ഓഹരികളില്‍ 'പശ്ചിമേഷ്യന്‍' പ്രതിസന്ധി; രൂപയ്ക്ക് റെക്കോഡ് ഇടിവ്, ജിയോഫിന്‍ 5% കുതിപ്പില്‍

ക്രൂഡ് ഓയിൽ വില സാവധാനം താഴുന്നു
Stock Market
Image : Canva
Published on

പശ്ചിമേഷ്യൻ ആശങ്കകൾ ഇന്നും വിപണിയെ താഴ്ത്തുന്നു. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കകം മുഖ്യസൂചികകൾ 0.70 ശതമാനം താഴ്ചയിലായി. എന്നാൽ പിന്നീടു 0.30 ശതമാനത്തിലേക്ക് നഷ്ടം കുറഞ്ഞു.

അമേരിക്കൻ വിപണിയിൽ ഇന്നലെ ടെക് ഓഹരികൾക്കു തിരിച്ചടി കിട്ടിയ സാഹചര്യത്തിൽ ഇന്നും ഐ.ടി കമ്പനികൾ താഴ്ചയിലായി. രണ്ടു സീനിയർ മാനേജർമാർ കമ്പനി വിട്ടുപോയ സാഹചര്യത്തിൽ എൽ.ടി.ഐ മൈൻഡ്ട്രീയുടെ ഓഹരിവില മൂന്നര ശതമാനം താഴ്ന്നു.

വെൽത്ത് മാനേജ്മെൻ്റ്, ബ്രോക്കറേജ് മേഖലകളിലേക്കു കടക്കാൻ ജിയോ ഫിനാൻഷ്യൽ തീരുമാനിച്ചു. ഇതിനായി ബ്ലാക്ക്റോക്കുമായി കമ്പനി കരാർ ഉണ്ടാക്കി. ഓഹരി അഞ്ചു ശതമാനം കയറി. 

ഇന്നലെ 20 ശതമാനം വരെ ഉയർന്ന സെൻകോ ഗോൾഡ് ഇന്ന് പത്തു ശതമാനം കൂടി കയറി. കഴിഞ്ഞ ധനകാര്യ വർഷം വിറ്റുവരവിൽ 28 ശതമാനം വർധന ഉണ്ടെന്നു കമ്പനി അറിയിച്ചതിനു ശേഷമാണ് കുതിപ്പ്.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ

രൂപ ഇന്ന് കൂടുതൽ താഴ്ചയിലായി. ഡോളർ റെക്കോഡ് ഉയരത്തിൽ എത്തി. 83.51 രൂപയിലാണ് ഡോളർ ഓപ്പൺ ചെയ്തത്. പിന്നീട് 80.53 രൂപയായി. രാജ്യാന്തര വിപണിയിൽ ഡോളർ സൂചിക 106.39 വരെ ഉയർന്നിട്ടുണ്ട്.

സ്വർണം ലോകവിപണിയിൽ 2,388 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. രണ്ടു മാസം കൊണ്ട് പവന് 8,040 രൂപയാണ് (17.35%) കൂടിയത്. ക്രൂഡ് ഓയിൽ വില സാവധാനം താഴുന്നു. ബ്രെൻ്റ്  ക്രൂഡ് 90.80 ഡോളർ വരെ കയറിയിട്ട് 90.58 ഡോളറിലേക്കു താഴ്ന്നു. 

ചൈനയുടെ ജനുവരി-മാർച്ച് ജി.ഡി.പി വളർച്ച 5.3 ശതമാനമായി. വിദഗ്ധരുടെ പ്രതീക്ഷയേക്കാൾ കൂടുതലായി ഇത്. കയറ്റുമതി 14 ശതമാനം കൂടി. മാർച്ചിൽ വ്യവസായ ഉൽപാദനം ആറു ശതമാനം പ്രതീക്ഷിച്ചിടത്ത് 4.5 ശതമാനം മാത്രം. റീറ്റെയ്ല്‍ വ്യാപാര വളർച്ച 4.6 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 3.1 ശതമാനം മാത്രമേ ഉള്ളൂ. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com