

കുത്തനേ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണിയിൽ മിഡ് ക്യാപ് ഓഹരികൾ വലിയ ഇടിവിലായി. പലിശക്കാര്യത്തിലെ ആഗോള ആശങ്കയാണ് മറ്റ് ഏഷ്യൻ വിപണികളുടെ ഒപ്പം ഇന്ത്യയെയും താഴ്ത്തിയത്. ഏതാനും ദിവസം 24,000 ൽ സമ്മർദം ചെലുത്തിയിരുന്ന നിഫ്റ്റി രാവിലെ ആ പിന്തുണ നഷ്‌ടപ്പെട്ട് 23,786 വരെ ഇടിഞ്ഞു. സെൻസെക്സ് 76,136 വരെ താഴ്ന്നു.
ക്രൂഡ് ഓയിൽ വില 95 ഡോളറിനു മുകളിലേക്ക് ഉയർന്നതിനെ തുടർന്നു പെയിൻ്റ്, വ്യോമയാന കമ്പനികൾ മൂന്നു ശതമാനത്തോളം താഴ്ന്നു. ഓയിൽ മാർക്കറ്റിംഗ് കമ്പനികളും ഇടിവിലായി. ടയർ കമ്പനികളും താഴ്ന്നു.
ജിആർടി ഇന്ത്യ ഏറ്റെടുക്കാൻ പോകുന്ന ത്രിഭുവൻ ദാസ് ജാവേരി ജ്വല്ലേഴ്സ് ഓഹരി ഇന്ന് പത്തു ശതമാനം ഉയർന്നു. ഇന്നലെ 20 ശതമാനം കുതിച്ചതാണ്.
218.65 കോടി രൂപയുടെ നിർമാണ ഓർഡർ രാജസ്ഥാൻ സർക്കാരിൽ നിന്നു കിട്ടുമെന്ന് ഉറപ്പായതിനെ തുടർന്ന് ഇഎംഎസ് ലിമിറ്റഡ് ഓഹരി എട്ടു ശതമാനം കുതിച്ചു.
അൾട്രാടെക് സിമൻ്റ് കേബിൾ - വയർ ബിസിനസിലേക്കു കടന്നു. ഗുജറാത്തിൽ ആദ്യത്തെ കേബിൾ - വയർ നിർമാണ യൂണിറ്റ് ഉൽപാദനം ആരംഭിച്ചു.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഐസ് ക്രീം (ബോംബെ ക്രീം) മുംബൈയിൽ അവതരിപ്പിച്ചു. ക്വാളിറ്റി വാൾസ് ഓഹരി രണ്ടു ശതമാനം ഇടിഞ്ഞു. റിലയൻസ് ഒരു ശതമാനം കയറി.
ടൂവീലർ കയറ്റുമതി 50 ശതമാനത്തിലധികം കൂടിയെങ്കിലും ബജാജ് ഓട്ടോ ഓഹരി മൂന്നു ശതമാനം നഷ്ടത്തിലായി.
ഷാരൂഖ് ഖാനെ മോഡലാക്കി പുതിയ ബ്രാൻഡ് കാംപയിൻ നടത്താൻ തീരുമാനിച്ച വോഡഫോൺ ഐഡിയ ഓഹരി നാലു ശതമാനം കുതിച്ചു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ താഴ്‌ന്നു 94.89 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 94.96 രൂപ വരെ കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4290 ഡോളറിലേക്കു താഴ്ന്നു. പിന്നീടു 4303 വരെ കയറി. പലിശ കൂടും എന്ന നിഗമനമാണ് ഇടിവിനു കാരണം. കേരളത്തിൽ 22 കാരറ്റ് സ്വർണം വിലമാറ്റം ഇല്ലാതെ പവന് 1,13,720 രൂപയിൽ തുടരുന്നു.
സ്വർണം, വെള്ളി ഇടിഎഫുകൾ മൂന്നു ശതമാനം വരെ ഇടിഞ്ഞു.
ക്രൂഡ് ഓയിൽ വില 96 ഡോളറിനു താഴെ വന്നു. ബ്രെൻ്റ് ഇനം 95.28 ഡോളറിലും ഡബ്ള്യുടിഐ ഇനം 90.62 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine