വിപണികള്‍ തകര്‍ച്ചയില്‍, മാന്ദ്യഭീതി പടരുന്നു: സൊമാറ്റോയുടെ ഓഹരി 12 ശതമാനം ഉയര്‍ന്നു

ആഗോള വിപണികള്‍ക്കു പിന്നാലെ ഇന്ത്യന്‍ വിപണി ഇന്നു തകര്‍ന്നടിഞ്ഞു. മുഖ്യ സൂചികകള്‍ ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.
സാമ്പത്തിക മാന്ദ്യത്തിലേക്കാണു യുഎസ് നീങ്ങുന്നത് എന്ന ആശങ്കയാണ് പൊടുന്നനെ വിപണികളെ ഗ്രസിച്ചിരിക്കുന്നത്. യുഎസ് മാന്ദ്യത്തിലായാല്‍ മറ്റു രാജ്യങ്ങളുടെ വളര്‍ച്ച കുറയും. അതാണ് എല്ലായിടത്തും വിപണികള്‍ തകരാന്‍ കാരണം.
മാന്ദ്യം ഉറപ്പിക്കാന്‍ തക്ക സാമ്പത്തിക സൂചകങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. എങ്കിലും പല വിദഗ്ധരും അതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇന്നു രാത്രി അമേരിക്കയിലെ തൊഴില്‍ കണക്കുകളും വേതന കണക്കുകളും പുറത്തുവരുമ്പോള്‍ ഈ ആശങ്കകള്‍ക്കു ന്യായമുണ്ടോ എന്ന് അറിയാം. ഓഹരി, കടപ്പത്ര വിപണികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ധനശാസ്ത്ര വിദഗ്ധരാണ് മാന്ദ്യ ഭീഷണി ഉയര്‍ത്തുന്നത്. യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കല്‍ നേരത്തേ തുടങ്ങേണ്ടതായിരുന്നു എന്ന് അവര്‍ വാദിക്കുന്നു. അതേ സമയം മാന്ദ്യ സാധ്യത ഉള്ളതായി സ്വതന്ത്ര ഗവേഷകരോ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോ പറയുന്നില്ല.
വാഹനങ്ങള്‍, മെറ്റല്‍, റിയല്‍റ്റി, ഐടി, പി എസ് യു ബാങ്കുകള്‍ തുടങ്ങിയവ വലിയ നഷ്ടത്തിലായി. ജൂലൈയിലെ വില്‍പന കുറഞ്ഞത് വാഹന കമ്പനികളെ നാലു ശതമാനം വരെ താഴ്ത്തി.
വരുമാനവും ലാഭവും വര്‍ധിപ്പിച്ച സൊമാറ്റോയുടെ ഓഹരി 12 ശതമാനത്തോളം ഉയര്‍ന്നു റെക്കോര്‍ഡ് കുറിച്ചു. ഒരു വര്‍ഷം കൊണ്ട് ഓഹരി ഇരട്ടിച്ചു.
രൂപ ഇന്നു ദുര്‍ബലമായി. ലോക വിപണിയില്‍ ഡോളര്‍ സൂചിക ഉയര്‍ന്നതാണു കാരണം. ഡോളര്‍ ഒരു പൈസ കയറി 83.73 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
ലോക വിപണിയില്‍ സ്വര്‍ണം 2457 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 51,840 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം 80.16 ഡോളറിലാണ്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it