

വലിയ ആവേശത്തോടെ ദീപാവലി വാരത്തിന് വിപണി തുടക്കമിട്ടു. രാവിലെ നിഫ്റ്റി 25,926.50 വരെയും സെന്‍സെക്‌സ് 84,656.56 വരെയും
കയറിയ ശേഷം ലാഭമെടുക്കലിനെ തുടര്‍ന്ന് അല്‍പം താഴ്ന്നു. പിന്നീടു വീണ്ടും കയറ്റമാരംഭിച്ചു. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും കയറ്റത്തിലാണ്. പൊതുമേഖലാ ബാങ്കുകളും ഐടിയും ഓയില്‍-ഗ്യാസും കുതിപ്പിനു നേതൃത്വം നല്‍കി.
പ്രതീക്ഷയിലും മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്ന് 1,462 രൂപയില്‍ എത്തി.
കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ കുതിച്ചു റെക്കോര്‍ഡ് വിലയില്‍ എത്തി. എട്ടു ശതമാനത്തോളം ഉയര്‍ന്ന് 229 രൂപ വരെ കയറി. 220 രൂപയായിരുന്നു നേരത്തേ റെക്കോഡ്. ഓഹരിക്കു കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യവില ബ്രോക്കറേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗള്‍ഫിലെ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ഏറ്റെടുക്കാന്‍ പോകുന്ന ആര്‍ബിഎല്‍ ബാങ്ക് ഓഹരി ആദ്യം താഴ്ന്ന് 298 രൂപ ആയി. തുടര്‍ന്നു കയറി 314.90 രൂപയില്‍ എത്തി. പിന്നീടു നേട്ടം കുറച്ചു. ബാങ്ക് ഓഹരി ഒന്നിന് 280 രൂപ വച്ച് എമിറേറ്റ്‌സ് ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആ വിലയ്ക്കാണ് എമിറേറ്റ്‌സിന് പ്രിഫറന്‍ഷ്യല്‍ ഇഷ്യു നടത്തുന്നത്.
മികച്ച റിസല്‍ട്ട് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനെ എട്ടു ശതമാനം ഉയര്‍ത്തി.
രണ്ടാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഒന്നര ശതമാനം ഉയര്‍ന്നപ്പോള്‍ ഐസിഐസിഐ ബാങ്ക് രണ്ടര ശതമാനം വരെ താഴ്ന്നു.
വിവിധ സ്വര്‍ണം, വെള്ളി ഇടിഎഫുകള്‍ ഇന്ന് ഇടിഞ്ഞു. വിശിഷ്ട ലോഹങ്ങളുടെ വില ഇനി ഇടിയും എന്ന ആശങ്ക വിപണിയില്‍ പ്രകടമാണ്. സ്വര്‍ണ ഇടിഎഫുകള്‍ മൂന്നു ശതമാനം വരെ താഴ്ന്നപ്പോള്‍ വെള്ളി ഇടിഎഫുകള്‍ എഴു ശതമാനത്തോളം ഇടിവിലായി.
രണ്ടാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് യുടിഐ എഎംസി 10 ശതമാനം ഇടിഞ്ഞു. റിസല്‍ട്ട് വിപണിയുടെ പ്രതീക്ഷ പോലെ വരാത്തതു മൂലം അള്‍ട്രാടെക് സിമന്റ് രണ്ടു ശതമാനത്തോളം താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു.
തുടര്‍ച്ചയായ മൂന്നാമത്തെ പാദത്തിലും നഷ്ടം കാണിച്ച തേജസ് നെറ്റ് വര്‍ക്‌സ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ അഞ്ചു പൈസ താഴ്ന്ന് 87.93 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് ഡോളര്‍ 87.83 രൂപ വരെ താഴ്ന്നു. ഡോളര്‍ സൂചിക രാവിലെ 98.67 വരെ കയറിയിട്ട് താഴ്ന്ന് 98.45 ആയി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 4,218-4,272 ഡോളര്‍ പരിധിയില്‍ ചാഞ്ചാടിയിട്ട് 4,265 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയായി.
വെള്ളി വില അല്‍പം ഉയര്‍ന്ന് ഔണ്‍സിന് 52 ഡോളറില്‍ എത്തി. അവധിവില 50.78 ഡോളറിലാണ്.
ക്രൂഡ് ഓയില്‍ വില സാവധാനം താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 61.04 ഡോളര്‍ വരെ താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine