ഇന്ത്യന്‍ ബോണ്ട് പുതിയ സൂചികയിലേക്ക്; രൂപയ്ക്ക് കുതിപ്പ്
ഇന്ത്യന്‍ ഓഹരി വിപണി നാലാം ദിവസവും താഴ്ചയിൽ. രാവിലെ താഴ്ന്ന് ഓപ്പണ്‍ ചെയ്ത സൂചികകള്‍ പിന്നീടു തിരിച്ചു കയറി. വീണ്ടും താഴ്ചയിലേക്കു മാറി. തുടര്‍ന്നു ചാഞ്ചാട്ടമായി.
സെന്‍സെക്‌സ് 66,016 വരെയും നിഫ്റ്റി 19,664 വരെയും താഴ്ന്നു. പിന്നീട് ഉയര്‍ന്നു. ജെപി മോര്‍ഗന്‍ എമേര്‍ജിംഗ് മാര്‍ക്കറ്റ് ബോണ്ട് ഇന്‍ഡെക്‌സില്‍ ഇന്ത്യാ ഗവണ്മെന്റ് കടപ്പത്രങ്ങള്‍ പെടുത്തി. അടുത്ത ജൂലൈ മുതല്‍ 10 മാസം ഓരോ ശതമാനം വീതം വെയിറ്റേജ് കൂട്ടും. ഇതു വരും മാസങ്ങളില്‍ ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ 4000 കോടി ഡോളറിന്റെ വിദേശ നിക്ഷേപത്തിനു വഴി തെളിക്കും എന്നാണു പ്രതീക്ഷ. ഇതേ തുടര്‍ന്ന് കടപ്പത്രങ്ങളുടെ വില കൂടി.
കടപ്പത്ര വിപണിയില്‍ പ്രവര്‍ത്തിക്കുന്ന പി.എന്‍.ബി ഗില്‍റ്റ്‌സിന്റെ ഓഹരി വില 19 ശതമാനം ഉയര്‍ന്നു.
വിദേശനാണ്യ വരവ് കൂടും എന്നത് ഇന്നു രാവിലെ രൂപയെ ഉയര്‍ത്തി. ഡോളറിനെതിരെ 19 പൈസ ഉയര്‍ന്ന് 82.90ലാണ് രൂപയുടെ മൂല്യമുള്ളത്.
ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജതിന്‍ ദലാള്‍ രാജിവച്ചത് വിപ്രോ ഓഹരിയെ രണ്ടു ശതമാനം താഴ്ത്തി. ഒരു വര്‍ഷത്തിനുള്ളില്‍ പല മുതിര്‍ന്ന ഓഫീസര്‍മാര്‍ കമ്പനി വിട്ടുപോയി. അപര്‍ണ അയ്യരാണ് പുതിയ സി.എഫ്.ഒ.
സ്വര്‍ണം ലോക വിപണിയില്‍ 1,924 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 43,880 രൂപയായി.