വിപണി ഇടിയുന്നു, ഐ.ടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തില്‍; രൂപയും താഴോട്ട്

ഓട്ടോ, ബാങ്ക്, ധനകാര്യ, മീഡിയ, മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ് മേഖലകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു
Stock market trading via mobile
Demat account Image : Canva
Published on

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ വിപണി ഇന്നു രാവിലെ കുത്തനേ ഇടിഞ്ഞു. ഒരു മണിക്കൂറിനകം പ്രധാന സൂചികകളും വിശാല വിപണിയും രണ്ടു ശതമാനത്തിലധികം താഴ്‌ന്നു.

ഇന്ത്യൻ രൂപ രാവിലെ 0.75 ശതമാനം താഴ്ന്നു. ഡോളർ 92.17 രൂപവരെ കയറി.

രാവിലെ നിഫ്റ്റി 24,305 വരെയും സെൻസെക്സ് 78,443 വരെയും താഴ്‌ന്നു. പിന്നീട് അൽപം കയറി.

ഐടി ഒഴികെ എല്ലാ മേഖലകളും രാവിലെ ഇടിവിലാണ്. ഓട്ടോ, ബാങ്ക്, ധനകാര്യ, മീഡിയ, മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ് മേഖലകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

എൽ ആൻഡ് ടി ഓഹരിക്ക് സിഎൽഎസ്എ 4842 രൂപയും മക്കാറീ 4910 രൂപയും ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി. ഓഹരി രാവിലെ ഏഴു ശതമാനം ഇടിഞ്ഞു. എൽ ആൻഡ് ടിക്കു നിലവിൽ ഉള്ള വർക്ക് കോൺട്രാക്ടുകളിൽ 25 ശതമാനത്തിലധികം ഗൾഫ് രാജ്യങ്ങളിൽ നിന്നായതാണ് ഇടിവിനു കാരണം.

റിലയൻസിന് സിഎൽഎസ്എ 1800 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു. പെട്രോൾ, ഡീസൽ കയറ്റുമതി നിരോധിക്കും എന്ന സൂചനയും ക്രൂഡ് ഓയിൽ വിലക്കയറ്റവും ആണു കമ്പനിയെ താഴ്ത്തുന്നത്.

പ്രകൃതിവാതക ഉൽപാദനം നിർത്തിയതിനാൽ ഇന്ത്യക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) നൽകുന്നതു ഖത്തർ നിർത്തി. ഹോർമുസിലൂടെ കപ്പൽ നീക്കം മുടങ്ങിയതുകൊണ്ടാണ് ഇത്. വ്യാവസായിക ഉപയോക്താക്കൾക്കു വാതകം നൽകുന്നത് ഇന്ത്യൻ കമ്പനികൾ നിർത്തി. പെട്രോനെറ്റ് എൽഎൻജി, ഗുജറാത്ത് ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്വാസ്, മഹാനഗർ ഗ്യാസ്, ഗെയിൽ, ടൊറൻ്റ് പവർ തുടങ്ങിയവ എട്ടര ശതമാനം വരെ ഇടിഞ്ഞു.

പശ്ചിമേഷ്യയിലേക്ക് ബസ്മതി അരി കയറ്റുമതി ചെയ്യുന്ന കെആർബിഎൽ, എൽടി ഫുഡ്സ്, കോഹിനൂർ ഫുഡ്‌സ്, എഡബ്ല്യു എൽ അഗ്രോ തുടങ്ങിയവ അഞ്ചു ശതമാനത്തോളം താഴ്ന്നു.

യൂറിയ വില രാജ്യാന്തര വിപണിയിൽ 14 ശതമാനം കുതിച്ചു. പശ്ചിമേഷ്യയിൽ നിന്നു രാസവള ഘടകങ്ങൾ കിട്ടാതായി. ഈ സാഹചര്യത്തിൽ എഫ്എസിടി അടക്കം രാസവള കമ്പനികൾ അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.

രൂപ ഇന്നു രാവിലെ വലിയ ഇടിവിലായി. ഡോളർ ആദ്യമായി 92 രൂപയ്ക്കു മുകളിൽ കയറി. ഡോളർ 56 പൈസ കൂടി 92.03 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു 92.175 രൂപയിലേക്കു കയറി. വീഴ്ച 0.75 ശതമാനം. ഡോളർ സൂചിക ഉയർന്നു നിൽക്കുന്നതും ഇന്ത്യയുടെ കയറ്റുമതി തടസപ്പെടുന്നതും ക്രൂഡ് ഓയിലും പ്രകൃതിവാതകവും കിട്ടാൻ പ്രയാസം വരുന്നതും രൂപയെ ദുർബലമാക്കുന്നു. വിദേശ നിക്ഷേപകർ പിൻവലിയുന്നതും ക്രൂഡ് വിലക്കയറ്റവും ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുന്നതും വിപണിയെ ആശങ്കയിലാക്കുന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 5165 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2280 രൂപ കുറഞ്ഞ് 1,20,640 രൂപ ആയി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,63,800 രൂപ വരെ എത്തിയിട്ട് അൽപം താഴ്ന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 83.85 ഡോളറിലേക്ക് എത്തി. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,73,250 രൂപ വരെ താഴ്ന്നു.

സ്വർണം, വെള്ളി ഇടിഎഫുകൾ രാവിലെ നല്ല ഇടിഞ്ഞ ശേഷം കയറി. ഉൽപന്ന അവധിവ്യാപാരം നടക്കുന്ന എംസിഎക്സ് ഓഹരി താഴ്‌ന്നു. സ്വർണവില താഴ്ന്നതു മൂലം സ്വർണപ്പണയ കമ്പനികൾ ഇടിവിലായി. മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും മൂന്നു ശതമാനം വീതം താഴ്‌ന്നു.

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 82.58 ഡോളറിൽ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com