വിപണി കുതിച്ചു കയറി; ബാങ്ക്, പ്രതിരോധ ഓഹരികൾ ഉയരുന്നു

ആഗോള പ്രവണതകളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി മികച്ച നേട്ടത്താേടെ തുടങ്ങി. മുഖ്യ സൂചികകൾ ഒരു ശതമാനം ഉയർന്നാണ് വ്യാപാരം ആരംഭിച്ചത്.

ബാങ്ക് ഓഹരികൾ ഇന്നു നല്ല കുതിപ്പിലായി. ആദ്യ മണിക്കൂറിൽ ബാങ്ക് നിഫ്റ്റി 1.5 ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരി രണ്ടര ശതമാനം ഉയർന്ന് 132 രൂപയിലെത്തി. കഴിഞ്ഞ ദിവസം 17 ശതമാനം താഴ്ന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നു രാവിലെ 5.5 ശതമാനം കുതിച്ച് 15.2 രൂപ വരെ എത്തി. പിന്നീട് അൽപം താണു.

ഹെൽത്ത് കെയർ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ്. ഐടി, മെറ്റൽ, ഓട്ടോ, റിയൽറ്റി തുടങിയവ നല്ല ഉയർച്ച കാണിച്ചു. ധനകാര്യ സർവീസ് ബിസിനസ് വേർപെടുത്താൻ നടപടി തുടങ്ങിയതു റിലയൻസ് ഓഹരിയെ മൂന്നര ശതമാനത്താേളം ഉയർത്തി.

അദാനി ഗ്രൂപ്പ് ഓഹരികൾ

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നും നേട്ടത്തിലാണ്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ കമ്പനികൾ നല്ല നേട്ടം കുറിച്ചു. 9500 കോടിയുടെ ഓർഡറുകൾ പ്രതിരോധ വകുപ്പിൽ നിന്നു ലഭിച്ച കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഏഴു ശതമാനം ഉയർന്നു. പിന്നീടു നേട്ടം കുറഞ്ഞു.

ഇന്നലെ ഈ ഓഹരി ഒൻപതു ശതമാനം കയറിയതാണ്. 3600 കോടി രൂപയുടെ ഓർഡർ ലഭിച്ച ഗാർഡൻ റീച്ച് ഷിപ്പ് യാർഡ് ഇന്ന് ഏഴു ശതമാനം ഉയർന്നു. ഇന്നലെയും ഈ ഓഹരി നല്ല കുതിപ്പിലായിരുന്നു. മസഗോൺ ഷിപ്പ് യാർഡ് അഞ്ചു ശതമാനം കയറി.

ഭാരത് ഇലക്ട്രാേണിക്സ് ലിമിറ്റഡിന് (ബെൽ) എട്ടു ശതമാനം നേട്ടമുണ്ടായി. 8000 കോടി രൂപയുടെ ഓർഡർ കിട്ടിയ ഭാരത് ഡൈനാമിക്സ്‌ ഓഹരി പത്തു ശതമാനം ഉയർന്നു.

ജയിൻ ഇറിഗേഷന്റെ കടബാധ്യത

ജയിൻ ഇറിഗേഷന്റെ അന്താരാഷ്ട്ര ബിസിനസ് ടെമാസെക് ഗ്രൂപ്പിലെ റിവുലിസുമായി സംയോജിപ്പിച്ചു. ജയിൻ ഇറിഗേഷന്റെ കടബാധ്യത ഗണ്യമായി കുറയ്ക്കുന്ന ഈ നടപടി ഗ്രൂപ്പിനു കൂടുതൽ വളർച്ച മേഖലകൾ നൽകും. ജയിൻ ഇറിഗേഷൻ ഓഹരി അഞ്ചു ശതമാനം കയറി.

രൂപയുടെ തുടക്കം നേട്ടത്തിലായി. ഡോളർ 21 പൈസ നഷ്ടത്തിൽ 82.12 രൂപയിൽ ഓപ്പൺ ചെയ്തു. സ്വർണം ലോകവിപണിയിൽ 1981 ഡോളറിലാണ്. കേരളത്തിൽ പവന് 240 രൂപ വർധിച്ച് 44,000 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it