സൂചികകൾ ഉയരുന്നു; എച്ച്. ഡി. എഫ്.സി ദ്വയവും മണപ്പുറവും ഫെഡറൽ ബാങ്കും നേട്ടത്തിൽ
പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ ഉയർന്നു. സെൻസെക്സ് ഒരു മണിക്കൂറിനകം 500 പോയിന്റ് നേട്ടത്തിലായി. നിഫ്റ്റി 18,200 നു മുകളിൽ കയറി. ബാങ്ക് നിഫ്റ്റി 1.5 ശതമാനം ഉയർന്നു.
കഴിഞ്ഞ ദിവസം വലിയ തകർച്ച നേരിട്ട എച്ച്. ഡി. എഫ്.സിയും എച്ച്. ഡി. എഫ്.സി ബാങ്കും ഇന്ന് ഉയർച്ചയിലാണ്. ഇഡി പരിശോധനയെ തുടർന്നു കഴിഞ്ഞയാഴ്ച ഇടിഞ്ഞ മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനം ഉയർന്നു.
കോൾ ഇന്ത്യയുടെ നാലാം പാദ റിസൽട്ട് പ്രതീക്ഷയേക്കാൾ താഴെയായത് ഓഹരി വില താഴാൻ ഇടയാക്കി. ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു. ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ 1.5 ശതമാനം ഉയർന്നു.
ലാഭ മാർജിൻ കുത്തനേ താണത് തത്വചിന്തൻ ഫാർമാ കെം ഓഹരിയെ നാലു ശതമാനം താഴ്ത്തി. മാരികോയുടെ റിസൽട്ട് പ്രതീക്ഷയെ മറികടന്നതു വില ഒൻപതു ശതമാനം ഉയർത്തി. ഭാവിവളർച്ച സംബന്ധിച്ച മാനേജ്മെന്റ് നിഗമനം ആവേശകരമാണ്.
ഡി.സി.ബി ബാങ്ക് പലിശ മാർജിനും മറ്റും ഉയർത്തിയത് ഓഹരിവില നാലു ശതമാനം ഉയരാൻ സഹായിച്ചു. കഴിഞ്ഞ ദിവസം നാലര ശതമാനം ഇടിഞ്ഞ ഇൻഡസ് ഇൻഡ് ബാങ്ക് ഇന്ന് 5.5 ശതമാനം കയറി. ലാഭമാർജിൻ ഇടിഞ്ഞ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി 5.5 ശതമാനം താഴ്ന്നു.
ആദിത്യ ബിർല ഫാഷൻ ആൻസ് റീട്ടെയിൽ (എബിഎഫ്ആർഎൽ) ടിസിഎൻഎസ് ക്ളോത്തിംഗിനെ ഏറ്റെടുക്കാൻ ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. എബിഎഫ്ആർഎൽ ഓഹരി ആദ്യം രണ്ടു ശതമാനം താണു. പിന്നീടു കയറ്റത്തിലായി. ടിസിഎൻഎസ് 18 ശതമാനം ഇടിഞ്ഞു.
എം.ആർ.എഫ് ഓഹരി ഒരു ലക്ഷം രൂപയിൽ എത്തി
കഴിഞ്ഞ ദിവസം ഈ പംക്തിയിൽ സൂചിപ്പിച്ചതു പോലെ എം.ആർ.എഫ് ഓഹരി ഒരു ലക്ഷം രൂപയിൽ എത്തി. മേയ് ഫ്യൂച്ചേഴ്സിൽ വില ഒരു ലക്ഷം കുറിച്ചു. ക്യാഷ് വിപണിയിൽ 99,836 രൂപ വരെ കയറി.
എംഎസ് സിഐ സൂചികയിൽ സ്ഥാനം കുറയുമെന്ന സൂചനയെ തുടർന്ന് അദാനി ടോട്ടൽ ഗ്യാസും അദാനി ട്രാൻസ്മിഷനും അഞ്ചു ശതമാനം വീതം ഇടിഞ്ഞു. മറ്റ് അദാനി ഗ്രൂപ്പ് ഓഹരികളും ഇന്നു നഷ്ടത്തിലാണ്.
രൂപ ഇന്ന് ചെറിയ നേട്ടത്തിലാണ്. ഡോളർ നാലു പൈസ നഷ്ടത്തിൽ 81.76 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 81.69 രൂപയിലേക്കു താണു. സ്വർണം ലോക വിപണിയിൽ 2021 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കൂടി 45,280 രൂപയായി.