ഓഹരി വിപണി കയറ്റത്തില്‍; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി അഞ്ച് ശതമാനം ഉയര്‍ന്നു

ആഗോള സൂചനകളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു. ഐ.ടി ഒഴികെ മിക്ക മേഖലകളും നേട്ടത്തിലായി. ക്രൂഡ് ഓയില്‍ വില കുറയുന്നത് വിപണിയെ ഉത്സാഹിപ്പിച്ചു. നിഫ്റ്റി രാവിലെ 19,600ന് മുകളില്‍ കയറി. സെന്‍സെക്‌സ് 65,750 വരെ ഉയര്‍ന്നു.

നവീന്‍ ഫ്‌ളോറിന്‍ എം.ഡി രാധേഷ് വെല്ലിംഗ് രാജിവച്ചു. ഡിസംബര്‍ 15 വരെ പദവിയില്‍ തുടരും. ഓഹരി രാവിലെ 14 ശതമാനം ഇടിഞ്ഞു. മഫത് ലാല്‍ ഗ്രൂപ്പില്‍ പെട്ട ഈ കമ്പനി റഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിക്കുന്ന ഫ്ലൂറൈഡ് വാതകങ്ങള്‍ നിര്‍മിക്കുന്നു.

ബഹുരാഷ്ട്ര കമ്പനിയായ ആക്‌സെഞ്ചര്‍ വരുന്ന പാദങ്ങളിലെ വരുമാനവും ലാഭവും നേരത്തേ പറഞ്ഞിടത്തോളം വരില്ല എന്ന് മുന്നറിയിപ്പ് നല്‍കി. ഐടി സേവനങ്ങളുടെ ഔട് സോഴ്‌സിംഗ് കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്ന ആക്‌സെഞ്ചറിന്റെ മുന്നറിയിപ്പ് ഇന്ന് ഐടി കമ്പനികളുടെ വിലയിടിച്ചു. ടി.സി.എസ് മുതല്‍ ഒട്ടുമിക്ക ഐടി കമ്പനികളും ഇന്നു താഴോട്ടു പോയി.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്നു രാവിലെ അഞ്ച് ശതമാനം ഉയര്‍ന്ന് 1,114 രൂപ വരെ എത്തി. മസഗോണ്‍ ഡോക്ക്, ഗാര്‍ഡന്‍ റീച്ച് എന്നീ കമ്പനികള്‍ രണ്ടു ശതമാനത്തോളം കയറി.

പുതിയ ബിസിനസ് പ്ലാറ്റ്‌ഫോം നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ സെബി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് എംസിഎക്‌സ് ഓഹരി ഒന്‍പതു ശതമാനം ഇടിഞ്ഞു.

രൂപ, സ്വര്‍ണം, ഡോളര്‍

രൂപ ഇന്നും ഉയര്‍ന്നു വ്യാപാരം തുടങ്ങി. ഡോളര്‍ ആറു പൈസ താണ് 83.13 രൂപയിലാണു വ്യാപാരം ആരംഭിച്ചത് പിന്നീടു ഡോളര്‍ 83.09 രൂപയിലേക്കു താണിട്ടു തിരിച്ചു കയറി. ഡോളര്‍ സൂചിക 106.04 ലേക്കു താണതു രൂപയെ സഹായിച്ചു.

സ്വര്‍ണം ലോകവിപണിയില്‍ 1863 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 42,920 രൂപയായി. 11 ദിവസം കൊണ്ടു പവന് 1240 രൂപ കുറഞ്ഞു. മാര്‍ച്ച് 16 - നു ശേഷം ആദ്യമായാണു സ്വര്‍ണം പവനു 43,000 രൂപയ്ക്കു താഴെയാകുന്നത്.

വെള്ളി വില വിദേശ വിപണിയില്‍ ഒരു ശതമാനം ഉയര്‍ന്ന് 22.84 ഡോളര്‍ ആയി.

ക്രൂഡ് ഓയില്‍ വില 95.18 ഡോളറിലേക്കു താണു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it