

പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയ അവലോകനം നടത്തി. ഏകകണ്ഠമായാണ് തീരുമാനം.
റീപോനിരക്ക് 5.25 ശതമാനത്തില്‍ തുടരും. എസ്ഡിഎഫ് അഞ്ചു ശതമാനത്തിലും എംഎസ്എഫ് 5.5 ശതമാനത്തിലും തുടരും. പണനയ സമീപനം ന്യൂട്രല്‍ ആയി തുടരും.
ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച 7.4 ശതമാനമായി ഉയര്‍ത്തി. അടുത്ത വര്‍ഷം ആദ്യ രണ്ടു പാദങ്ങളിലെ വളര്‍ച്ച പ്രതീക്ഷയും കൂട്ടി.
ഈ വര്‍ഷത്തെ ചില്ലറ വിലക്കയറ്റ വളര്‍ച്ച രണ്ടില്‍ നിന്ന് 2.1 ശതമാനമാക്കി. നാലാം പാദത്തിലെ വിലക്കയറ്റ പ്രതീക്ഷ 2.9ല്‍ നിന്ന് 3.2 ശതമാനമായി കൂട്ടി. അടുത്ത വര്‍ഷവും കൂടുതല്‍ വിലക്കയറ്റം കണക്കാക്കുന്നു.
ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പണനയ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അറിയിച്ചത്. വിപണി പ്രതീക്ഷിച്ചിരുന്ന തീരുമാനം തന്നെയാണ് ഉണ്ടായത്. അതുകൊണ്ട് സൂചികകളോ ഓഹരികളോ കാര്യമായ കയറ്റിറക്കം നടത്തിയില്ല. പ്രസ്താവന തുടങ്ങും മുന്‍പത്തെ നിലയില്‍ സൂചികകളും ഡോളറും തുടര്‍ന്നു.
ഇന്നും ഐടി ഓഹരികള്‍ താഴ്ചയിലായി. ആന്ത്രോപിക് എഐ ഭീഷണി ഗുരുതരമാണെന്ന് അനാലിസ്റ്റുകള്‍ വിലയിരുത്തുന്നു.
മൂന്നാം പാദത്തില്‍ മികച്ച വരുമാന-ലാഭ വളര്‍ച്ച നേടിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയില്‍ നൈക (എഫ്എസ്എന്‍ ഇ) രാവിലെ അഞ്ചു ശതമാനം കുതിച്ചു.
മൂന്നാം പാദത്തില്‍ കമ്പനി നഷ്ടത്തിലായെങ്കിലും ടാറ്റാ മോട്ടോഴ്‌സ് പിവി ഓഹരി രാവിലെ ഒന്നര ശതമാനം ഉയര്‍ന്നു. പിന്നീടു നേട്ടം കുറച്ചു.
ലാഭം 55 ശതമാനം താഴ്‌ന്നെങ്കിലും ഭാരതി എയര്‍ടെല്‍ ഒന്നര ശതമാനം കയറി. ലാഭം 90 ശതമാനം വര്‍ധിപ്പിച്ച ഹിറ്റാച്ചി എനര്‍ജി വരുന്ന പാദത്തിലേക്ക് ഇരട്ടയക്ക ലാഭവര്‍ധന പ്രതീക്ഷിക്കുന്നു: ഓഹരി 14 ശതമാനം കുതിച്ചു.
ആര്‍ഇസി, പിഎഫ്‌സി, ഹഡ്‌കോ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ ഇന്നു മൂന്നു ശതമാനം വരെ ഇടിവിലായി.
സ്വര്‍ണം, വെള്ളി വിലകളിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന് അവയുടെ ഇടിഎഫുകള്‍ ഇന്ന് താഴ്ന്നു.
രൂപ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ എട്ടു പൈസ കുറഞ്ഞ് 90.24 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ 90.18 രൂപയിലേക്കു താഴ്ന്നിട്ട് 90.24 രൂപയിലേക്കു കയറി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 4,822 ഡോളറിലാണ്. നേരത്തേ 4,654 ഡോളര്‍ വരെ താഴ്ന്നിരുന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയില്‍ എത്തി.
എംസിഎക്‌സില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,50,843 രൂപ വരെ കയറി.
വെള്ളി ലോകവിപണിയില്‍ ഔണ്‍സിന് 72.85 ഡോളറിലാണ്. എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 2,34,063 രൂപ വരെ കയറി.
ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം ബാരലിന് 67.69 ഡോളറിലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine