

ഇന്ത്യന്‍ വിപണി രാവിലെ ചെറിയ നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ട് കൂടുതല്‍ നഷ്ടത്തിലേക്കു മാറി. അതിനു ശേഷം നഷ്ടം കുറച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണു വിപണി വ്യാപാരം തുടങ്ങിയത്. ചര്‍ച്ച അവസാനിച്ചപ്പോള്‍ സംയുക്ത പ്രസ്താവന ഉണ്ടാകാത്തതു വിപണിയെ കൂടുതല്‍ താഴ്ചയിലാക്കി. എന്നാല്‍ ചര്‍ച്ച വിജയകരമായെന്നും ഉടമ്പടികള്‍ ഉണ്ടായെന്നും ട്രംപ് പിന്നീടു പറഞ്ഞു. ചൈനീസ് സാധനങ്ങള്‍ക്കുള്ള തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്നു ട്രംപ് അറിയിച്ചു. വ്യാപാര ധാരണ ഒരു വര്‍ഷത്തേക്കു നീട്ടി.
ഇതിനു ശേഷം വിപണി സാവകാശം നഷ്ടം കുറച്ചു. അടുത്ത ഏപ്രിലില്‍ ട്രംപ് ചൈന സന്ദര്‍ശിക്കും എന്ന അറിയിപ്പ് വിപണിക്ക് ഉന്മേഷം പകര്‍ന്നു.
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടും മുമ്പ് നിഫ്റ്റി 25,900 നും സെന്‍സെക്‌സ് 84,500 നും താഴെ എത്തി. നിഫ്റ്റി മിഡ് ക്യാപ് 60,000 ല്‍ നിന്നു വീണു. പിന്നീടു സൂചികകള്‍ നഷ്ടം കുറച്ചു.
ബാങ്ക്, ധനകാര്യ കമ്പനികള്‍ തുടക്കം മുതലേ നഷ്ടത്തിലായി.
ഫാര്‍മസ്യൂട്ടിക്കല്‍സും ഹെല്‍ത്ത് കെയറുമാണു കൂടുതല്‍ നഷ്ടത്തിലായത്. ഐടി, റിയല്‍റ്റി, ഓയില്‍ - ഗ്യാസ്, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി തുടങ്ങി എല്ലാ മേഖലകളും താഴ്ന്നു.
പ്രമേഹചികിത്സയ്ക്കുള്ള സെമാഗ്ലൂറ്റൈഡിന്റെ ജനറിക് പതിപ്പിനു കാനഡയില്‍ അനുമതി നിഷേധിച്ചു. ഡോ. റെഡ്ഡീസ് ഇതിനായി നല്‍കിയ അപേക്ഷ തള്ളി. മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തി നഷ്ടം നികത്തുമെന്നു കമ്പനി പറഞ്ഞു. ഡോ. റെഡ്ഡീസ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിക്കു സെമാഗ്ലൂറ്റൈഡ് നിര്‍മിച്ചു നല്‍കുന്ന ഷൈലി എന്‍ജിനിയറിംഗ് എട്ടു ശതമാനം തകര്‍ച്ചയിലായി.
ലാഭത്തില്‍ നിന്നു നഷ്ടത്തിലേക്കു മാറിയതിനെ തുടര്‍ന്ന് ലെ ട്രെവന്യൂസ് ടെക്‌നോളജി (ഇക്‌സിഗോ) ഓഹരി 20 ശതമാനം ഇടിഞ്ഞു.
എജിആര്‍ വിഷയത്തിലെ സുപ്രീം കോടതി വിധി കമ്പനികള്‍ക്കു വേണ്ടത്ര നേട്ടം നല്‍കുന്നില്ല എന്ന വിലയിരുത്തലില്‍ വോഡഫോണ്‍ ഐഡിയ ഒന്‍പതു ശതമാനം താഴ്ന്നു. ഇന്‍ഡസ് ടവേഴ്‌സും ഭാരതി എയര്‍ടെലും താഴ്ചയിലാണ്.
മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് എല്‍ ആന്‍ഡ് ടിയും പിബി ഫിന്‍ടെക്കും മികച്ച മുന്നേറ്റം നടത്തി.
വരുമാനവളര്‍ച്ച പ്രതീക്ഷ 21 ശതമാനത്തിലേക്ക് ഉയര്‍ത്തിയ സഗിലിറ്റി ഓഹരി അഞ്ചു ശതമാനം കുതിച്ചു.
രൂപ ഇന്നു തുടക്കത്തില്‍ ദുര്‍ബലമായി. ഡോളര്‍ 21 പൈസ വര്‍ധിച്ച് 88.41 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 88.47 രൂപയായി. ഫെഡ് നയത്തെ തുടര്‍ന്നു ഡോളര്‍ സൂചിക 99 നു മുകളില്‍ ഉയര്‍ന്നതാണു കാരണം.
സ്വര്‍ണവിലയിലെ വലിയ ചാഞ്ചാട്ടം തുടരുന്നു. രാവിലെ ഔണ്‍സിന് 3,970 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം പിന്നീട് 3,923 വരെ താഴ്ന്നു. വീണ്ടും കയറി 3,983 ഡോളര്‍ ആയി. യുഎസ് - ചൈന ധാരണ സ്വര്‍ണവില താഴാന്‍ കാരണമാകും.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1,400 രൂപ ഇടിഞ്ഞ് 88,360 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ വില കയറി. ബ്രെന്റ് ഇനം രാവിലെ വീപ്പയ്ക്ക് 64.95 ഡോളര്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine