വിപണി ചാഞ്ചാടുന്നു

വിപണി ചാഞ്ചാട്ടത്തിലാണ്. ഉയർന്നു തുടങ്ങി, താണു, വീണ്ടും കയറി, ഇറങ്ങി. ബാങ്ക് ഓഹരികളുടെ കയറ്റത്തിനും ഇറക്കത്തിനും അനുസരിച്ച് മുഖ്യ സൂചികകളും കയറിയിറങ്ങുന്നതാണു രാവിലെ കണ്ടത്. ഐടി കമ്പനികൾ ഇന്നു നല്ല നേട്ടത്തിലാണ്.ആക്സഞ്ചറിന്റെ കഴിഞ്ഞ പാദത്തിലെ വരുമാന വർധന ചൂണ്ടിക്കാട്ടിയാണ് ഇന്നു കയറ്റം.

പ്രതിരോധ വകുപ്പിൽ നിന്ന് 3800 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിനെ തുടർന്ന് ഭാരത് ഇലക്ട്രാേണിക്സ് ലിമിറ്റഡ് (ബെൽ) ഓഹരി രണ്ടു ശതമാനത്താേളം കയറി.

ടിപിജി ഗ്ലോബൽ എന്ന നിക്ഷേപനിധി കാംപസ് ആക്ടീവ് വെയറിലെ മുഴുവൻ ഓഹരിയും വിറ്റു. വിൽപന വില വിപണി വിലയിലും ഏഴു ശതമാനം താഴെയായിരുന്നു. കാംപസ് ഓഹരി ആറു ശതമാനം ഇടിഞ്ഞു.

മറ്റ് ഓഹരികൾ

എച്ച്ഡിഎഫ്സി ലെെഫ്, എസ്ബിഐ ലൈഫ്, യുടിഐ എഎംസി, എച്ച്ഡിഎഫ് സി എഎംസി, നിപ്പൺ ലെെഫ് എഎംസി, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് തുടങ്ങിയവ രണ്ടു മുതൽ നാലു വരെ ശതമാനം ഇടിഞ്ഞു. ബജറ്റ് നിർദേശങ്ങൾ നടപ്പാക്കാനുള്ള ഫിനാൻസ് ബില്ലിലെ ചില നിർദേശങ്ങൾ മ്യൂച്വൽ ഫണ്ടുകൾക്കും ലെെഫ് ഇൻഷ്വറൻസ് കമ്പനികൾക്കും ദോഷകരമായതാണു കാരണം.

ഓഫർ ഫോർ സെയിലിനു നല്ല സ്വീകരണം ലഭിച്ചതോടെ എച്ച്എഎൽ ഓഹരി നാലു ശതമാനത്തോളം ഉയർന്നു. ഇന്നലെ 82.26 രൂപയിൽ അവസാനിച്ച ഡോളർ ഇന്ന് 82.30 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.23 ലേക്കു താണു. സ്വർണം ലോകവിപണിയിൽ 1991 ഡോളറിലായി. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 44,000 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it