നഷ്ടത്തിൽ നിന്നും കരകയറാൻ വിപണി പൊരുതുന്നു; മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലേക്ക്

ഇടിവോടെ തുടങ്ങിയെങ്കിലും വ്യാപാരം പുരോ​ഗമിക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണി നഷ്ടം കുറയ്ക്കാനുള്ള പരിശ്രമത്തിൽ; മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലേക്ക് തിരിച്ചെത്തി
indian stock market trend analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ഇന്ന് (നവംബർ 13) രാവിലെ താഴ്ന്നു തുടങ്ങി, കൂടുതൽ ഇടിഞ്ഞ വിപണി പിന്നീടു നഷ്‌ടം ഗണ്യമായി കുറച്ചു. നിഫ്റ്റി സൂചിക 25,077 വരെ ഇടിഞ്ഞ ശേഷം 25,200നു മുകളിൽ എത്തി. സെൻസെക്സ് സൂചിക 81,300 വരെ താഴ്ന്നിട്ട് 81,720നു മുകളിൽ കയറി. 60,862 നിലവാരത്തിലേക്ക് വരെ വീണ ബാങ്ക് നിഫ്റ്റി സൂചിക തിരികെ 61,060നു മുകളിലേക്ക് തിരിച്ചെത്തി. മിഡ് ക്യാപ്-100, സ്‌മോൾ ക്യാപ്-100 എന്നീ സൂചികകൾ നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു മാറി.

നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (Q2 FY27) മികച്ച റിസൽട്ട് കാഴ്ചവെച്ചതിനെ തുടർന്ന് ഹിറ്റാച്ചി എനർജി ഓഹരി 12 ശതമാനം കുതിച്ചു. നഷ്ടം വർധിപ്പിച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഒല ഇലക്ട്രിക് നാലു ശതമാനത്തോളം ഇടിഞ്ഞു. സീ എൻ്റർടെയ്ൻമെൻ്റ് എൻ്റർപ്രൈസസ് ഒന്നിനു 91 രൂപ വച്ച് 600 കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങാൻ (Share buyback) തീരുമാനിച്ചു. തിരിച്ചുവാങ്ങൽ അളവ് പ്രതീക്ഷിച്ചതിലും കുറവായത് ഓഹരിയെ നാലു ശതമാനം നഷ്ടത്തിലാക്കി.

മണപ്പുറം ഫിനാൻസിൻ്റെ സ്വർണപ്പണയ വായ്‌പകൾ ഇരട്ടിച്ചു. കമ്പനിയുടെ രണ്ടാം പാദ വരുമാനം 10 ശതമാനം കൂടിയപ്പോൾ അറ്റാദായം മൂന്നു മടങ്ങിൽ അധികമായി. ഓഹരി ആദ്യം താഴ്ന്ന ശേഷം രണ്ടു ശതമാനത്തിലധികം കയറി.

ആംബർ എൻ്റർപ്രൈസസിൻ്റെ വരുമാനം 12.72 ശതമാനം കുതിച്ചെങ്കിലും കമ്പനിയുടെ അറ്റാദായം 98.4 ശതമാനം ഇടിഞ്ഞു. ഓഹരി അഞ്ചു ശതമാനം ഉയർന്നു. ഓസ്വാൾ പമ്പ്‌സിൻ്റെ രണ്ടാം പാദ വരുമാനവും ലാഭവും തന്നതിനെ തുടർന്ന് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

പിടിച്ചുനിന്ന് രൂപ; ക്രൂഡ് മുകളിലേക്ക്

ഫോറക്സ് വിപണിയിൽ രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 94.04 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 94.18 രൂപ വരെ ഉയർന്നു.

ലോക വിപണിയിൽ സ്വർണം കയറുകയാണ്. രാവിലെ സ്വർണം ഔൺസിനു 3922 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നിട്ടു തിരിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 95.71 ഡോളറും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 88.40 ഡോളറും ആയി. ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴുകയാണ്. ബിറ്റ്കോയിൻ 69,300 ഡോളറിനും ഈഥർ 1960നും സെലാന 79.50നും താഴെയെത്തി.

Indian equity benchmarks recovered from their morning lows, while stock-specific moves followed quarterly results and corporate announcements.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```