നിരക്കുമാറ്റം ഇല്ലാതെ പണനയം, വളർച്ച കൂടും, വിലക്കയറ്റം കുറയും

നിഫ്റ്റിയും പണനയ അവതരണ വേളയിൽ വലിയ ചാഞ്ചാട്ടം കാണിച്ചില്ല
Sanjay Malhotra, RBI Governor
Sanjay Malhotra, RBI GovernorImage Courtesy: X.com/UpscforAl
Published on

റിസർവ് ബാങ്കിൻ്റെ പണനയം വിപണിയെ ആശ്വസിപ്പിച്ചു. ആവേശത്തിനോ നിരാശയ്ക്കോ പഴുതില്ലാത്തതായി നയം.

നിരക്കുകളിലോ സമീപനത്തിലോ മാറ്റമില്ലാതെയാണു ഗവർണർ സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിൻ്റെ പണനയം പ്രഖ്യാപിച്ചത്. പണനയ കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഈ വർഷത്തെ ചില്ലറ വിലക്കയറ്റം കുറയുമെന്നും ജിഡിപി വളർച്ച കൂടുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തി.

റീപോ നിരക്ക് (ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന ഏകദിന വായ്പയുടെ പലിശ) 5.50 ശതമാനം എന്നത് തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി 5.75 ശതമാനവും എസ്ഡിഎഫ് നിരക്ക് 5.25 ശതമാന  ശതമാനവും തുടരും.

ഈ ധനകാര്യ വർഷം ചില്ലറവിലക്കയറ്റ പ്രതീക്ഷ 3.1 ശതമാനത്തിൽ നിന്നു 2.6 ശതമാനമായി കുറച്ചു. രണ്ടും മൂന്നും പാദങ്ങളിൽ 1.8 ശതമാനം വീതം വിലക്കയറ്റമാണു പ്രതീക്ഷ നാലാം പാദത്തിൽ നാലു ശതമാനമായി വിലക്കയറ്റം കൂടും.

ജിഡിപി വളർച്ച പ്രതീക്ഷ കൂട്ടി

ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 6.5 ൽ നിന്ന് 6.8 ശതമാനമായി ഉയർത്തി. ഒന്നാം പാദ വളർച്ച 7.8 ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ഏഴ്, മൂന്നിൽ 6.4, നാലിൽ 6.2 ശതമാനം എന്നിങ്ങനെയാണു പുതിയ നിഗമനം.

വിപണി പ്രതീക്ഷിച്ചതുപോലുള്ള നയമാണു ഗവർണർ പ്രഖ്യാപിച്ചത്. നയസമീപനം ന്യൂട്രൽ എന്നതും തുടരും. 

വിദേശ നാണയവിപണി പണനയത്തിന് അനുകൂലമായ പ്രതികരണവും നൽകി. രൂപ കരുത്തു നേടി. 88.77 രൂപയിൽ നിന്നു ഡോളർ 88.69 രൂപ വരെ താഴ്ന്നു. കയറ്റുമതിയിൽ വെല്ലുവിളി ഉണ്ടെങ്കിലും രാജ്യത്തിൻ്റെ കറൻ്റ് അക്കൗണ്ടിൽ വെല്ലുവിളി ഇല്ലെന്നു ഗവർണർ പറഞ്ഞു.

എൻബിഎഫ്സികൾക്ക്  അടിസ്ഥാന സൗകര്യമേഖലയിൽ വായ്പ വർധിപ്പിക്കാൻ അത്തരം വായ്പകളുടെ റിസ്ക് വെയിറ്റ് കുറച്ചു.

സെൻസെക്സും നിഫ്റ്റിയും

നിഫ്റ്റിയും പണനയ അവതരണ വേളയിൽ വലിയ ചാഞ്ചാട്ടം കാണിച്ചില്ല. തുടക്കത്തിലെ നിലയിലേക്കു സൂചികകൾ തിരികെ എത്തിയിട്ട് അൽപം ഉയർന്നു. പ്രസ്താവന തുടങ്ങുമ്പോൾ 0.25 ശതമാനം ഉയരത്തിലായിരുന്ന സൂചികകൾ 0.35 ശതമാനം നേട്ടത്തിലേക്കു കയറി. ബാങ്ക് നിഫ്റ്റി 0.45 ൽ നിന്ന് 0.65 ശതമാനം നേട്ടത്തിലേക്കു കുതിച്ചു.

എസ്കോർട്സ് കുബോട്ടയുടെ സെപ്റ്റംബർ മാസത്തെ ട്രാക്ടർ വിൽപന 47.6 ശതമാനം വർധിച്ച് 18,000-ലധികമായി. ഓഹരി നാലു ശതമാനം കുതിച്ചു.

സിംഗിൾ മാൾട്ട് വിസ്കി നിർമാണത്തിനു ഡിസ്റ്റിലറി തുടങ്ങാനും ബോട്ടിൽ നിർമാണത്തിനുള്ള പോളി എഥിലിൻ ടെറഫ്തലേറ്റ് നിർമിക്കാനുളള പ്ലാൻ്റ് സ്ഥാപിക്കാനുമായി 527 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അലൈഡ് ബ്ലെൻഡേഴ്സ് അറിയിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നു. 

അമേരിക്കൻ ഗവണ്മെൻ്റുമായി മരുന്നുവിലയുടെ കാര്യത്തിൽ ധാരണ ഉണ്ടാക്കിയ ഫൈസറിൻ്റെ ഇന്ത്യൻ ഉപകമ്പനിയുടെ ഓഹരി ആറു ശതമാനം കുതിച്ചു. അമേരിക്കയിലേക്ക് സ്പെഷാലിറ്റി ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്ന സൺ ഫാർമസ്യൂട്ടിക്കൽസ് മൂന്നു ശതമാനം ഉയർന്നു.

സെപ്റ്റംബറിലെ ടൂവീലർ വിൽപന ഒമ്പതു ശതമാനം വർധിപ്പിച്ച ബജാജ് ഓട്ടോയുടെ ഓഹരി രണ്ടു ശതമാനം കയറി.

സ്വർണം, ക്രൂഡ്

സ്വർണം ലോകവിപണിയിൽ 3861 ഡോളറിൽ നിൽക്കുന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ കുതിച്ച് 87,000 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ രാവിലെ ചെറിയ കയറ്റത്തിലാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 66.23 ഡോളർ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com