ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; ഡെൽറ്റ കോർപ് ഓഹരി 10 ശതമാനം ഇടിഞ്ഞു

ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതൽ താഴ്ന്നിട്ടു തിരിച്ചു കയറാൻ ശ്രമിച്ചു. സെൻസെക്സ് 66,039 വരെയും നിഫ്റ്റി 19,691 വരെയും താഴ്ന്നിട്ട് നഷ്ടം ഗണ്യമായി കുറച്ചു. ബാങ്ക്, ധനകാര്യ, റിയൽറ്റി ഓഹരികൾ താഴ്ന്നു. കൺസ്യൂമർ ഡ്യൂറബിൾസും വാഹനങ്ങളും കയറ്റത്തിലായി.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ റിസൽട്ട് ഇന്നു വരാനിരിക്കെ ബാങ്ക് ഓഹരി രാവിലെ അര ശതമാനത്തിലധികം ഇടിഞ്ഞു. എസ്.ബി.ഐ അടക്കം മറ്റു പ്രധാന ബാങ്കുകളും താഴ്ചയിലാണ്.

ക്രൂഡ് വില വീണ്ടും 90 ഡോളറിനു മുകളിലായതാേടെഒ.എന്‍.ജി.സി, ഓയിൽ ഇന്ത്യ, ചെന്നെെ പെട്രോളിയം തുടങ്ങിയവ നാലു ശതമാനം വരെ ഉയർന്നു. ഏഷ്യൻ പെയിന്റ്സ് അടക്കം പെയിന്റ് കമ്പനികൾ രണ്ടു ശതമാനം വരെ താഴ്ന്നു.

ഡെൽറ്റ കോർപിന് ക്ഷീണം

ഡെൽറ്റ കോർപ് ലിമിറ്റഡ് ഓഹരികൾ രാവിലത്തെ വ്യാപാരത്തിൽ 8.6-10 ശതമാനം വരെ ഇടിഞ്ഞ് 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 128 രൂപയിലെത്തി. ഒന്നിന് പുറമെ ഒന്നായുള്ള ജി.എസ്.ടി നോട്ടീസാണ് തിരിച്ചടിയായത്. 23,000 കോടി രൂപയുടെ ജി.എസ്.ടി നോട്ടീസ് നേരത്തെ കമ്പനിക്ക് കിട്ടിയിരുന്നു. ഇപ്പോൾ ഉപസ്ഥാപനത്തിന് 6,384 കോടി രൂപയുടെ നോട്ടീസ് കിട്ടിയതാണ് ഓഹരികൾ പിടിച്ചു താഴ്ത്തിയത്.

വസ്ത്ര കയറ്റുമതിവർധിക്കുന്നതായ സൂചനയിൽ ഗോകൽ ദാസ് എക്സ്പോർട്സ് (Gokaldas Exports) എട്ടു ശതമാനം കയറി.

രണ്ടാം പാദത്തിലും ലാഭ മാർജിൻ കുറഞ്ഞതിനെ തുടർന്ന് ഡി മാർട്ട് റീട്ടെയിൽ ശൃംഖലയുടെ ഉടമകളായ അവന്യു സൂപ്പർ മാർട്ടിന്റെ ഓഹരി വില നാലു ശതമാനം താണു.

ടെക്സ്മാകോ റെയിൽ, കമ്പനിയുടെ ഇൻഫ്രാസ്ട്രക്ചർ, എനർജി ബിസിനസുകൾ വേർപെടുത്തി സ്വതന്ത്ര കമ്പനികളാക്കും എന്നു പ്രഖ്യാപിച്ചു. ഓഹരിവില എട്ടു ശതമാനം കയറി. ഈ വർഷം 200 ശതമാനം കയറിയ ഓഹരിയാണിത്.

രൂപ, ഡോളർ, ക്രൂഡ് ഓയിൽ, സ്വർണം

രൂപ ഇന്നു ചെറിയ നേട്ടം കാണിച്ചു. ഡോളർ രണ്ടു പൈസ താണ് 83.24 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.26 ലേക്കു കയറി.

സ്വർണം ലോക വിപണിയിൽ 1919 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണം പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയായി.

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം 91.02 ഡോളറിലായി.

Read Morning Business News and Stock Market News :

യുദ്ധഭീതിയിൽ വിപണികൾ; ഏഷ്യൻ വിപണികൾ ചുവപ്പിൽ; ക്രൂഡ് ഓയിലും സ്വർണവും കുതിച്ചു കയറി




T C Mathew
T C Mathew  
Related Articles
Next Story
Videos
Share it