

ക്ലോസിംഗ് വില നിർണയത്തിനുള്ള പുതിയ രീതി വിപണിയെ രണ്ടു തട്ടിലാക്കി. എൻഎസ്ഇയിൽ സൂചികകളും ഓഹരി വിലകളും താഴ്ന്നു. ബിഎസ്ഇയിൽ വില ഉയർന്നു.
ക്ലോസിംഗ് വില നിർണയിക്കാനുള്ള പുതിയ ഓക്‌ഷൻ സിസ്റ്റത്തിലെ അപാകത വ്യക്തമാക്കുന്ന വിധമാണ് ഇന്ന് എൻഎസ്ഇയിൽ ഓഹരികൾ ഇടിഞ്ഞതും ബിഎസ്ഇയിൽ ഉയർന്നതും. കുറേപ്പേർക്ക് അവിചാരിത ലാഭവും നഷ്‌ടവും ഉണ്ടായി. ഇന്ന് എൻഎസ്ഇയിൽ മിക്ക സൂചികകളും താഴ്‌ന്നു. ബിഎസ്ഇയിൽ ഉയർന്നു. ഇന്നലെ ക്ലോസിംഗിൽ വന്ന അന്തരം ക്രമീകരിക്കുന്ന വ്യാപാരമാണു രാവിലെ പ്രധാനമായും നടന്നത്. ഇന്നലെ വൈകുന്നേരം ക്യാഷ് വിപണി ക്ലോസ് ചെയ്ത ശേഷം പ്രത്യേക ക്ലോസിംഗ് സെഷനിൽ നിഫ്റ്റി ഇരുന്നൂറോളം പോയിൻ്റ് കയറി. സെൻസെക്സിൽ ആ മാറ്റം ഉണ്ടായില്ല. ഇന്നലെ അങ്ങനെ കയറിയ ഓഹരികൾ മിക്കതും ഇന്നു താഴ്ന്നു.
ബാങ്ക്, ഐടി, റിയൽറ്റി, വാഹന, ധനകാര്യ, ഫാർമ, ഹെൽത്ത്, ഓയിൽ ഓഹരികൾ താഴ്ന്നു. മെറ്റൽ ഓഹരികൾ കയറി. മിഡ് ക്യാപ് സൂചിക താഴ്ന്നപ്പോൾ സ്മോൾ ക്യാപ് ഉയർന്നു.
ഇന്നലെ 371.70 രൂപയിൽ ക്ലോസ് ചെയ്ത ഫെഡറൽ ബാങ്ക് രാവിലെ മൂന്നു ശതമാനം താഴ്ന്ന് 360 രൂപയിൽ എത്തി.
എൽഐസിയുടെ ആറര ശതമാനം ഓഹരി 10 ശതമാനം താഴ്ന്ന വിലയിൽ വിൽക്കുന്നതിൻ്റെ പേരിൽ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
മികച്ച റിസൽട്ട് ജിഇ ഷിപ്പിംഗ് ഓഹരിയെ രാവിലെ 12 ശതമാനം ഉയർത്തി. പിന്നീടു നേട്ടം കുറഞ്ഞു. 505 കോടിയിൽ നിന്ന് 1300-ൽ പരം കോടിയിലേക്കാണ് ലാഭം വർധിച്ചത്.
ജൂൺ പാദത്തിൽ വരുമാനം 89 ശതമാനം വർധിപ്പിക്കുകയും നഷ്‌ടം 71 ശതമാനം കുറയ്ക്കുകയും ചെയ്ത ഇലക്‌ട്രിക് വാഹന കമ്പനി ഏഥർ എനർജി ഓഹരി 16 ശതമാനം കുതിച്ചു.
ചില ഉൽപന്നങ്ങളുടെ വിൽപന അക്കു സുരക്ഷാ അഥോറിറ്റി തടഞ്ഞതിനെ തുടർന്നു ഡാബർ ഓഹരി മൂന്നു ശതമാനം താഴ്‌ന്നു.
വിൽപനയും വിറ്റുവരവും വർധിപ്പിക്കുകയും നഷ്‌ടം കുറയ്ക്കുകയും ചെയ്ത റസ്റ്റോറൻ്റ് ബ്രാൻഡ്സ് ഏഷ്യയുടെ ഓഹരി 12 ശതമാനം നേട്ടം ഉണ്ടാക്കി.
നിർമിക്കാൻ പോകുന്ന ഒരു ഡാറ്റാ സെൻ്ററിൻ്റെ കൂളിംഗ് സിസ്റ്റവും മറ്റും സജ്ജീകരിച്ചു പരിപാലിക്കാൻ 500 കോടി രൂപയുടെ കരാർ പ്രാജ് ഇൻഡസ്ട്രീസ് നേടി. ഓഹരി മൂന്നു ശതമാനം കയറി.
മികച്ച ലാഭവളർച്ചയിൽ കെഇഐ. ഇൻഡസ്ടീസ് ഓഹരി ഏഴു ശതമാനം കയറി.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 95.32 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.37 രൂപ വരെ കയറിയ ശേഷം 95.26 രൂപയിലേക്കു താഴ്‌ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4056 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപ ആയി.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 85.03 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.18 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine