

മുന്‍ ദിവസങ്ങളിലെ ആലസ്യം വെടിഞ്ഞ് വിപണി ഇന്നു കയറ്റത്തിലായി. എങ്കിലും ചാഞ്ചാട്ട സ്വഭാവം മാറിയിട്ടില്ല. ഐടി ഓഹരികള്‍ രാവിലെ നഷ്ടത്തിലായി. സെന്‍സെക്‌സ് രാവിലെ 81,048 വരെയും നിഫ്റ്റി 24,845 വരെയും ഉയര്‍ന്നിട്ടു താഴ്ന്നു.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ തുടക്കത്തില്‍ ദൗര്‍ബല്യം കാണിച്ചിട്ടു പിന്നീടു നല്ല നേട്ടത്തിലായി
ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു ഓഹരികളെ മോര്‍ഗന്‍ സ്റ്റാന്‍ലി ഓവര്‍ വെയ്റ്റ് ആയി ഉയര്‍ത്തിയത് രണ്ട് ഓഹരിയും മൂന്നു ശതമാനം ഉയരാന്‍ കാരണമായി. സെയില്‍ 2.5 ശതമാനം ഉയര്‍ന്നു.
നൊമുറ റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് സ്വിഗ്ഗി മൂന്നു ശതമാനത്തോളം കയറി.
ജിഎസ്ടി കുറച്ചതിന്റെ നേട്ടം മുന്‍നിര്‍ത്തി ടാറ്റാ മോട്ടോഴ്‌സ് ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടിവിഎസ് മോട്ടോഴ്‌സും കയറി. മഹീന്ദ്ര കമ്പനി വിലക്കുറവ് ശനിയാഴ്ച മുതല്‍ നടപ്പാക്കിയതായി പ്രഖ്യാപിച്ചു. നേരത്തേ കമ്പനിയില്‍ നിന്ന് എടുത്ത വാഹനങ്ങള്‍ക്കു നികുതിയിളവു മൂലം വരുന്ന വ്യത്യാസം ഡീലര്‍മാരുമായി പങ്കുവയ്ക്കാന്‍ മഹീന്ദ്ര തയാറായിട്ടുണ്ട്.
പ്രൈം ഫോക്കസിന്റെ 1.2 കോടി ഓഹരികള്‍ ബള്‍ക്ക് ഇടപാടില്‍ കൈമാറി. ഓഹരിവില 10 ശതമാനം കുതിച്ചു. ഇന്ത്യന്‍ വിപണിയിലെ പ്രമുഖ നിക്ഷേപകരായ രമേഷ് ദമാനി, ഉത്പല്‍ ഷേഠ്, മധു കേല തുടങ്ങിയവര്‍ ഓഹരി വാങ്ങി. 142.50 രൂപയ്ക്കാണ് അവര്‍ ഓഹരി വാങ്ങിയത്. ഓഹരിയുടെ വിപണിവില രാവിലെ 174.20 രൂപ വരെ എത്തി.
പ്രതിരോധ സേനകളുടെ 15 വര്‍ഷ പദ്ധതിരേഖ പുറത്തുവന്നത് എച്ച്എഎല്‍, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, മസഗാേണ്‍ ഡോക്ക്, ഗാര്‍ഡന്‍ റീച്ച് തുടങ്ങിയവയെ ഉയര്‍ത്തി.
ടിബിഒ ടെക് ഓഹരി രാവിലെ എട്ടു ശതമാനം കുതിച്ചു. അമേരിക്കയിലെ ക്ലാസിക് വെക്കേഷന്‍സ് കമ്പനിയെ ടിബിഒ ടെക് ഈയിടെ വാങ്ങിയിരുന്നു. ലക്ഷ്വറി ട്രാവല്‍ സേവനങ്ങള്‍ നടത്തുന്ന ടിബിഒ ഗുരുഗ്രാം ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്കിന് 2,450 രൂപ ലക്ഷ്യവില നിശ്ചയിച്ച് വിദേശ ബാങ്ക് യുബിഎസ് വാങ്ങല്‍ ശിപാര്‍ശ നല്‍കി.
കഴിഞ്ഞ ദിവസം വലിയ നേട്ടം ഉണ്ടാക്കിയ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഷാല്‍ബി ലിമിറ്റഡ് ഇന്ന് എട്ടു ശതമാനം കൂടി ഉയര്‍ന്നു.
കഴിഞ്ഞ ആഴ്ച 38 ശതമാനം കുതിച്ച വണ്‍ മോബിക്വിക്ക് ഓഹരി ഇന്നും 12 ശതമാനം ഉയര്‍ന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി കഴിഞ്ഞയാഴ്ച കമ്പനിയിലെ നിക്ഷേപം വിറ്റു മാറിയിരുന്നു.
റിസര്‍വ് ബാങ്കിന് ഇന്ന് അവധി ആയതിനാല്‍ കറന്‍സി, മണി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
സ്വര്‍ണവില ലോകവിപണിയില്‍ രാവിലത്തെ ഉയരത്തില്‍ നിന്നു താഴ്ന്ന് ഔണ്‍സിന് 3586 ഡോളര്‍ ആയി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 79,480 രൂപ ആയി.
ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 66.31 ഡോളറില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine