്യാപ് ഓഹരികള്‍ പതുക്കെ വാങ്ങിക്കൂട്ടുക. നിഫ്റ്റി 500ല്‍ വരുന്ന ലാര്‍ജ് ക്യാപുകള്‍, മിഡ് ക്യാപുകള്‍, സ്മോള്‍ ക്യാപുകള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ഫോക്കസ് കൊടുക്കേണ്ടത്. വിശാല വിപണി വന്‍തോതിലുള്ള തിരുത്തലിനാണ് വിധേയമായിരിക്കുന്നത്. അതുകൊണ്ട് തന്നെ താരതമ്യേന ന്യായമായ തലത്തിലുമാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം കാരണം ആഭ്യന്തര തലത്തില്‍ തന്നെ ഉയര്‍ന്ന ഉപഭോഗമുള്ള മേഖലകളില്‍ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കാം. ഫിനാന്‍ഷ്യല്‍, ടെലികോം, ഏവിയേഷന്‍, ഹോട്ടല്‍ തുടങ്ങിയവയാണവ. നിലവിലെ താരിഫ് യുദ്ധം ഈ മേഖലകളെ ഗണ്യമായി സ്വാധീനിച്ചേക്കില്ല. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഏതെങ്കിലും വിധമുള്ള വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടാല്‍ അതുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് ഗുണകരമാകും. അതുകൊണ്ട് നിക്ഷേപകര്‍ സാഹചര്യത്തിന് അനുയോജ്യമായ വഴക്കമുള്ള തന്ത്രങ്ങള്‍ പയറ്റുന്നതാകും ഉചിതം.
അക്ഷയ് അഗര്‍വാള്‍, മാനേജിംഗ് ഡയറക്റ്റര്‍, അക്യുമെന്‍
ഭാവി സാഹചര്യങ്ങളെ കുറിച്ച് നിക്ഷേപകര്‍ക്കുള്ള പ്രതീക്ഷകള്‍ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഓഹരി വിപണി സമ്പദ്വ്യവസ്ഥയുടെ കണ്ണാടിയാണ്. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമ്പോള്‍ കമ്പനികള്‍ വലിയ ലാഭം നേടുന്നു. ഓഹരി വിലകള്‍ ഉയരുന്നു. ശക്തമായ സമ്പദ്വ്യവസ്ഥയാണ് ഉയരങ്ങളിലേക്ക് പോകുന്ന ഓഹരി വിപണിയെ പിന്തുണയ്ക്കുന്നത്. നാണ്യപ്പെരുപ്പം കുറയുന്നതും പലിശ നിരക്ക് ഇനിയും കുറയ്ക്കാനുള്ള സാഹചര്യവും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമേകും. ഇന്‍കം ടാക്സ് ഇളവുകളും എട്ടാം ശമ്പള കമ്മീഷന്‍ പരിഷ്‌കരണം നടപ്പാക്കുന്നതും വരും പാദങ്ങളില്‍ ഉപഭോക്തൃ ചെലവ് കൂട്ടിയേക്കും. അത് സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണി ഗണ്യമായ തിരുത്തലിന് വിധേയമായിട്ടുണ്ട്. ആഗോള, ആഭ്യന്തര ഘടകങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നികുതി യുദ്ധമാണ് സമീപകാലത്തെ വിപണിയിലെ തിരുത്തലിന് ഒരു പ്രധാന കാരണം. വാണിജ്യ രംഗത്തെ തര്‍ക്കങ്ങള്‍ ആഗോള വിപണികളില്‍ അസ്ഥിരത സൃഷ്ടിച്ചിട്ടുണ്ട്. ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അമിത വാല്വേഷനാണ് തിരുത്തലിനുള്ള മറ്റൊരു കാരണം. 2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ഫലങ്ങള്‍ ഈ ഉയര്‍ന്ന വാല്വേഷനെ ന്യായീകരിക്കുന്നതായിരുന്നില്ല. ഒട്ടനവധി മിഡ് ക്യാപ് ഓഹരികള്‍ നിരാശാജനകമായ ഫലമാണ് പുറത്തുവിട്ടത്. ഭാവി വളര്‍ച്ചാ പ്രതീക്ഷയും ദുര്‍ബലമായിരുന്നു.
പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്റ്റര്‍, ഡിബിഎഫ്എസ്
ഓഹരി വിപണിയില്‍ സമീപകാലത്തുണ്ടായ തിരുത്തല്‍ മൂലം വിപണി അതിന്റെ താഴ്ന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതൊരു ഹ്രസ്വകാല പ്രവണതയാണോ, അതോ ഇനിയും താഴേയ്ക്ക് പോകുമോ എന്ന സംശയം കാണാം. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയും ആഭ്യന്തരവും ആഗോളതലത്തിലുള്ളതുമായ ഒട്ടനവധി കാരണങ്ങളും ഇപ്പോഴത്തെ തിരുത്തലിന് കാരണമായിട്ടുണ്ട്. ഇതുമൂലം പല ഓഹരികളും ന്യായമായ തലത്തിലേക്ക് വന്നതുകൊണ്ട് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടുമൊരു വാങ്ങലിന് തയാറായേക്കും എന്ന നിഗമനത്തിലാണ്, വിപണി താഴ്ചയിലെത്തിയതെന്ന നിരീക്ഷണം നമുക്ക് നടത്താനാവുക.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂലധന നേട്ട നികുതി സംബന്ധിച്ച മാറ്റങ്ങള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല.
വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന തുടര്‍ന്നാല്‍ തന്നെയും വിപണി മെച്ചപ്പെടാനുള്ള സാഹചര്യവും ഇപ്പോഴുണ്ട്. ആഭ്യന്തര നിക്ഷേപം
വിപണിയിലേക്ക് ഒഴുകുന്നുണ്ട്. ഒപ്പം തന്നെ ഇന്ത്യന്‍ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ തന്നെ ഇപ്പോള്‍ വാങ്ങലുകാരായി വരുന്നുണ്ട്. വാല്വേഷന്‍ ആകര്‍ഷകമായതുകൊണ്ട് വിപണി തിരിച്ചുവരാം. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ചോ, ഡീസലും പെട്രോളുമെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചോ ഒക്കെ നയതീരുമാനങ്ങള്‍ കൂടി വന്നാല്‍ വിപണിക്ക് ഉത്തേജകമാകും. ദീര്‍ഘകാല ഘടകങ്ങളില്‍ വലിയ മാറ്റമില്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തോടെ ഓഹരി വിപണിയില്‍ തിരിച്ചുകയറ്റമുണ്ടാകുമെന്നാണ് എന്റെ നിഗമനം.
വിപണി ഒരിക്കലും നേര്‍രേഖയില്‍ സഞ്ചരിക്കില്ല. ഒരു റാലി കഴിയുമ്പോള്‍ വാല്വേഷനുകള്‍ ഉയര്‍ന്ന തലത്തിലെത്തും. അവിടെ ഒരു തിരുത്തല്‍ സ്വാഭാവികം. ഇവിടെ ഇപ്പോള്‍ ഏതെങ്കിലും ഒരു സംഭവത്തിന്റെ പേരിലുള്ള തിരുത്തലല്ല, മറിച്ച് നിരവധി ഘടകങ്ങള്‍ അതിന് പിന്നിലുണ്ട്. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരം മാര്‍ക്കറ്റ് താഴുന്നതാണ്. എസ്ഐപി വഴി നിക്ഷേപം നടത്തുന്നവര്‍ക്ക് പോലും മാര്‍ക്കറ്റ് താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ കിട്ടും. ഇപ്പോള്‍ നിക്ഷേപം നടത്തിയവര്‍ മാര്‍ക്കറ്റ് താഴേയ്ക്ക് വരുമ്പോള്‍ നിലവില്‍ കൈവശമുള്ള ഓഹരികള്‍ തന്നെ വീണ്ടും വാങ്ങുന്നതിന് പകരം കൂടുതല്‍ നല്ല ഓഹരികള്‍ വാങ്ങാം.
നമ്മുടെ സാമ്പത്തിക ലക്ഷ്യമെന്താണ്? എത്ര തുക നിക്ഷേപിക്കാന്‍ പറ്റും? എത്രകാലം നിക്ഷേപം തുടരാം എന്നതൊക്കെ നോക്കി ഒരു ഓഹരിയില്‍ തന്നെ നിക്ഷേപിക്കാതെ പോര്‍ട്ട്ഫോളിയോ സമീപനം സ്വീകരിക്കണം. പല സെക്ടറുകളില്‍ നിന്ന് നല്ല ഓഹരികള്‍ കണ്ടെത്തി, എട്ടോ പത്തോ ഓഹരികളുടെ പോര്‍ട്ട്ഫോളിയോ ഉണ്ടാക്കി നിക്ഷേപം നടത്തുകയാണ് എല്ലാക്കാലത്തും ചെയ്യേണ്ടത്. മാര്‍ക്കറ്റ് താഴുമ്പോള്‍ ഈ സമീപനം കൂടുതല്‍ പ്രസക്തമാണ്. മിഡ് ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ അത് പതുക്കെ ഒഴിവാക്കി നല്ല ഫണ്ടമെന്റലുകളുള്ള ലാര്‍ജ് ക്യാപ് ഓഹരികളിലേക്ക് മാറണം.
അര ശതമാനം വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. അടുത്ത എട്ട് പത്ത് വര്‍ഷത്തിനുള്ള നമ്മുടെ സമ്പദ്വ്യവസ്ഥ പുതിയ തലത്തിലേക്കെത്തും. നേരത്തെ വാങ്ങിയ മിഡ്ക്യാപില്‍ തന്നെ വീണ്ടും താഴ്ന്ന തലത്തില്‍ നിക്ഷേപം നടത്തി ആവറേജിംഗ് നടത്താന്‍ നില്‍ക്കാതെ നല്ല ലാര്‍ജ് ക്യാപ് ഓഹരികള്‍ ന്യായമായ തലത്തില്‍ വാങ്ങുക.
രാംകി, എംഡി & സിഇഒ, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ്
2024 സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസം വരെ ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം വിദേശ നിക്ഷേപക സ്ഥാപനങ്ങളായിരുന്നു. ആഭ്യന്തര നിക്ഷേപത്തിന്റെ കരുത്തിലായിരുന്നു അത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുന്നത് വലിയൊരു നെഗറ്റീവ് കാര്യമായി ഞാന്‍ കാണുന്നില്ല. കാരണം അവര്‍ വില്‍ക്കുന്നതിനേക്കാള്‍ ഫണ്ടുകള്‍ ആഭ്യന്തര നിക്ഷേപകരും ചെറുകിട നിക്ഷേപകരും വാങ്ങിക്കൂട്ടിയിട്ടുണ്ട്. മറിച്ച് നമ്മുടെ മാര്‍ക്കറ്റ് വാല്വേഷന്‍ വളരെ ഉയര്‍ന്ന തലത്തിലാണ് സെപ്റ്റംബര്‍-ഒക്ടോബര്‍ വരെ ട്രേഡ് ചെയ്തിരുന്നത്. അതില്‍ സംഭവിച്ച തിരുത്തല്‍ കൂടിയാണ് നാം കണ്ടത്.
ഏഷ്യയിലെ ഇതര വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് വിപണി മൂന്ന് വര്‍ഷക്കാലത്തിനിടയിലെ താഴ്ന്ന തലത്തിലാണ് ട്രേഡ് ചെയ്തിരുന്നത്. ജപ്പാനില്‍ കുറേക്കാലങ്ങളായി അണ്ടര്‍ വാല്വേഷനാണ്. ഇതൊക്കെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. അവര്‍ ജപ്പാനിലേക്കും ചൈനയിലേക്കും വലിയ തോതില്‍ ഫണ്ട് മാറ്റിയിട്ടുണ്ട്. പക്ഷേ, ചെറുകിട നിക്ഷേപകരുടെ സാന്നിധ്യവും ആഭ്യന്തര ഫണ്ടുകളുടെ നിക്ഷേപവും പരിഗണിക്കുമ്പോള്‍ ഇത് ഇന്ത്യന്‍ വിപണിയെ വലിയ തോതില്‍ ബാധിക്കില്ല.
കോവിഡ് കാലത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പുതിയ നിക്ഷേപകര്‍ ഒട്ടേറെ എത്തിയിട്ടുണ്ട്. മൂന്ന് നിക്ഷേപകരെ എടുത്താല്‍ അതില്‍ രണ്ടുപേര്‍ പുതിയ ആള്‍ക്കാരാണ്. അവര്‍ക്ക് വിപണിയുടെ സ്വഭാവത്തെ കുറിച്ചോ, നിക്ഷേപരീതികളെ കുറിച്ചോ കാര്യമായ അറിവുണ്ടായിരുന്നില്ല. എന്നിരുന്നാലും കാര്യമൊന്നുമറിയാതെ എളുപ്പത്തില്‍ പണം കിട്ടുമെന്ന പ്രതീക്ഷിയില്‍ അറിയാത്ത കാര്യങ്ങളില്‍ നിക്ഷേപം നടത്തി. വിപണി താഴ്ന്നപ്പോള്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഭയചകിതരായിട്ടുണ്ട്. വിപണിയില്‍ ഇപ്പോള്‍ സംഭവിച്ച തിരുത്തല്‍ എന്തുകൊണ്ടും നല്ലകാര്യമാണ്. വാല്വേഷന്‍ ന്യായമായ തലത്തിലെത്തും. വിപണി ഇനി കോവിഡ് കാലത്തിന് മുമ്പത്തെ സ്ഥിതിയിലേക്ക് പോയേക്കും. ന്യായമായ നേട്ടമേ വിപണിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിക്കൂ. സണ്‍റൈസ് സെക്ടറുകളിലും തീരെ താഴെ കിടന്ന നല്ല ഓഹരികളിലും നല്ല നേട്ടമുണ്ടായേക്കാം.
യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ നിക്ഷേപകര്‍ ഭാഗ്യവാന്മാരാണ്. ജനറേറ്റീവ് എഐ പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ കമ്പനികള്‍ ഉള്‍ച്ചേര്‍ക്കുമ്പോള്‍ ലാഭക്ഷമത കൂടും. മുമ്പ് ഡാറ്റ സെന്റര്‍ സ്റ്റോക്കുകളില്‍ വലിയ നേട്ട പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ചൈന ഡീപ്സീക്ക് കൊണ്ടുവന്നതോടെ മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ ഡാറ്റ സെന്റര്‍ നിക്ഷേപം പുനരവലോകനം ചെയ്തിട്ടുണ്ട്. ഇത് ഡാറ്റ സെന്റര്‍ സ്റ്റോക്കുകളില്‍ ഇടിവുണ്ടാക്കിയിട്ടുമുണ്ട്. അമേരിക്കയില്‍ 5,400 ഡാറ്റ സെന്ററുകളുള്ളപ്പോള്‍ ഇന്ത്യയില്‍ ഇത് വെറും 160 എണ്ണമാണുള്ളത്. അതുകൊണ്ട് ഇവിടെ ഈ രംഗത്ത് ഇനിയും മുന്നേറ്റം കണ്ടേക്കാം.
പുതിയ നിക്ഷേപകര്‍ ഇതുവരെ ധാരാളം അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തിരുത്തിക്കൊണ്ട് തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരുഭാഗം മാത്രമാണ്,
പ്രായം കൂടി കണക്കിലെടുത്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പാടുള്ളൂ. 10-15 ശതമാനം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നല്ലതാകും. ചെറിയ കുട്ടികള്‍ ഉള്ളവരാണെങ്കില്‍ കുട്ടികള്‍ക്കായി എന്‍പിഎസ് വാത്സല്യ നല്ലൊരു നിക്ഷേപമാര്‍ഗമാണ്.
വരും നാളുകളില്‍ ജനറേറ്റീവ് എഐ ഒക്കെ വലിയ ഡിസ്റപ്ഷന്‍ കൊണ്ടുവരും. നിത്യജീവിതത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സെക്ടറുകളില്‍ നിക്ഷേപം നടത്തുക. അതായത് ഫാര്‍മ, ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍, ടെലികോം സെക്ടറുകളിലെ നല്ല ഫണ്ടമെന്റലുകള്‍ ഉള്ള ഓഹരികളില്‍ ദീര്‍ഘകാലയളവിലേക്ക് നിക്ഷേപം നടത്തുക. ടെക്നോളജി രംഗം പ്രവചനാതീതമാണ്. ക്വോണ്ടം കംപ്യൂട്ടിംഗ് യാഥാര്‍ത്ഥ്യമാവുമ്പോള്‍ വലിയ ഡിസ്റപ്ഷന്‍ ഇനിയും വരും.
ഇതിലും ചൈനതന്നെയാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. അടുത്ത നമ്മുടെ ബ്ലാക്സ്വാന്‍ ഇവന്റായി വരുന്നത് ക്വാണ്ടം കംപ്യൂട്ടിംഗാണ്. വളരെ ജാഗ്രതയോടെ മുന്നോട്ട് പോവുക. വന്‍ കോര്‍പ്പറേറ്റുകള്‍ പുതിയ മേഖലയിലേക്ക് കടക്കുമ്പോള്‍ അത് തുറന്നിടുന്ന അവസരങ്ങള്‍ നിക്ഷേപകര്‍ നോക്കുക. എഐ ടൂളുകള്‍ ഉണ്ടാക്കുന്ന കമ്പനികളുടെ അവസരങ്ങള്‍ ശ്രദ്ധിക്കുക. ഷിപ്പ് ബില്‍ഡിംഗ്, പ്രത്യേകിച്ച് കൊമേഴ്സ്യല്‍ ഷിപ്പുകളുടെ നിര്‍മാണ രംഗത്തുള്ള കമ്പനികളില്‍ നിക്ഷേപം നടത്തുക. ചുരുക്കിപ്പറഞ്ഞാല്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മേഖലകളിലെ നല്ല കമ്പനികളില്‍ നിക്ഷേപം നടത്തുക.
ധനം മാഗസിന്‍ മാര്‍ച്ച് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine