ഏഷ്യൻ വിപണികളുടെ പിന്നാലെ ഇന്ത്യൻ വിപണിയും താഴ്ചയിലായി
ഏഷ്യൻ വിപണികളുടെ പിന്നാലെ ഇന്ത്യൻ വിപണിയും താഴ്ചയിലായി. സ്വിസ് ബാങ്കിന്റെ കൈമാറ്റം കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമായില്ല എന്നാണു വിപണിയുടെ വിലയിരുത്തൽ. യുഎസ് ഫ്യൂച്ചേഴ്സ് തുടക്കത്തിലെ നേട്ടത്തിൽ നിന്ന് താഴ്ചയിലേക്കു നീങ്ങിയതും വിപണിക്കു തിരിച്ചടിയായി.
വെള്ളിയാഴ്ചത്തെ നേട്ടം മുഴുവനും നഷ്ടപ്പെടുത്തിയാണു വിപണി ഇന്നു വ്യാപാരം തുടങ്ങിയത്. ഐടി, ബാങ്ക്, മെറ്റൽ, റിയൽറ്റി, വാഹന ഓഹരികൾ താഴ്ചയ്ക്കു മുന്നിൽ നിന്നു. റിലയൻസും ഇടിഞ്ഞു.
അദാനി ഗ്രൂപ്പ് ഓഹരികൾ
പിവിസി പ്രാെജക്ട് മരവിപ്പിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളും താഴ്ചയിലാണ്. തുടക്കത്തിൽ 0.6 ശതമാനം താഴ്ന്ന മുഖ്യ സൂചികകൾ ഒരു മണിക്കൂറിനകം ഒരു ശതമാനത്തിലധികം താഴെയായി.
പാശ്ചാത്യ രാജ്യങ്ങൾ മാന്ദ്യത്തിലാകുമെന്ന ആശങ്ക വിപണിയിൽ പ്രബലമായി. അതു ബാങ്കുകൾക്കും ഐടി കമ്പനികൾക്കും തിരിച്ചടിയാകുമെന്നു വിപണി കരുതുന്നു. മാന്ദ്യം ഐടി ബജറ്റുകൾ ചുരുക്കാൻ പ്രേരിപ്പിക്കും. യുഎസിലെ ഇടത്തരം ബാങ്കുകൾ പലതും തകർച്ചയിലേക്കു നീങ്ങുമെന്ന ആശങ്കയും ഉണ്ട്.
ഡോളർ ഇന്ന് ആറു പൈസ നഷ്ടത്തിൽ 82.49 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 82.53 വരെ കയറിയിട്ട് 82.45 രൂപയിലേക്കു താഴ്ന്നു.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെന്റ് ഇനം 72.52 ഡോളറിലായി. സ്വർണം രാജ്യാന്തര വിപണിയിൽ 1973-1975 ഡോളറിലാണ്. കേരളത്തിൽ പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയായി.