പ്രതീക്ഷകള്‍ പാളിയില്ല; വിപണി രാവിലെ നേട്ടത്തില്‍, ഐടി മേഖല കയറുന്നു

എല്ലാ വ്യവസായ മേഖലകളും നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ന് ബാങ്ക്, മീഡിയ, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയവ നല്ല ഉയർച്ച കാണിച്ചു. ചൊവ്വാഴ്ച തകർച്ചയിലായിരുന്ന ഐടി മേഖല ഇന്നു തിരിച്ചു കയറി. അമേരിക്കൻ കമ്പനി എപാം (EPAM)പറഞ്ഞതു പോലെ മോശമല്ല കാര്യങ്ങൾ എന്നു വിപണി കരുതുന്നു.

റെയിൽവേയുടെ കവച് സംവിധാനവുമായി ബന്ധപ്പെട്ട കെർനെക്സ് മൈക്രോസിസ്റ്റംസ് ഓഹരി ഇന്നും അഞ്ചു ശതമാനം കയറി. എച്ച്ബിഎൽ പവർ ആദ്യം അഞ്ചു ശതമാനം കയറിയിട്ടു പിന്നീടു നേട്ടം കുറച്ചു.

എഫ്.എ.സി.ടി ലാഭത്തിൽ

എഫ്.എ.സി.ടി അടക്കം പൊതുമേഖലാ രാസവള കമ്പനികൾ ഇന്ന് രണ്ടു ശതമാനത്തോളം ഉയരത്തിലാണ്. പുതിയ ജലവൈദ്യുത പദ്ധതികൾക്കു മഹാരാഷ്ട്ര സർക്കാരുമായി കരാർ ഒപ്പിട്ട ടാെറന്റ് പവർ ഏഴു ശതമാനം ഉയർന്നു.

ജെറ്റ് എൻജിൻ നിർമാണത്തിനു ജനറൽ ഇലക്ട്രിക്കുമായി ചേർന്നു സംയുക്ത കമ്പനി ഉണ്ടാക്കാൻ അനുമതി ലഭിച്ചത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഓഹരി മൂന്നു ശതമാനം ഉയരാൻ കാരണമായി.

കൊച്ചിൻ ഷിപ്പ് യാർഡ് അടക്കം കഴിഞ്ഞ ദിവസങ്ങളിൽ കയറ്റത്തിലായിരുന്ന കപ്പൽ നിർമാണ കമ്പനികൾ ഇന്നു രാവിലെ നഷ്ടത്തിലായി.

രൂപ ഇന്നും നേട്ടത്തിൽ തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 82.56 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 82.52 രൂപയിലേക്കു താണു. സ്വർണം ലോകവിപണിയിൽ 1963 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 44,480 രൂപ തുടർന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it