ഉയര്‍ന്നു തുടങ്ങി, പിന്നീടു നേട്ടം കുറച്ചു, മുന്നേറ്റവുമായി ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും; വിപണിയില്‍ രാവിലെ നടന്നത്

മിഡ് ക്യാപ് 100 സൂചിക രാവിലെ രണ്ടര ശതമാനത്തോളം കയറിയിട്ട് നേട്ടം കുറച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക രണ്ടു ശതമാനം വരെ ഉയര്‍ന്നിട്ടു താഴ്ന്നു നീങ്ങി.
stock market
Stock marketcanva
Published on

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ധാരണ ആയതും തീരുവയുദ്ധ ഭീഷണി അകന്നതും ഇന്നു വിപണിയെ തുടക്കത്തില്‍ വലിയ നേട്ടത്തിലാക്കി. മുഖ്യ സൂചികകള്‍ രാവിലെ ഒരു ശതമാനത്തോളം ഉയര്‍ന്നിട്ട് നേട്ടം ഗണ്യമായി നഷ്ടപ്പെടുത്തി. സെന്‍സെക്‌സ് 82,783.18 ഉം നിഫ്റ്റി 25,435.75 ഉം വരെ ഉയര്‍ന്ന ശേഷമാണു നേട്ടം കുറച്ചത്.

മിഡ് ക്യാപ് 100 സൂചിക രാവിലെ രണ്ടര ശതമാനത്തോളം കയറിയിട്ട് നേട്ടം കുറച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക രണ്ടു ശതമാനം വരെ ഉയര്‍ന്നിട്ടു താഴ്ന്നു നീങ്ങി. എല്ലാ വ്യവസായ മേഖലകളും ഇന്നു രാവിലെ നേട്ടം കുറിച്ചു. ഓട്ടോ, ഐടി, മീഡിയ, ഫാര്‍മ, പിഎസ് യു ബാങ്ക്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവ വലിയ മുന്നേറ്റം നടത്തി.

സ്വര്‍ണവില താഴ്ന്നത് മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയവയെ രണ്ടു ശതമാനത്തോളം താഴ്ത്തി. ഇന്നലെ 14 ശതമാനം ഇടിഞ്ഞ് 389 രൂപ വരെ താഴ്ന്ന കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു.

ഫെഡറല്‍ ബാങ്ക് ഓഹരി ഇന്ന് നാലു ശതമാനം ഉയര്‍ന്ന് 287.20 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. പിന്നീട് അല്പം താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് അഞ്ചു ശതമാനത്തോളം കയറി 46.47 രൂപ എന്ന റെക്കോര്‍ഡ് വിലയില്‍ എത്തി. സിഎസ്ബി ബാങ്ക് അഞ്ചു ശതമാനം നേട്ടത്തോടെ 497 രൂപ വരെ ഉയര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി ഇന്നു രാവിലെ എട്ടു ശതമാനം കുറിച്ച് 155 രൂപയോളം എത്തി.

ലോകവിപണിയില്‍ വെള്ളിവില താഴ്ന്നത് വെള്ളി ഇടിഎഫുകളെ ഇടിവിലാക്കി. ടാറ്റാ ഇടിഎഫ് 21 ഉം നിപ്പണ്‍ ഇടിഎഫ് 17 ഉം എച്ച്ഡിഎഫ്സി ഇടിഎഫ് 16 ഉം ശതമാനം ഇടിഞ്ഞു. വെള്ളി വിലയിലെ താഴ്ച ഹിന്ദുസ്ഥാന്‍ സിങ്കിനെ ആറു ശതമാനം താഴ്ത്തി. സിങ്കിന്റെ ഖനന- ശുദ്ധീകരണ പ്രക്രിയകളില്‍ വെള്ളി കിട്ടും.

മികച്ച മൂന്നാം പാദ റിസല്‍ട്ടില്‍ വാരീ എന്‍ജിന്‍സ് 11 ശതമാനം കുതിച്ചു. മികച്ച റിസല്‍ട്ടും നേതൃമാറ്റവും എറ്റേണല്‍ (സൊമാറ്റോ) ഓഹരിയെ നാലു ശതമാനം ഉയര്‍ത്തി. റിസല്‍ട്ടിന്റെ മികവില്‍ ബജാജ് കണ്‍സ്യൂമര്‍ 12 ശതമാനം നേട്ടത്തിലായി.

എറ്റേണലിന് സിഎല്‍എസ്എ 506 രൂപ ലക്ഷ്യവില നിശ്ചയിച്ചു. എച്ച്പിസിഎല്‍ റിസല്‍ട്ട് മികച്ചതായില്ലെങ്കിലും ഓഹരിക്കു വാങ്ങല്‍ ശിപാര്‍ശ നല്‍കിയ സിറ്റി ലക്ഷ്യവില 595 രൂപയായി ഉയര്‍ത്തി. സിഎല്‍എസ്എ 420 രൂപയാണു ലക്ഷ്യവില നിശ്ചയിച്ചത്.

റിസല്‍ട്ട് മോശമായതു മൂലം പിഎന്‍ബി ഹൗസിംഗ് ഏഴും ഇ പായ്ക്ക് പ്രീ ഫാബ് പത്തും ശതമാനം ഇടിഞ്ഞു. മൂന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് റാലിസ് ഇന്ത്യയുടെ ലക്ഷ്യവില എച്ച്എസ്ബിസി 300 രൂപയിലേക്കും ട്രെന്‍ഡിലൈന്‍ 325 രൂപയിലേക്കും ഉയര്‍ത്തി. ഓഹരി രാവിലെ ഏഴര ശതമാനം ഉയര്‍ന്ന് 253 രൂപയായി. മികച്ച റിസല്‍ട്ടിന്റെ ബലത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു ശതമാനം ഉയര്‍ന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ 17 പൈസ കുറഞ്ഞ് 91.53 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു ഡോളര്‍ 91.58 രൂപയിലേക്കു കയറി.

സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 4795 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1680 രൂപ കുറഞ്ഞ് 1,13,160 രൂപ ആയി. എംസിഎക്‌സില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,50,140 രൂപ വരെ താണിട്ട് അല്പം ഉയര്‍ന്നു.

വെള്ളി ലോക വിപണിയില്‍ ഔണ്‍സിന് 93.29 ഡോളര്‍ ആണ്. എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 3,16,500 രൂപ വരെ താണിട്ട് 3,19,000 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 65.31 ഡോളര്‍ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com