ഐടിയും തീരുവയും വിപണിയെ വലിച്ചു താഴ്ത്തുന്നു

ടി.സി.എസും ഇൻഫോസിസും തുടങ്ങി മിഡ് ക്യാപ് ഐടി കമ്പനികൾ വരെ രണ്ടു മുതൽ അഞ്ചു വരെ ശതമാനം ഇടിഞ്ഞു. മിക്ക ഐടി കമ്പനികളും ഈ മാസം 20 ശതമാനത്തോളം നഷ്ടത്തിലാണ്.
market sell off
canva
Published on

തീരുവ വിഷയങ്ങളും നിർമിതബുദ്ധി ആശങ്കകളും വിപണിയെ വീണ്ടും വലിച്ചു താഴ്ത്തുന്നു. സെൻസെക്സ് 800 പോയിൻ്റ് ഇടിഞ്ഞ് 82,500 നും നിഫ്റ്റി 200 ലധികം പോയിൻ്റ് താഴ്ന്ന് 25,500 നും താഴേക്ക് വീണു. ഐടി മേഖലയാണ് ഏറ്റവും നഷ്ടത്തിലായത്. പൊതുമേഖലാ ബാങ്കുകളും മെറ്റലും ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്.

പുതിയ നിർമിതബുദ്ധി (എ.ഐ) ആവിഷ്‌കാരങ്ങൾ ഐടി സേവന കമ്പനികളുടെ ബിസിനസ് ഗണ്യമായി കുറയ്ക്കും എന്ന ആശങ്കയിൽ ഐടി കമ്പനികൾ എല്ലാം ഇന്നു രാവിലെ വലിയ ഇടിവിലായി. ഐടി നിഫ്റ്റി സൂചിക നാലു ശതമാനത്തോളം താഴ്‌ന്നു. ടി.സി.എസും ഇൻഫോസിസും തുടങ്ങി മിഡ് ക്യാപ് ഐടി കമ്പനികൾ വരെ രണ്ടു മുതൽ അഞ്ചു വരെ ശതമാനം ഇടിഞ്ഞു. മിക്ക ഐടി കമ്പനികളും ഈ മാസം 20 ശതമാനത്തോളം നഷ്ടത്തിലാണ്. 52 ആഴ്ചയിലെ ഉയർന്ന വിലയിൽ നിന്ന് 30-40 ശതമാനം താഴെയാണ് എല്ലാ ഐടി ഓഹരികളും.

ഐടി കമ്പനികൾ ആവശ്യത്തിലധികം താഴ്ന്നെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുതിയ വിശകലന റിപ്പോർട്ടിൽ വിലയിരുത്തി. നടപ്പു ധനകാര്യ വർഷത്തെ അപേക്ഷിച്ച് അടുത്ത ധനകാര്യ വർഷം ഐടി കമ്പനികളുടെ ലാഭം ഗണ്യമായി കൂടുമെന്നു കൊട്ടക് അഭിപ്രായപ്പെട്ടു.

ടെക്സ്റ്റൈൽ ഓഹരികളിൽ ഇടിവ്

വസ്ത്ര കയറ്റുമതി കമ്പനികൾ ഇന്നു രാവിലെ ഇടിവിലായി. ഗോകൽദാസ്, വർധമാൻ, അരവിന്ദ്, വെൽസ്പൺ, ഇൻഡോ കൗണ്ട്, പേൾ ഗ്ലോബൽ, കിറ്റെക്സ് തുടങ്ങിയവ രണ്ടു മുതൽ ഏഴു വരെ ശതമാനം താഴ്‌ന്നു. കയറ്റുമതി ഉൽപന്നങ്ങൾക്കു കേന്ദ്ര-സംസ്ഥാന നികുതികൾക്കു നൽകുന്ന റിബേറ്റ് പകുതിയായി കുറച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ നടപടിയാണ് ഇടിവിനു കാരണം.

​ഓഹരികളുടെ റേറ്റിം​ഗ് പുതുക്കി നിശ്ചയിച്ചു

ലെൻസ് കാർട്ട് ഓഹരിയുടെ ലക്ഷ്യവില ജെഫറീസ് 575 രൂപയായി ഉയർത്തി. ഓഹരി രാവിലെ ഒരു ശതമാനത്തോളം ഉയർന്നു. എറ്റേണലിന് ജെഫറീസ് 480 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി രാവിലെ രണ്ടു ശതമാനത്തോളം താഴ്ന്നു.

എയർടെൽ മണിയുടെ വളർച്ചയ്ക്കായി ഫിനാൻഷ്യൽ ടെക്‌നോളജിയിൽ 20,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച ഭാരതി എയർടെലിൻ്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 2450 രൂപയിലേക്ക് ഉയർത്തി. ഓഹരിക്ക് 25 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. എയർടെൽ ഓഹരി രാവിലെ മൂന്നു ശതമാനത്തിലധികം താഴ്ന്നു.

ഐടിസി ഓഹരിയെ സിഎൽഎസ്എ തരം താഴ്‌ത്തി. ലക്ഷ്യവില 485 ൽ നിന്ന് 367 രൂപയായി കുറച്ചു. ഓഹരി അര ശതമാനം താഴ്ചയിലായി.

റിലയൻസ് ഇൻഡസ്ട്രീസിന് ലിഥിയം അയോൺ ബാറ്ററികൾ നിർമിച്ചു നൽകാൻ 159 കോടി രൂപയുടെ കരാർ ലഭിച്ച പേസ് ഡിജിടെക് ഓഹരി മൂന്നു ശതമാനം കുതിച്ചു. വൺ മോബിക്വിക് സിസ്റ്റംസിൻ്റെ ഉപകമ്പനിക്ക് ഷെയർ ബ്രോക്കിംഗിനു ബിഎസ്ഇ അംഗീകാരം ലഭിച്ചത് ഓഹരിയെ 12 ശതമാനം ഉയർത്തി.

കറൻസി, കമ്മോഡിറ്റി മാർക്കറ്റ്

രൂപ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കൂടി 90.92 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു 90.95 രൂപയിലേക്കു കയറി. ഡോളർ സൂചിക 97.81ലാണു നിൽക്കുന്നത്.

സ്വർണം ലോക വിപണിയിൽ ഔൺസിന് 5175 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1120 രൂപ വർധിച്ച് 1,18,640 രൂപയിൽ എത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,61,233 രൂപ വരെ ഉയർന്നിട്ട് 1,60,285 രൂപയിലേക്കു താഴ്ന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 87.13 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,63,183 രൂപ വരെ താഴ്‌ന്നു.

ക്രൂഡ് ഓയിൽ വില കയറുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 72.13 ഡോളറിലേക്കു കയറിയിട്ട് അൽപം താഴ്‌ന്നു. കിഴക്കൻ യൂറോപ്പിലേക്ക് എണ്ണ നൽകുന്ന പൈപ്പ്ലൈനിൽ യുക്രെയ്‌നിയൻ മിസൈൽ പതിച്ചതാണു വില കൂടാൻ കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com