

ക്രൂഡ് ഓയിൽ വില ഇടിയുന്നതും പ്രസിഡൻ്റ് ട്രംപിൻ്റെ മേൽ കടിഞ്ഞാൺ വരുന്നതും ഇന്ത്യൻ വിപണിയെ വലിയ നേട്ടത്തിലേക്കു നയിച്ചു. സെൻസെക്സ് 79,000 നും നിഫ്റ്റി 24,400 നും മുകളിൽ കയറി.
പ്രധാന സൂചികകൾ രണ്ടു ശതമാനം വരെ കയറിയപ്പോൾ മിഡ്, സ്മോൾ ക്യാപ് സൂചികകളും സമാന മുന്നേറ്റം നടത്തി. പിന്നീട് അൽപം താഴ്ന്നു.
ഓട്ടോ, ഐടി, ബാങ്ക്, ധനകാര്യ, റിയൽറ്റി, ക്യാപ്പിറ്റൽ മാർക്കറ്റ്, ടൂറിസം, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ വലിയ നേട്ടത്തിലായി.
ക്രൂഡ് ഓയിൽ വില ഇടിയുന്നത് ഓഎൻജിസിയെ 2.5 ശതമാനം താഴ്ത്തി. ഓയിൽ ഇന്ത്യ അഞ്ചു ശതമാനം ഇടിഞ്ഞു. ചെന്നൈ പെട്രോയും എംആർപിഎലും താഴ്ന്നു.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ അഞ്ചു ശതമാനത്തോളം ഉയർന്നു. ഏഷ്യൻ പെയിൻ്റ്സ് അടക്കം പെയിൻ്റ് കമ്പനികളും അഞ്ചു ശതമാനം നേട്ടത്തിലായി.
സ്വർണവില കുതിക്കുന്നത് സ്വർണപ്പണയ കമ്പനികളെ ഇന്നും ഉയർത്തി. ഇന്നലെ എട്ടു ശതമാന എട്ടു ശതമാനം വരെ കയറിയ മുത്തൂറ്റ് ഫിനാൻസ് ഇന്ന് അഞ്ചു ശതമാനം ഉയർന്നു. ഐഐഎഫ്എൽ 4.2ഉം മണപ്പുറം നാലും ശതമാനം കയറി.
രണ്ടാം പാദത്തിൽ വരുമാനം 23 ശതമാനം വർധിപ്പിച്ച അപ്പോളോ ഹോസ്പിറ്റൽസ് അറ്റാദായം 33.5 ശതമാനം ഉയർത്തി. എങ്കിലും ഓഹരി 3.4 ശതമാനം താഴ്ന്നു. ലാഭമാർജിൻ കുറഞ്ഞതാണു കാരണം. ഓഹരിക്കു 10,770 രൂപ ലക്ഷ്യവില നിർണയിച്ച സിറ്റി വാങ്ങൽ ശിപാർശ നൽകി.
വരുമാനം ഒൻപതു ശതമാനം താഴ്ന്നപ്പോൾ അറ്റാദായം 70 ശതമാനം ഇടിഞ്ഞ പിഐ ഇൻഡസ്ട്രീസിനു ലാഭമാർജിൻ പകുതിയിൽ താഴെയായി. ഓഹരി 10 ശതമാനം ഇടിഞ്ഞു.
വിറ്റുവരവ് റെക്കോർഡ് നിലയിലേക്ക് ഉയർത്തിയ പിഡിഎസ് ലിമിറ്റഡ് അറ്റാദായം തലേ പാദത്തേക്കാൾ 144 ശതമാനം വർധിപ്പിച്ചു. ഓഹരി 15 ശതമാനം കുതിച്ചു.
വാഹന കമ്പനികൾ ഇന്നു മുന്നേറി. അശോക് ലെയ്ലൻഡും ടാറ്റാ മോട്ടോഴ്സ് സിവിയും എട്ടു ശതമാനം കുതിച്ചു. മാരുതിയും ടാറ്റാ മോട്ടോഴ്സ് പിവിയും മഹീന്ദ്രയും അഞ്ചു ശതമാനം കയറി.
വിറ്റുവരവ് 16.6 ശതമാനം കൂടിയപ്പോൾ അപ്പോളോ ടയേഴ്സ് രണ്ടാം പാദത്തിൽ 13.3 ശതമാനം അറ്റാദായ വർധന നേടി. അസംസ്കൃത വസ്തുക്കളുടെ വിലവർധന മൂലം പ്രവർത്തന ലാഭവും മാർജിനും ഗണ്യമായി താഴ്ന്നു. ഓഹരി അഞ്ചു ശതമാനം കയറി.
ലാഭവും മാർജിനും ഗണ്യമായി വർധിപ്പിച്ച എഫ്എസ്എൻ ഇ കൊമേഴ്സ് (നൈകാ) ഓഹരി 1.2 ശതമാനം താഴ്ന്നു. ഓഹരിക്കു 427 രൂപ ലക്ഷ്യവില നിശ്ചയിച്ച നൊമുറ വാങ്ങൽ ശിപാർശ നൽകി.
കമ്മിൻസ് ഇന്ത്യയുടെ രണ്ടാം പാദ വിറ്റുവരവ് 18 ശതമാനം കൂടിയെങ്കിലും അറ്റാദായം 18 ശതമാനം കുറഞ്ഞു. ഓഹരി 15 ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യപാരം തുടങ്ങി. ഡോളർ 29 പൈസ കുറഞ്ഞ് 94.35 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 94.55 രൂപയിലേക്കു കയറി.
ലോക വിപണിയിൽ സ്വർണം കുതിക്കുകയാണ്. രാവിലെ സ്വർണം രണ്ടു ശതമാനത്തിലധികം ഉയർന്നു 4145 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ വർധിച്ച് 1,02,600 രൂപയായി.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം 93.56 ഡോളറിലും ഡബ്ള്യുടിഐ ഇനം 86.71 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine