ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി കയറ്റിറക്കങ്ങളിലൂടെ മുന്നേറി വിപണി
ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി ചെറിയ കയറ്റിറക്കങ്ങളിലൂടെ മുന്നേറുകയാണ് വിപണി ഇന്ന്. സെൻസെക്സ് 60,020 വരെ ഉയർന്ന ശേഷം താഴ്ന്നു.സ്വകാര്യബാങ്കുകളും ധനകാര്യ കമ്പനികളും ഇടിവിലായി. ഇത് മുഖ്യ സൂചികകൾ കയറാൻ തടസമായി.
ജെഎൽആർ വാഹനങ്ങളുടെ വിൽപന ഗണ്യമായി വർധിച്ചു. ആഗാേള വാഹന വിൽപന നാലാം പാദത്തിൽ എട്ടു ശതമാനം ഉയർന്നതിന്റെ പേരിൽ ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില എട്ടു ശതമാനത്തിലധികം കുതിച്ചു.
ഓഹരികൾ
മാരുതി ഓഹരി ഇന്നു താഴ്ചയിലാണ്. ഗോൾഡ്മാൻ സാക്സ് മാരുതിയെ ന്യൂട്രലിലേക്കു താഴ്ത്തിയതാണു കാരണം. നാലാം പാദത്തിലെ പാർപ്പിട വിൽപനയിൽ വലിയ കുതിപ്പുണ്ടായത് ശോഭ ഡവലപ്പേഴ്സ്, ഗോദ്റെജ് പ്രാേപ്പർട്ടീസ്, പുറവങ്കര തുടങ്ങിയ ഓഹരികളെ ഉയർത്തി. ഗാേദ്‌റെജ് ഏഴും ശോഭ ആറും ശതമാനം വരെ ഉയർന്നു.
പ്രകൃതി വാതക വില കുറച്ച തീരുമാനത്തെ തുടർന്ന് മഹാനഗർ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് തുടങ്ങിയ വാതക വിതരണ കമ്പനികളുടെ ഓഹരിവില കയറി. ഗെയിൽ, ഒഎൻജിസി തുടങ്ങിയവയും ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇന്നു താഴ്ചയിലായി. രൂപ ഇന്നു നേട്ടത്തിൽ തുടങ്ങി. ഡോളർ 81.80 രൂപയിലേക്കു താണു. പിന്നീടു ഡോളർ 81.91 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ 1990 ഡോളറിലേക്കു നീങ്ങി. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 44,320 രൂപയായി.