

വിപണി വീണ്ടും താഴോട്ടാണു നീങ്ങുന്നത്. നിഫ്റ്റി 24,000-നു താഴേക്കു പോകാൻ സമ്മർദം നേരിടുന്നു.
ഇന്നലെ വൈകുന്നേരം ക്ലോസിംഗ് ഓക്‌ഷൻ സെഷനിൽ ഉണ്ടാക്കിയ നേട്ടമത്രയും നഷ്‌ടപ്പെടുത്തിയാണു ബാങ്ക് നിഫ്റ്റി രാവിലെ വ്യാപാരം ആരംഭിച്ചത്. ബാങ്ക് നിഫ്റ്റിയും ധനകാര്യ കമ്പനി സൂചികയും ഒരു ശതമാനത്തിലധികം താഴ്ചയിലായി.
മിഡ് ക്യാപ് സൂചിക രാവിലെ 1.25 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾ ക്യാപ് സൂചികകൾ ചെറിയ നഷ്‌ടത്തിൽ നിന്നു.
ഐടിസി ഇൻഫോടെക് ഏറ്റെടുക്കുന്ന ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്‌നോളജി ഓഹരി രാവിലെ എട്ടര ശതമാനം ഇടിഞ്ഞു. ഐടിസി ഇൻഫോടെകിൻ്റെ മാതൃ കമ്പനിയായ ഐടിസി നാലു ശതമാനം വരെ ഉയർന്നു.
വാഹനവിൽപനയിലും കയറ്റുമതിയിലും വലിയ മുന്നേറ്റം നടത്തിയ ബജാജ് ഓട്ടോ ഓഹരി രണ്ടര ശതമാനം വരെ കയറി.
അദാനി ഗ്രൂപ്പ് ഓഹരികൾ രാവിലെ മൂന്നു ശതമാനം മുന്നേറി.
വിമാന ഇന്ധനവില തുടർച്ചയായ രണ്ടാം മാസവും വർധിപ്പിച്ചതിനെ തുടർന്ന് ഇൻഡിഗോയും സ്‌പൈസ് ജെറ്റും മൂന്നു ശതമാനത്തിലധികം താഴ്ചയിലായി.
ഗ്രാഫൈറ്റ് റോഡുകളുടെ ഉൽപാദനം ഗണ്യമായി കുറയ്ക്കാൻ അമേരിക്കൻ കമ്പനി ഗ്രാഫ്ടെക് തീരുമാനിച്ചതിനെ തുടർന്ന് ഗ്രാഫൈറ്റ് ഇന്ത്യ ഓഹരി ഏഴു ശതമാനം കയറി. എച്ച്ഇജി മൂന്നു ശതമാനം ഉയർന്നു.
റിലയൻസ് ഓഹരിക്കു മോർഗൻ സ്റ്റാൻലി 1710 രൂപ ലക്ഷ്യവിലയായി നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.
മോർഗൻ സ്റ്റാൻലി മുത്തൂറ്റ് ഫിനാൻസിൻ്റെ ലക്ഷ്യവില 3705 രൂപയായി നിർണയിച്ചു. ഓഹരിക്കു വാങ്ങൽ ശിപാർശയും നൽകി.
എച്ച്എസ്ബിസി ഭാരതി എയർടെലിൻ്റെ ലക്ഷ്യവില 2500 രൂപയായി ഉയർത്തി.
നിപ്പോൺ ലൈഫിന് നൊമുറ 1230 രൂപ ലക്ഷ്യവിലയായി നിർണയിച്ചു.
മുംബൈ ആസ്ഥാനമായ ത്രിഭുവൻ ദാസ് ഭീംജി ജാവേരി (ടിബിസെഡ്) എന്ന ജ്വല്ലറി സ്ഥാപനത്തെ ചെന്നൈയിലെ ജിആർടി ജ്വല്ലേഴ്സ് ഏറ്റെടുക്കുന്നു. പ്രൊമോട്ടർമാരിൽ നിന്നു ടിബിസെഡിൻ്റെ 74 ശതമാനം ഓഹരി ജിആർടി വാങ്ങി. 26 ശതമാനം ഓഹരിക്ക് 249.61 രൂപ വച്ച് ഓപ്പൺ ഓഫർ നൽകി. ടിബിസെഡ് ഓഹരി 20 ശതമാനം കുതിച്ച് 366.80 രൂപയിൽ എത്തി. ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണു ജിആർടി. ജി. രാജേന്ദ്രൻ ആണു കമ്പനി ചെയർമാൻ. 162 വർഷം പഴക്കമുള്ള ടിബിസെഡിനെ ഏറ്റെടുത്ത ജിആർടി 1964-ൽ തുടങ്ങിയതാണ്.
മികച്ച ഒന്നാം പാദ റിസാർട്ടിനെ തുടർന്ന് മിൽക്കി മിസ്റ്റ് ഡെയറി എട്ടു ശതമാനം ഉയർന്നു.
രൂപ ഇന്നു ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 16 പൈസ താഴ്‌ന്നു 95.00 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ ഇടയ്ക്ക് 95.05 രൂപയിലേക്കു കയറിയിട്ടു 94.85 രൂപ വരെ താഴ്ന്നു .
സ്വർണം ലോകവിപണിയിൽ ഔൺസിന് 4430 ഡോളറിലേക്കു താഴ്ന്നു. പലിശ കൂടും എന്ന നിഗമനമാണു കാരണം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കൂടി 1,15,080 രൂപയായി.
ക്രൂഡ് ഓയിൽ വില 91 ഡോളറിനു മുകളിൽ നിൽക്കുന്നു. ബ്രെൻ്റ് ഇനം 91.29ഡോളറിലും ഡബ്ള്യുടിഐ ഇനം 86.77 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine