വിപണി മുന്നേറ്റത്തിൽ, 24,000 തിരിച്ചു പിടിച്ച് നിഫ്റ്റി; റിയൽറ്റി, ബാങ്ക്, ധനകാര്യ ഓഹരികള്‍ നേട്ടത്തില്‍

രൂപ ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 67 പൈസ (0.71 ശതമാനം) താഴ്‌ന്നു 94.30 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ ഉയരങ്ങളിലേക്കു കയറി. നിഫ്റ്റി 24,025 ഉം സെൻസെക്സ് 76,925 വരെയും കയറി.

ഐടി സേവന കമ്പനികൾ ഇന്നു നഷ്‌ടത്തിലായി. ഐടി സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു. എഫ്എംസിജി, ഓട്ടോ മേഖലകളും താഴ്ചയിലാണ്.

റിയൽറ്റി, ബാങ്ക്, ധനകാര്യ മേഖലകൾ മുന്നേറ്റത്തിനു മുന്നിൽ നിന്നു.

വെൽസ്പൺ കോർപറേഷൻ ഓഹരിക്കു 3250 രൂപ ലക്ഷ്യവില നിർണയിച്ച ജെഫറീസ് വാങ്ങൽ ശിപാർശ നൽകി. ഓഹരി മൂന്നു ശതമാനം കുതിച്ചു.

അദാനി പോർട്‌സിന് എച്ച്എസ്ബിസി വാങ്ങൽ ശിപാർശ ചെയ്തു. ലക്ഷ്യവില 2200 രൂപ. ഓഹരി രണ്ടു ശതമാനം കയറി.

ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സിന് 1100 രൂപ ലക്ഷ്യവില നിർണയിച്ച നൊമുറ വാങ്ങൽ ശിപാർശ നൽകി. ഓഹരി ഇന്നു നാലു ശതമാനം ഇടിഞ്ഞു.

ഗോൾഡ്മാൻ സാക്സ് 1947 രൂപ ലക്ഷ്യവില നിർണയിച്ച് ആക്സിസ് ബാങ്കിനു വാങ്ങൽ ശിപാർശ നൽകി. ഓഹരി രണ്ടു ശതമാനത്തോളം കയറി.

എംഎസ് സിഐ പട്ടികയിൽ നിന്നു പുറത്തായ സ്വിഗ്ഗി രണ്ടു ശതമാനം ഇടിഞ്ഞു.

സിഇഒ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിനെ തുടർന്ന് ഹെക്സാവേർ ടെക്നോളജീസ് മൂന്നു ശതമാനം താഴ്ന്നു.

പൊതുവേ ബാങ്ക് ഓഹരികൾ ഉയർന്ന ഇന്നു രാവിലെ ഫെഡറൽ ബാങ്ക് രണ്ടു ശതമാനത്തിലധികം താഴ്ന്നു.

വ്യാപാരം കുറയുന്നതിൻ്റെ പേരിൽ ഇന്നലെ ഇടിവിലായ ബിഎസ്ഇ ലിമിറ്റഡ് ഇന്നു മൂന്നു ശതമാനം കയറി.

രൂപ ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 67 പൈസ (0.71 ശതമാനം) താഴ്‌ന്നു 94.30 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.29 രൂപ വരെ താഴ്ന്നിട്ടു 94.49 രൂപയിലേക്കു കയറി. ഇന്ത്യയുടെ വിദേശനാണ്യ സമാഹരണം പ്രതീക്ഷയിലും വലിയ വിജയമായതാണു കറൻസി വിപണിയിൽ രൂപയെ സഹായിച്ചത്. എഫ്സിഎൻആർ(ബി) നിക്ഷേപമായി 12,700 കോടി ഡോളർ ലഭിച്ചു.

സ്വർണം ലോകവിപണിയിൽ ഒരു ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 4436 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം 2440 രൂപ വർധിച്ച് പവന് 1,13,920 രൂപയായി.

സ്വർണം, വെള്ളി ഇടിഎഫുകൾ മൂന്നു ശതമാനം വരെ ഉയർന്നു.

ക്രൂഡ് ഓയിൽ വില അല്പം താഴ്ന്നു. ബ്രെൻ്റ് ഇനം 95.15 ഡോളറിലും ഡബ്ള്യുടിഐ ഇനം 90.71 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com