
വിപണി ഇന്നു ചെറിയ നേട്ടത്തിലാണു വ്യാപാരം ആരംഭിച്ചത്. വ്യാപാര യുദ്ധവും രാജ്യാന്തര സംഘര്‍ഷങ്ങളും കുതിപ്പിനു തടസമായി. തുടക്കത്തില്‍ മുഖ്യ സൂചികകള്‍ ചാഞ്ചാടിയെങ്കിലും പിന്നീടു ക്രമമായി ഉയര്‍ന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യ സൂചികകള്‍ അര ശതമാനം നേട്ടത്തിലാണ്.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നും മുന്നേറ്റത്തിനു നേതൃത്വം നല്‍കി. ബാങ്ക് നിഫ്റ്റി താരതമ്യേന ദുര്‍ബലമായി.
അപൂര്‍വധാതുക്കളുടെ കുത്തക അവകാശപ്പെടാവുന്ന ചൈന അവയുടെ കയറ്റുമതിക്കു വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വൈദ്യുത വാഹനങ്ങളുടെ ഉല്‍പാദനം നിലയ്ക്കാന്‍ കാരണമാകുമെന്നു കമ്പനികള്‍ പറയുന്നു. അപൂര്‍വ ധാതുക്കളുടെ 90 ശതമാനം ഉല്‍പാദനവും അവയെ മാഗ്‌നറ്റുകളാക്കി മാറ്റുന്ന പ്രക്രിയയും ചൈനയിലാണ്. പെട്ടെന്ന് ഈ ആശ്രിതത്വം മാറ്റിയെടുക്കാനാവില്ല.
മണ്‍സൂണ്‍ നേരത്തേ തുടങ്ങിയത് ഖാരിഫ് വിളവിറക്കല്‍ വര്‍ധിക്കാന്‍ കാരണമാകും. സ്വാഭാവികമായും രാസവള ഉപയോഗവും കൂടും. എഫ്എസിടി അടക്കം രാസവള കമ്പനികളുടെ ഓഹരികള്‍ രണ്ടു ദിവസമായി കുതിപ്പിലാണ്. രാസവള ഓഹരികളുടെ വില കുറേക്കൂടി ഉയര്‍ന്ന അനുപാതത്തില്‍ ആകാം എന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ വിപണിക്കുള്ളത്. ഇന്നലെ 15 ശതമാനം കുതിച്ച എഫ്എസിടി ഇന്ന് ഏഴര ശതമാനം ഉയര്‍ന്നു. ഇന്നലെ ഒന്‍പതു ശതമാനം കയറിയ ആര്‍സിഎഫ് ഇന്ന് നാലു ശതമാനം നേട്ടത്തിലാണ്. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മദ്രാസ് ഫെര്‍ട്ടിലൈസര്‍, ജിഎസ്എഫ്‌സി തുടങ്ങിയവയും കുതിപ്പിലാണ്.
ട്രാക്ടര്‍ കമ്പനികളും നേരത്തേ തുടങ്ങിയ മണ്‍സൂണില്‍ ഉയര്‍ന്ന വില്‍പന പ്രതീക്ഷിക്കുന്നുണ്ട്.
ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികള്‍ ഇന്നു നേട്ടത്തിലാണ്. ഓര്‍ക്കിഡ്, ഡോ. റെഡ്ഡീസ്, സിപ്ല,ഗ്ലെന്‍മാര്‍ക്ക്, ലൂപിന്‍, വൊക്കാര്‍ട്ട്, സണ്‍ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം കയറി.
വിദേശ ബ്രോക്കറേജുകള്‍ വാങ്ങല്‍ ശിപാര്‍ശ നല്‍കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നര ശതമാനം ഉയര്‍ന്നു.
രൂപ ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 85.88 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.96 രൂപയിലേക്കു ഡോളര്‍ കയറി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3375 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപ ഉയര്‍ന്ന് 73,040 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ വില താഴുകയാണ്. ഉല്‍പാദനം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളാണു വില ഇടിക്കുന്നത്. ബ്രെന്റ് ഇനം ക്രൂഡ് 64.71 ഡോളറിലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine