ഐടി, എഫ്.എം.സി.ജി ഓഹരികള്‍ നല്ല നേട്ടത്തില്‍; പേജ് ഇന്‍ഡസ്ട്രീസ് ഓഹരി 13 ശതമാനം ഇടിഞ്ഞു
ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി ക്രമേണ കൂടുതല്‍ ഉയര്‍ന്നു. ബാങ്ക് ഓഹരികളുടെ ചാഞ്ചാട്ടമാണു മുഖ്യ സൂചികകള്‍ കുതിച്ചു കയറാത്തതിനു കാരണം. ഐടിയും എഫ്എംസിജിയും നല്ല നേട്ടത്തിലാണ്.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ മാറ്റവും നാലാം പാദത്തില്‍ ലാഭം ഇടിഞ്ഞതും പേജ് ഇന്‍ഡസ്ട്രീസ് ഓഹരി 13 ശതമാനം നഷ്ടത്തിലാകാന്‍ വഴി തെളിച്ചു. നാലാം പാദ ലാഭം 59 ശതമാനം കുറഞ്ഞു. വിറ്റുവരവ് 37 ശതമാനം കുറവായി. ജോക്കി, സ്പീഡോ തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനിയുടേതാണ്. നീന്തല്‍ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും മറ്റും നിര്‍മിക്കുന്ന കമ്പനിയുടെ ആസ്ഥാനം ബംഗലൂരു ആണ്.
പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരി കയറി
നാലാം പാദത്തില്‍ വരുമാനം, ലാഭം, ലാഭമാര്‍ജിന്‍ എന്നിവ ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരി എട്ടു ശതമാനം കയറി. എഥനോള്‍ പ്ലാന്റുകള്‍, ബ്രൂവറികള്‍ തുടങ്ങിയവ നിര്‍മിച്ചു നല്‍കുന്ന കമ്പനിക്കു വലിയ ഓര്‍ഡര്‍ നിലവിലുണ്ട്.
1.8 ശതമാനം ഓഹരി കൈമാറ്റം നടന്നതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരിവില ഏഴു ശതമാനത്തോളം താണു.
പിബി ഫിന്‍ടെക്കിന്റെ 2.2 ശതമാനം ഓഹരിയുടെ കൈമാറ്റം ഓഹരിവില ഇന്നു മൂന്നു ശതമാനം താണു. രൂപ നേരിയ നേട്ടം കുറിച്ചു. ഡോളര്‍ ഒരു പൈസ താണ് 82.73 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു ഡോളര്‍ 82.68 രൂപയിലേക്കു താണു. ലോകവിപണിയില്‍ സ്വര്‍ണം 1948 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവനു 120 രൂപ കുറഞ്ഞ് 44,520 രൂപയായി.