

ക്രൂഡ് ഓയിൽ വില 110 ഡോളറിനു താഴേക്കു വീണതും രൂപ നേട്ടത്തിലായതും റിലയൻസ് ഓഹരി കുതിച്ചതും ഇന്നു രാവിലെ ഇന്ത്യൻ വിപണിയെ ഒരു ശതമാനത്തിലധികം നേട്ടത്തിൽ എത്തിച്ചു. നിഫ്റ്റി 270 പോയിന്റ് ഉയർന്നപ്പോൾ 140 പോയിന്റും റിലയൻസിൻ്റെ സംഭാവനയായിരുന്നു.
മുഖ്യസൂചികകൾ തുടക്കം മുതൽ നല്ല മുന്നേറ്റത്തിലായിരുന്നു. രാവിലെ സെൻസെക്സ് 75,490 ഉം നിഫ്റ്റി 23,331 ഉം വരെ കയറി. ബാങ്ക് നിഫ്റ്റി നേട്ടം കുറവായിരുന്നു. തുടക്കത്തിൽ പിന്നിലായിരുന്ന മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ പിന്നീട് മുന്നേറി.
ഓയിൽ, കൺസ്യൂമർ ഡ്യുറബിൾസ്, ഓട്ടോ, മെറ്റൽ, റിയൽറ്റി മേഖലകൾ കുതിച്ചു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പാദ റിസൽട്ടിനെ തുടർന്നു റിലയൻസ് ഓഹരി രാവിലെ ഏഴു ശതമാനം കുതിച്ച് 1246 രൂപയ്ക്കു മുകളിൽ എത്തി. 2024 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. ഓഹരിക്കു വിവിധ ബ്രോക്കറേജുകൾ നിർണയിച്ച ശരാശരി ലക്ഷ്യവില 1666 രൂപയാണ്. ജിയോ പ്ലാറ്റ്ഫോംസ് രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്നിട്ടു നേട്ടം കുറച്ചു. ജിയോ ഫിനാൻസ് നാലു ശതമാനം ഉയർന്നു.
റെക്കോർഡ് വാഹന വിൽപനയെ തുടർന്ന് മാരുതി സുസുകി ഓഹരി നാലു ശതമാനത്തിലധികം ഉയർന്നു.
പ്രതീക്ഷയെ മറികടന്നറിസൽട്ടിനെ തുടർന്നു മുത്തൂറ്റ് ഫിനാൻസ് ഓഹരി നാലു ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ അറ്റപലിശ വരുമാന മാർജിൻ 11.93 ശതമാനമായി ഉയർന്നു. ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയ സിഎൽഎസ്എ 3500 രൂപയാണു ലക്ഷ്യവില നിർണയിച്ചത്. മണപ്പുറം ഫിനാൻസ് രണ്ടു ശതമാനം കയറി.
വരുമാനം 26.3 ശതമാനം വർധിച്ചെങ്കിലും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിനു പ്രവർത്തനനഷ്ടം നേരിട്ടു. അറ്റാദായം 93.3 ശതമാനം ഇടിഞ്ഞു. ഓഹരി പത്തു ശതമാനം വരെ താഴ്ന്നിട്ട് നഷ്ടം കുറച്ചു.
വെൽസ്പൺ ലിവിംഗ് രണ്ടാം പാദത്തിൽ വരുമാനം 16.3 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 13 മടങ്ങായി ഉയർത്തി. ഓഹരി പത്തു ശതമാനത്തോളം കുതിച്ചു.
മദർസൺ സുമി വയറിംഗ് രണ്ടാം പാദ വരുമാനം 46.8 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 35.1 ശതമാനം കൂടി. കമ്പനിയുടെ ലാഭമാർജിൻ 9.2 ശതമാനമായി. ഓഹരി 12 ശതമാനം വരെ കയറി.
കോൺട്രാക്ട് നിർമാണ കമ്പനിയായ ഡിക്സൺ ടെക്നോളജീസിനു വരുമാനം 46.7% കൂടിയപ്പോൾ അറ്റാദായം 48.7% കുറഞ്ഞു എങ്കിലും വാർഷിക ലക്ഷ്യം നേടുമെന്ന മാനേജ്മെൻ്റ് വിശദീകരണത്തെ തുടർന്ന് ഓഹരി എട്ടു ശതമാനം മുന്നേറി.
രൂപ ഇന്നു നേട്ടത്തോടെ വ്യപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 94.89 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 94.70 രൂപയിലേക്കു താണു.
ലോക വിപണിയിൽ സ്വർണം താഴ്ന്നു 3905 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 360 രൂപ വർധിച്ച് 1,02,200 രൂപയായി.
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം 109.67 ഡോളറിലും ഡബ്ള്യുടിഐ ഇനം 100.62 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine