

പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിന്റെ ആവേശത്തില്‍ ഇന്ത്യന്‍ വിപണി ഇന്നു രാവിലെ കുതിച്ചു കയറി. നിഫ്റ്റി 50 സൂചികയില്‍ ഒഎന്‍ജിസിയും കോള്‍ ഇന്ത്യയും ഒഴികെ എല്ലാ ഓഹരികളും ഉയര്‍ന്നു. മുഖ്യ സൂചികകള്‍ മൂന്നു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. സെന്‍സെക്‌സ് 77,000 നു മുകളിലും നിഫ്റ്റി 23,900 നു മുകളിലും എത്തി.
റിസര്‍വ് ബാങ്കിന്റെ പണനയം ഉടന്‍ വരും. അതിനു ശേഷം വിപണി കുറേക്കൂടി കയറും എന്നു കരുതപ്പെടുന്നു.
ക്രൂഡ് ഓയില്‍ വില 15 ശതമാനത്തോളം താഴ്ന്നതും കരാര്‍ ഉണ്ടാക്കാന്‍ ഈയാഴ്ച യുഎസ്-ഇറാന്‍ ചര്‍ച്ച തുടങ്ങുന്നതും വിപണിയെ വലിയ പ്രതീക്ഷയിലേക്ക് ഉയര്‍ത്തി. കരാര്‍ ഉണ്ടായാല്‍ ക്രൂഡ് വില മേയ് അവസാനത്തോടെ 70 ഡോളറിനു താഴെ ആകുമെന്നാണു നിഗമനം. ക്രൂഡ് താഴ്ന്നതുകൊണ്ട് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഏഴു ശതമാനത്തോളം കുതിച്ചു.
കുറഞ്ഞ ക്രൂഡ് വിലയും വെടിനിര്‍ത്തലും വ്യോമഗതാഗതത്തെ പഴയ രീതിയിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ഓഹരി പത്തു ശതമാനം കുതിച്ചു.
ഗള്‍ഫില്‍ ധാരാളം കരാര്‍ ജോലികള്‍ ഉള്ള എല്‍ ആന്‍ഡ് ടിയുടെ ഓഹരി ഏഴു ശതമാനത്തിലധികം കയറി.
വാഹനങ്ങള്‍, ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ടൂറിസം, കാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലകള്‍ രാവിലെ നാലു ശതമാനത്തിലധികം മുന്നേറി.
രൂപ ഇന്നു നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ 37 പൈസ കുറഞ്ഞ് 92.64 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ 92.59 രൂപയിലേക്കു താഴ്ന്നിട്ട് 92.65 രൂപയിലേക്കു കയറി. വീണ്ടും താഴ്ന്ന ഡോളര്‍ 92.55 രൂപയില്‍ എത്തി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 4800 ഡോളറിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 2920 രൂപ കൂടി 1,12,800 രൂപയായി.
ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 94.62 ഡോളറിലേക്ക് എത്തി.
10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില, നിക്ഷേപനേട്ടം 6.95 ശതമാനമായി കുറയുന്ന വിധം കൂടി. ഇന്നലെ 7.05 ശതമാനമായിരുന്നു നിക്ഷേപനേട്ടം.
Read DhanamOnline in English
Subscribe to Dhanam Magazine