

ഇറാൻ യുദ്ധഗതിയിലെ ആശങ്ക ഇന്ത്യൻ വിപണിയെ വീണ്ടും താഴ്ത്തുന്നു. ജപ്പാനിലും ദക്ഷിണ കൊറിയയിലും ഓഹരികൾ ഉയർന്നെങ്കിലും മറ്റു രാജ്യങ്ങളിൽ ഇടിവാണ്. യുഎസ് ഫ്യൂച്ചേഴ്സും താഴ്ന്നു.
താഴ്ന്നു വ്യാപാരം തുടങ്ങി കൂടുതൽ താഴോട്ടു പോയ വിപണി ഇടയ്ക്കു രണ്ടു തവണ തിരിച്ചു കയറി നേട്ടത്തിലായി. പക്ഷേ അവിടെ നിൽക്കാനായില്ല. വീണ്ടും താഴ്ന്നു ചാഞ്ചാട്ടം തുടർന്നു. നിഫ്റ്റി 22,561 നും 22,798 നും ഇടയിലും സെൻസെക്സ് 72,790 നും 73,589 നും ഇടയിലും ചാഞ്ചാടി.
ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് സൂചികയും പലവട്ടം കയറിയിറങ്ങി. ഐടിയും മെറ്റലും റിയൽറ്റിയും നേട്ടത്തിൽ നിലനിന്നു. റിലയൻസ് രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
നാലാം പാദത്തിൽ വിറ്റുവരവ് 46 ശതമാനം വർധിപ്പിച്ച സെൻകോ ഗോൾഡ് ഓഹരി രാവിലെ 12 ശതമാനം ഉയർന്നു.
സിംഗപ്പുരിലെ ഒലാം ഗ്രൂപ്പിൻ്റെ ഉപകമ്പനി മൈൻഡ് സ്പ്രിൻ്റിനെ 37.5 കോടി ഡോളറിന് വിപ്രോ വാങ്ങി. വിപ്രോ ഓഹരി മൂന്നു ശതമാനം ഉയർന്നു.
അവന്യു സൂപ്പർ മാർട്സിന് 6853 രൂപ ലക്ഷ്യവില നിർണയിച്ച എച്ച്എസ്ബിസി വാങ്ങൽ ശിപാർശ നൽകി. ഓഹരി ഒരു ശതമാനം വരെ ഉയർന്നു.
മാരികോയ്ക്ക് വാങ്ങൽ ശിപാർശ നൽകിയ എച്ച്എസ്ബിസി 450 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
ബ്രാൻഡഡ് ഔഷധങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തും എന്ന യുഎസ് ഭീഷണിയെ തുടർന്ന് മിക്ക ഫാർമ ഓഹരികളും ഇന്നു രാവിലെ താഴ്‌ന്നു.
ഒലായുടെ ഇ ബൈക്കുകൾക്ക് ഉൽപാദനാധിഷ്ഠിത ഇൻസെൻ്റീവ് കിട്ടും എന്ന് ഉറപ്പായത് ഓഹരിയെ ഏഴു ശതമാനം ഉയർത്തി.
ഇന്ധനവില ഉയർത്താത്ത സാഹചര്യത്തിൽ എണ്ണവിൽപന കമ്പനികൾ റിഫൈനറികളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വില കുറച്ചു മാത്രമേ നൽകൂ എന്നു റിപ്പോർട്ട്. റിഫൈനറി മാത്രമുള്ള എംആർപിഎലിനും ചെന്നൈ പെട്രോയ്ക്കും നഷ്‌ടം ഗണ്യമായി വർധിക്കും. റിഫൈനറികൾ ഉള്ളതിനാൽ എണ്ണവിൽപന കമ്പനികളുടെ നഷ്‌ടവും തുടരും.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ കുറഞ്ഞ് 93 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 93.15 രൂപയിലേക്കു കയറിയിട്ട് 92.83 രൂപയിലേക്കു താഴ്ന്നു. ഡോളർ സൂചിക 100.14 ലേക്കു താഴ്ന്നിട്ടുണ്ട്.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4643 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1320 രൂപ കുറഞ്ഞ് 1,09,360 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലത്തെ ഉയരത്തിൽ നിന്നു താഴ്ന്നു. രാവിലെ 114 ഡോളർ വരെ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് 109.58 ഡോളറിലേക്കു വന്നു. യുദ്ധം സംബന്ധിച്ച ആശങ്ക കുറയുന്ന സാഹചര്യത്തിലാണ് ഈ താഴ്ച.
Read DhanamOnline in English
Subscribe to Dhanam Magazine