നിഫ്റ്റി 24,500 നു സമീപം; വിപണിയിൽ ചാഞ്ചാട്ടം, റിയൽറ്റി, മെറ്റൽ, മീഡിയ ഓഹരികള്‍ നഷ്ടത്തില്‍

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ കുറഞ്ഞ് 95.33 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

നേട്ടത്തിലായിരുന്ന ഏഷ്യൻ വിപണികൾ താഴ്ചയിലേക്കു മാറുകയും യുഎസ് ഫ്യൂച്ചേഴ്സ് കൂടുതൽ നഷ്ടത്തിലാകുകയും ചെയ്തത് ഇന്ത്യൻ വിപണിയെ ദുർബലമാക്കി. എങ്കിലും നഷ്‌ടത്തിൽ നിന്നു നേട്ടത്തിലേക്കു പ്രധാന സൂചികകൾ തിരിച്ചു കയറി. നിഫ്റ്റി 24,500 നു സമീപം വരെ എത്തി. ഹോർമുസിൽ ഓയിൽ ടാങ്കർ ആക്രമിക്കപ്പെട്ടത് വിപണിയിൽ ആശങ്ക വളർത്തി.

രാവിലെ ചെറിയ നേട്ടത്തിൽ ആരംഭിച്ച വ്യാപാരം കുറേകൂടി ഉയർന്ന ശേഷമാണു താഴ്ന്നു ചാഞ്ചാട്ടത്തിലായത്. പിന്നീടു ഗണ്യമായി തിരിച്ചു കയറി.

റിയൽറ്റി, മെറ്റൽ, മീഡിയ, എഫ്എംസിജി മേഖലകൾ ഇടിഞ്ഞു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തുടക്കം മുതലേ നഷ്ടത്തിലായിരുന്നു.

കല്യാൺ ജ്വല്ലേഴ്സിൻ്റെ ഒന്നാം പാദ ബിസിനസ് വിപണി പ്രതീക്ഷയോളം എത്തിയില്ല. ഓഹരി ഏഴു ശതമാനം താഴ്ന്നു. പിസി ജ്വല്ലേഴ്സ് നാലു ശതമാനം ഇടിവിലാണ്.

ടാറ്റാ ഗ്രൂപ്പിലെ ട്രെൻ്റിൻ്റെ ഒന്നാം പാദ വളർച്ച വിപണിയുടെ പ്രതീക്ഷയിലും കുറവായി ഓഹരി പത്തു ശതമാനം ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ഒ.എഫ് എസ് തറവില പ്രതീക്ഷയിലും കുറവായത് ഓഹരിയെ നാലു ശതമാനത്തോളം താഴ്ത്തി.

ദക്ഷിണാഫ്രിക്കയിലേക്ക് 4000 ലോക്കോമോട്ടീവുകൾക്കുള്ള 300 കോടി രൂപയുടെ കരാർ ലഭിച്ചതിനെ തുടർന്ന് റൈറ്റ്സ് ഓഹരി എട്ടു ശതമാനത്തോളം കുതിച്ചു.

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ കുറഞ്ഞ് 95.33 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.25 രൂപ വരെ താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4135 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1000 രൂപ കുറഞ്ഞ് 1,06,520 രൂപ ആയി.

ക്രൂഡ് ഓയിൽ വില അല്പം കയറി. ബ്രെൻ്റ് ഇനം 72.55 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.05 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com