

ആഗോള വിപണികളുടെ ആവേശം ഏറ്റെടുത്ത് ഇന്ത്യൻ വിപണി ഇന്നു മികച്ച മുന്നേറ്റം നടത്തി. രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്നു വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ പിന്നീടു നേട്ടം മൂന്നു ശതമാനത്തിനടുത്താക്കി. വിശാലവിപണി കൂടുതൽ ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നര ശതമാനത്തിലധികം കയറി.
ഭാവിയിൽ ആക്രമണം ഉണ്ടാകാതിരിക്കാൻ ഗാരൻ്റികൾ ലഭിച്ചാൽ യുദ്ധവിരാമത്തിനു തയാറാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞതായി യൂറോപ്യൻ യൂണിയൻ പ്രസിഡൻ്റ് അറിയിച്ചു. യുദ്ധം തീരും എന്ന പ്രതീക്ഷ ഇതോടെ ശക്തമായി. ഇന്ത്യൻ സമയം നാളെ രാവിലെ യുദ്ധം സംബന്ധിച്ചു സുപ്രധാന പ്രസ്താവന നടത്തും എന്നു യുഎസ് പ്രസിഡൻ്റ് ട്രംപും പറഞ്ഞിട്ടുണ്ട്.
ഇൻഫോസിസിന് മുൻവർഷങ്ങളിലെ ആദായനികുതി റീഫണ്ട് ആയി 1754 കോടി രൂപ ലഭിക്കും എന്നു കമ്പനി അറിയിച്ചു. ഇൻഫോസിസ് അടക്കം പ്രമുഖ ഐടി കമ്പനികൾ നാലു ശതമാനത്തോളം ഉയർന്നു. ഐടി സൂചിക നാലു ശതമാനം വരെ കയറി.
അഷിക ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സിനു 2730 രൂപയും മസഗോൺ ഡോക്കിന് 2935 രൂപയും ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി. കൊച്ചിൻ ഷിപ്പ് യാർഡിന് വിമാനവാഹിനി കപ്പൽ നിർമാണ കരാർ ലഭിക്കുന്നതു വലിയ നേട്ടം ആകുമെന്ന് അഷിക വിലയിരുത്തി. മൂന്നു കമ്പനികളുടെയും ഓഹരികൾ 18 ശതമാനം വരെ കുതിച്ചു.
കഴിഞ്ഞ ധനകാര്യ വർഷം വിറ്റുവരവ് 20 ശതമാനത്തിലധികം വർധിപ്പിച്ച സ്റ്റീൽ സ്‌ട്രിപ്‌സ് ഓഹരി 10 ശതമാനം ഉയർന്നു.
ബ്രോക്കറേജുകൾക്കു വായ്പയും മറ്റും നൽകുന്നതിനു നേരത്തേ പ്രഖ്യാപിച്ച കടുത്ത നിബന്ധനകൾ നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്കു റിസർവ് ബാങ്ക് മാറ്റിവച്ചു. യുദ്ധസാഹചര്യം പരിഗണിച്ചാണു മാറ്റിവയ്ക്കൽ. ഇന്നാണു നിയന്ത്രണം നടപ്പാക്കേണ്ടിയിരുന്നത്.
ഏഞ്ചൽ വൺ, മോട്ടിലാൽ ഓസ്വാൾ, ജിയോജിത്, ഗ്രോ തുടങ്ങിയ ബ്രോക്കറേജുകൾ എട്ടു ശതമാനം വരെ കയറി. സിഡിഎസ്എൽ, ബിഎസ്ഇ, എംസിഎക്സ്, ഐഇഎക്സ് തുടങ്ങിയവ ഏഴു ശതമാനത്തോളം ഉയർന്നു
വിമാന ഇന്ധനവില ഇരട്ടിയാക്കിയ വിജ്ഞാപനം ഇന്ത്യൻ ഓയിൽ കോർപറേഷൻ പിൻവലിച്ചു. ആഭ്യന്തര സർവീസ് വിമാനങ്ങൾക്കു 8.5 ശതമാനം വർധന മാത്രം വരുത്തി പുതിയ വിജ്ഞാപനം ഇറക്കി. വിദേശ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ഉയർന്ന വില ചുമത്തും.
ഇൻഡിഗോ, സ്പൈസ് ജെറ്റ് ഓഹരികൾ എട്ടു ശതമാനത്തിലധികം ഉയർന്നു. ബ്രിട്ടീഷ് എയറിൻ്റെ മുൻ മേധാവി വില്യം വാൽഷിനെ ഇൻഡിഗോയുടെ സിഇഒ ആയി നിയമിച്ചു. അതും ഓഹരിയെ ഉയർത്തി.
ലോകവിപണിയിൽ സ്വർണം ഔൺസിന് 4686 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1440 രൂപ വർധിച്ച് 1,11,080 രൂപയായി. സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്ന് നാലു ശതമാനത്തോളം നേട്ടത്തിലായി.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 105.52 ഡോളറിലാണ്. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ ഉയർന്നു. ഒഎൻജിസിയും ഓയിൽ ഇന്ത്യയും രാവിലെ താഴ്ന്നു.
ബാങ്കുകൾക്കു വാർഷിക ക്ലോസിംഗ് ദിവസമായതിനാൽ ഇന്നു വിദേശനാണയ വിനിമയ വിപണി പ്രവർത്തിക്കുന്നില്ല. വിദേശത്തെ നോൺ ഡെലിവറേബിൾ ഫോർവേഡ് വിപണിയിൽ ഡോളർ 93.59 രൂപ വരെ കയറിയിട്ടു 93.55 ലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine