ആഗാേള വിപണികളുടെ സ്വാധീനം, ഇന്ത്യൻ വിപണി താഴ്ചയിൽ
വിപണി ഇന്നും നല്ല താഴ്‌ചയിലാണു വ്യാപാരം തുടങ്ങിയത്. വീണ്ടും താഴ്ന്നു. നിഫ്റ്റി 20,000 നു താഴെയും സെൻസെക്സ് 67,000 നു താഴെയും എത്തി. ആഗാേള വിപണികളുടെ സ്വാധീനമാണ് ലാഭമെടുക്കൽ തീവ്രമാക്കിയത്. യുഎസ് ഫെഡ് തീരുമാനത്തെപ്പറ്റി ആശങ്കയിലാണു വിപണി.
ബാങ്ക്, ധനകാര്യസേവന മേഖലകളാണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്. മെറ്റൽ, ഐടി, റിയൽറ്റി, ഓയിൽ - ഗ്യാസ് മേഖലകളും വലിയ ഇടിവ് കാണിച്ചു.
നൊമുറ സെക്യൂരിറ്റീസ് എച്ച്ഡിഎഫ്സി ബാങ്കിന്റെ റേറ്റിംഗ് കുറച്ചതിനെ തുടർന്നു ബാങ്ക് ഓഹരി നാലു ശതമാനത്തോളം താഴ്ചയിലായി.
റിലയൻസ് ഇൻഡസ്ട്രീസ് രണ്ടു ശതമാനത്തോളം താഴ്ന്നു. സ്വതന്ത്ര ഡയറക്ടറുടെ രാജിയെ തുടർന്ന് ചാഞ്ചാട്ടത്തിലായ ധനലക്ഷ്മി ബാങ്ക് ഇന്ന് ആദ്യം അഞ്ചു ശതമാനം ഉയർന്നിട്ടു പിന്നീട് ഒരു ശതമാനത്തിലധികം നഷ്ടത്തിലായി. ബാങ്ക് നടത്തിപ്പിനെപ്പറ്റി പല ആക്ഷേപങ്ങളും ഉയർത്തിക്കൊണ്ടാണ് ഡയറക്ടർ രാജിവച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി കയറി
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് നാലു ശതമാനത്തോളം ഉയർന്ന് 26.70 രൂപ വരെ കയറി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഫെഡറൽ ബാങ്കും സി.എസ്.ബി ബാങ്കും രാവിലെ ഒരു ശതമാനം വീതം താഴ്ന്നു.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനം ഇടിഞ്ഞു. മസഗാേൺ ഡോക്ക് ഒരു ശതമാനം താണപ്പോൾ ഗാർഡൻ റീച്ച് ഒന്നര ശതമാനം ഉയർന്നു.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നു നേട്ടത്തോടെ തുടങ്ങി. ഡോളർ ഏഴു പൈസ താണ് 83.20 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 83.24 രൂപയായി. സ്വർണം ലോകവിപണിയിൽ 1930 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 44,160 രൂപയിൽ തുടരുന്നു.