

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. ത്രിദിന പണനയ കമ്മിറ്റി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര റീപോ നിരക്കിലോ മറ്റു നിരക്കുകളിലോ മാറ്റം വരുത്തുന്നില്ലെന്ന് അറിയിച്ചു. ജിഡിപി വളര്‍ച്ച പ്രതീക്ഷയായ 6.5 ശതമാനത്തിലും മാറ്റം വരുത്തിയില്ല. എന്നാല്‍ ചില്ലറ വിലക്കയറ്റം ഈ ധനകാര്യ വര്‍ഷം കണക്കാക്കിയിരുന്ന 3.7 ശതമാനത്തില്‍ നിന്ന് 3.1 ശതമാനം ആയി കുറച്ചു.
റിസര്‍വ് ബാങ്കിന്റെ പണനയ സമീപനം ന്യൂട്രല്‍ നിലയില്‍ തുടരും.
ബാങ്കുകള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്. ഇതു കയറ്റുകയോ കുറയ്ക്കുകയോ ചെയ്യുന്നതനുസരിച്ച് മറ്റു പലിശ നിരക്കുകള്‍ മാറും.
ഇപ്പോള്‍ 5.5 ശതമാനമാണു റീപോ നിരക്ക്. 6.5 ശതമാനത്തില്‍ നിന്നു മൂന്നു തവണ നിരക്കു കുറച്ചാണ് 5.5 ശതമാനത്തില്‍ എത്തിയത്. അമേരിക്ക തീരുവയുദ്ധം നടത്തുന്ന സാഹചര്യത്തില്‍ ജിഡിപി വളര്‍ച്ച പിടിച്ചു നിര്‍ത്താന്‍ നിരക്ക് കുറയ്ക്കണമെന്നു പലരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ മല്‍ഹോത്ര അതിനോടു യോജിച്ചില്ല.
ജിഡിപി വളര്‍ച്ചയ്ക്കു തീരുവയുദ്ധം ഭീഷണിയാകും എന്ന വിലയിരുത്തല്‍ ഗവര്‍ണര്‍ മല്‍ഹോത്ര സ്വീകരിച്ചില്ല. വളര്‍ച്ചയെ ബാധിക്കാത്ത വിധം സാഹചര്യം കൈകാര്യം ചെയ്യാനാകും എന്നാണു ഗവര്‍ണറുടെ നിലപാട്.
നയ പ്രഖ്യാപനത്തിനു മുന്‍പ് ആയിരുന്ന നിലയില്‍ നിന്ന് നിഫ്റ്റിയും സെന്‍സെക്‌സും പിന്നീടു താഴ്ന്നു. ബാങ്ക് നിഫ്റ്റിയും താഴോട്ടു നീങ്ങി. പലിശ കുറയ്ക്കാത്തത് വിപണിയുടെ പ്രതീക്ഷയ്ക്കു നിരക്കുന്നതായില്ല.
നയപ്രഖ്യാപനത്തിനു ശേഷം രൂപയും താഴ്ന്നു. പ്രഖ്യാപനം തുടങ്ങുമ്പോള്‍ 87.70 രൂപയില്‍ ആയിരുന്ന ഡോളര്‍ പിന്നീട് 87.74 രൂപ ആയി.
വിപണി ചാഞ്ചാട്ടത്തോടുകൂടിയാണ് വ്യാപാരം തുടങ്ങിയത്. അല്‍പസമയത്തിനു ശേഷം മുഖ്യസൂചികകള്‍ കയറ്റത്തിലായി. പക്ഷേ താമസിയാതെ ചാഞ്ചാട്ടം പുനരാരംഭിച്ചു.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലായി.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇന്നും നഷ്ടം കാണിച്ചു. അമേരിക്കന്‍ ചുങ്കം അങ്ങോട്ടുള്ള കയറ്റുമതിയിലെ ലാഭം കുറയ്ക്കും എന്നു വിപണി കണക്കാക്കുന്നു.
69,000 കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ കാബിനറ്റ് കമ്മിറ്റി അനുവാദം നല്‍കിയതിനെ തുടര്‍ന്ന് പ്രമുഖ പ്രതിരോധ കമ്പനികള്‍ ഉയര്‍ന്നു.
രൂപ ഇന്നു രാവിലെ അല്‍പം നേട്ടത്തിലാണ് ഓപ്പണ്‍ ചെയ്തത്. ഡോളര്‍ എട്ടു പൈസ താഴ്ന്ന് 87.72 രൂപയില്‍ വ്യാപാരം ആരംഭിച്ചു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3373 ഡോളറിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കൂടി 75,040 രൂപയായി. കഴിഞ്ഞ മാസം 23ന് ഇതേ റെക്കോര്‍ഡ് വിലയില്‍ പവന്‍ എത്തിയതാണ്.
ക്രൂഡ് ഓയില്‍ വില ഇടിവിനു ശേഷം കയറ്റത്തിലായി. ബ്രെന്റ് ഇനം ബാരലിന് 68.08 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine