

യുദ്ധത്തിൻ്റെ ആശങ്കയിൽ നിന്നു വിപണി സാവധാനം മാറുകയാണ്. പ്രീ ഓപ്പൺ വ്യാപാരത്തിൽ വലിയ തകർച്ച കാണിച്ച സൂചികകൾ പിന്നീടു നഷ്‌ടം കുറച്ചു. സെൻസെക്സ് 2700 ഉം നിഫ്റ്റി 520 ഉം പോയിൻ്റ് നഷ്‌ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നഷ്‌ടം 1.25 ശതമാനമായി കുറച്ചു. നിഫ്റ്റി 25,000 നും സെൻസെക്സ് 80,650 നും സമീപം എത്തിയ ശേഷം വീണ്ടും താഴ്‌ന്നു.
ക്രൂഡ് ഓയിൽ വിലക്കയറ്റം, ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് മുടക്കം, ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി മുടക്കം, ധനകാര്യ ഇടപാടുകളുടെ സ്തംഭനം തുടങ്ങിയ കാരണങ്ങളാണ് ഓഹരികളെ ഇടിവിലാക്കുന്നത്. കയറ്റുമതിക്കാർക്കും ഗൾഫിൽ നിർമാണ കരാറുകൾ ഉള്ളവർക്കും വ്യോമയാന കമ്പനികൾക്കും വലിയ തിരിച്ചടിയായി.
വരുന്ന മണിക്കുറുകളിലും ദിവസങ്ങളിലും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിപണിഗതിയെ സ്വാധീനിക്കും.
മുത്തൂറ്റ് ഫിനാൻസിന് മോർഗൻ സ്റ്റാൻലി 4500 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി. രാവിലെ ഒരു ശതമാനത്തിലധികം ഉയർന്ന് 3400 രൂപയിലാണ് ഓഹരി.
ബ്രോക്കറേജ് ഗ്രോയ്ക്ക് (ബില്യൺ ബ്രെയിൻസ് ഗരാഷ്) യുബിഎസ് 185 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി രാവിലെ 3.5 ശതമാനം താഴ്ന്ന് 158 രൂപയ്ക്കു താഴെ വന്നു.
വിദേശ ബ്രോക്കറേജ് ബേൺസ്റ്റൈൻ എറ്റേണലിന് (സൊമാറ്റോ) 370 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി 243 രൂപയിലേക്കു താഴ്‌ന്നു.
സിഇഒയെ ജിഎസ്ടി വെട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്നു കഴിഞ്ഞ ദിവസം എട്ടു ശതമാനം ഇടിഞ്ഞ ഫിനോ പേമെൻ്റ്സ് ബാങ്ക് ഇന്നും താഴ്ചയിലായി. രാവിലെ ഏഴു ശതമാനത്തിലധികം ഇടിഞ്ഞ ഓഹരി പിന്നീട് നഷ്‌ടം മൂന്നു ശതമാനമായി കുറച്ചു. സ്മോൾ ഫിനാൻസ് ബാങ്ക് ആയി മാറാനുള്ള ഫിനോയുടെ ഉദ്യമത്തിന് സംഭവം തിരിച്ചടിയാണ്.
വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ലക്ഷ്യവില 673 രൂപയായി നിശ്ചയിച്ച ടാറ്റാ മോട്ടോഴ്സ് സിവി രാവിലെ എഴു ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്‌ടം രണ്ടു ശതമാനമായി കുറച്ചു.
രൂപ ഇന്നു വലിയ നഷ്‌ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 27 പൈസ (0.30 ശതമാനം) ഉയർന്ന് 91.25 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 91.39 ലേക്കു കയറി. ഡോളർ സൂചിക 97.79 ലാണു നിൽക്കുന്നത്.
സ്വർണം ലോക വിപണിയിൽ ഔൺസിന് 5365 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപ ആയി. ശനിയാഴ്ച കേരളത്തിൽ രണ്ടു തവണയായി സ്വർണവില 1,26,920 രൂപയിലേക്ക് ഉയർത്തിയിരുന്നു. ലോകവിപണിയിൽ വില ഉയരാത്ത ദിവസമായിരുന്നു ആ കയറ്റം.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,67,915 രൂപ വരെ എത്തി.
വെള്ളി ലോകവിപണിയിൽ ഔൺസിന് 94.67 ഡോളറിലേക്ക് എത്തി. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,85,700 രൂപ വരെ കയറി.
സ്വർണം, വെള്ളി ഇടിഎഫുകൾ രാവിലെ നല്ല നേട്ടത്തിലായി. വെള്ളി ഇടിഎഫുകൾ 10 ശതമാനത്തിലധികം കയറി.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 77.12 ഡോളറിൽ എത്തി. 5.8 ശതമാനം കയറ്റമാണ് അത്. രാവിലെ 82 ഡോളർ വരെ ഉയർന്നിട്ടു താഴുകയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine