

ക്രൂഡ് ഓയില്‍ 95 ഡോളര്‍ കടന്നതും ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ അനിശ്ചിതത്വത്തിലായതും ഇന്ത്യന്‍ വിപണിയെ ഇന്നു ചാഞ്ചാട്ടത്തിലാക്കി. രാവിലെ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം കൂടുതല്‍ നഷ്ടത്തിലേക്കു മാറി. അതിനു ശേഷം വിപണി നേട്ടത്തിലായി.
സെന്‍സെക്‌സ് രാവിലെ 83,754 വരെ താഴുകയും 84,326 വരെ കയറുകയും ചെയ്തു. നിഫ്റ്റി 25,733നും 25,880നും ഇടയില്‍ കയറിയിറങ്ങി. ഈ വര്‍ഷം പഞ്ചസാര ഉല്‍പാദനം ഗവണ്മെന്റ് കണക്കാക്കിയതിലും കുറവാകുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ കണക്കാക്കുന്നു.
പഞ്ചസാര വില വല്ലാതെ വര്‍ധിക്കും എന്നാണു കരുതുന്നത്. പഞ്ചസാരമില്‍ കമ്പനി ഓഹരികള്‍ കുതിച്ചു കയറി. ധാംപുര്‍ 13 -ഉം അവധ് എട്ടും ഉത്തം പത്തും ബജാജ് ഒന്‍പതും ശ്രീ രേണുക 11ഉം ശക്തി ഏഴും ശതമാനം കയറി.
അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ നല്‍കേണ്ടി വരും. നമ്മളോടു മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കു ലഭിക്കും. ഈ സാഹചര്യത്തില്‍ വസ്ത്ര കയറ്റുമതി കമ്പനികള്‍ ഇന്നു നഷ്ടത്തിലായി. ഗോകല്‍ദാസ്, പേള്‍ ഗ്ലോബല്‍, ട്രൈഡന്റ് തുടങ്ങിയവ രാവിലെ താഴ്ന്നു. പിന്നീട് പലതും നേട്ടത്തിലായി.
ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരനെ നിയമിക്കാനുള്ള കമ്പനി ബോര്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ടാറ്റാ ട്രസ്റ്റുകള്‍ തീരുമാനിച്ചു. നിയമയുദ്ധം ടാറ്റാ ഗ്രൂപ്പില്‍ നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിനു വഴിതെളിക്കും.
മൂലധന വര്‍ധന പരിഗണിക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗം അവസാന നിമിഷം കാന്‍സല്‍ ചെയ്തത് എസ്ജി മാര്‍ട്ട് ഓഹരിയെ ഇന്നലെ 20 ശതമാനം ഇടിവിലാക്കി. ഇന്നു രാവിലെ ഓഹരി വീണ്ടും ആറു ശതമാനം താഴ്ന്നു. ഒരാഴ്ച മുന്‍പ് വരെ കയറ്റത്തിലായിരുന്നു എസ്ജി മാര്‍ട്ട്. ടാറ്റാ സ്റ്റീലുമായി വിവാദ കൈമാറ്റത്തിനു കരാര്‍ ഉണ്ടാക്കിയ എപിഎല്‍ അപ്പോളോയുടെ പ്രൊമോട്ടര്‍ സഞ്ജയ് ഗുപ്തയുടെ കൂടുംബത്തിന്റെ വകയാണ് എസ്ജി മാര്‍ട്ട്. ഇതേ ഗ്രൂപ്പിലെ എസ്ജി ഫിന്‍സെര്‍വും ഇന്നലെ 20 ശതമാനം ഇടിഞ്ഞിട്ട് ഇന്നുരാവിലെ വീണ്ടും താഴ്ന്നു.
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ 34 പൈസ കൂടി 92.55 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു 92.33 രൂപ വരെ താഴ്ന്നിട്ട് 92.57 രൂപയിലേ കയറി.
ലോകവിപണിയില്‍ സ്വര്‍ണം ചാഞ്ചാടുകയാണ്. രാവിലെ ഔണ്‍സിന് 3555 ഡോളര്‍ വരെ താഴ്ന്ന വില പിന്നീടു 3592 ഡോളറിലേക്കു കയറി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1920 രൂപ വര്‍ധിച്ച് 92,310 രൂപയായി.
രാവിലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രെന്റ് ഇനം 95.34 ഡോളറും ഡബ്‌ള്യുടിഐ ഇനം 84.42 ഡോളറും ആയി.
Read DhanamOnline in English
Subscribe to Dhanam Magazine