മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് പ്രസ്താവന ഇറക്കി അദാനി ഗ്രൂപ്പ്: ഓഹരികള്‍ തിരിച്ചു കയറുന്നു
കടബാധ്യത സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നു വാദിച്ച് അദാനി ഗ്രൂപ്പ് പ്രസ്താവന ഇറക്കി. തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വില ഒന്നു മുതല്‍ നാലു വരെ ശതമാനം ഉയര്‍ന്നു. ചില കമ്പനികള്‍ താണു. ഇന്നലെ എല്ലാ ഗ്രൂപ്പ് കമ്പനികളും എട്ടു ശതമാനം വരെ ഇടിഞ്ഞതാണ്.
വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ചാഞ്ചാട്ടങ്ങളില്ലാതെ ആദ്യ മണിക്കൂര്‍ പിന്നിട്ടു. മുഖ്യ സൂചികള്‍ 0.2 ശതമാനം നേട്ടത്തില്‍ ആരംഭിച്ചിട്ട് ക്രമേണ ഉയര്‍ന്ന് 0.45 ശതമാനം ഉയര്‍ച്ചയിലായി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒ ഈ സെപ്റ്റംബറില്‍ മൂന്നു വര്‍ഷ കാലാവധിയാകുമ്പോള്‍ തന്നെ വിരമിക്കുമെന്നറിയിച്ചു. ഈ തീരുമാനത്തെ ആദരിച്ച ബാങ്ക് ബോര്‍ഡ് പുതിയ സിഇഒയെ തെരഞ്ഞെടുക്കാന്‍ നടപടികള്‍ തുടങ്ങി. ബാങ്ക് ഓഹരി 17 ശതമാനം ഇടിഞ്ഞ് 13.75 രൂപയിലെത്തി. പിന്നീട് അല്‍പം തിരിച്ചു കയറി.
റിലയന്‍സും വേദാന്തയും
റിലയന്‍സിനു സമീപ ക്വാര്‍ട്ടറുകളില്‍ കാര്യമായ വരുമാനവര്‍ധന ഉണ്ടാവുകയില്ലെന്ന് ചില വിദേശ ബ്രോക്കറേജുകള്‍ വീണ്ടും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത് റിലയന്‍സ് ഓഹരി ഒരു ശതമാനം ഇടിയാന്‍ കാരണമായി.
അസാധാരണ തോതില്‍ ലാഭവീതം പ്രഖ്യാപിച്ചു കമ്പനിയുടെ റിസര്‍വ് കാലിയാക്കിയെങ്കിലും വേദാന്ത ലിമിറ്റഡ് ഓഹരി ഇന്ന് ഒന്നര ശതമാനം കയറി.
ആലിബാബ
ആലിബാബ ഗ്രൂപ്പിനെ ആറു കമ്പനികളായി വിഭജിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നു ഹോങ് കോങ് വിപണിയില്‍ ആലിബാബ ഓഹരി 15 ശതമാനം കുതിച്ചു. ഇന്നലെ യുഎസ് വിപണിയില്‍ 14 ശതമാനം കയറിയാണ് ആലിബാബ ക്ലോസ് ചെയ്തത്. ആറു കമ്പനികളും ഐപിഒ നടത്തും. നിക്ഷേപകര്‍ക്ക് നേട്ടം ഉണ്ടാക്കുന്നതാകും ഐപിഒ.
രൂപ ഇന്ന് അല്‍പം താണു. ഡോളര്‍ ആറു പൈസ നേട്ടത്തില്‍ 82.25 രൂപയില്‍ വ്യാപാരം തുടങ്ങി. സ്വര്‍ണം ലോക വിപണിയില്‍ 1965 ഡോളറിലേക്കു താണു. കേരളത്തില്‍ പവന് 160 രൂപ വര്‍ധിച്ച് 43,760 രൂപയായി.