

പലിശപ്പേടിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും പുതിയ ആഴ്ചയുടെ തുടക്കവും നഷ്ടത്തിലാക്കി. രാവിലെ നിഫ്റ്റി 24,810 ഉം സെൻസെക്സ് 76,236 വരെയും താഴ്‌ന്നു.
ഐടി ഓഹരികൾ ഇന്നും വലിയ താഴ്ചയിലായി. ഇൻഫോസിസ് രണ്ടര ശതമാനത്തിലധികം ഇടിഞ്ഞു. ടിസിഎസ് ഒഴികെയുള്ള കമ്പനികൾ ഒരു ശതമാനത്തിലധികം നഷ്ടത്തിലായി. അമേരിക്കയിൽ പലിശ കൂടും എന്ന സൂചനയാണു വിലയിടിവിനു കാരണം.
സ്റ്റീൽ അടക്കം മെറ്റൽ ഓഹരികളും രാവിലെ വലിയ ഇടിവിലായി. പലിശപ്പേടിയാണു കാരണം. സെയിൽ മൂന്നര ശതമാനം നഷ്‌ടത്തിലായി.
ബാങ്ക് ഓഹരികൾ ഇന്നു തുടക്കം മുതൽ താഴ്ചയിലാണ്. വിദേശത്തു പലിശ കൂടുന്നതു തന്നെ പ്രധാന കാരണം.
ഹിന്ദുസ്ഥാൻ യൂണിലീവറിന് വിദേശ ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകി.ജെഫറീസ് 2450 രൂപ, എച്ച്എസ്ബിസി 2440 രൂപ, നുവാമ 2820 എന്നിങ്ങനെയാണു ലക്ഷ്യവില നിർണയിച്ചത്. വിറ്റുവരവിൻ്റെ മൂന്നു ശതമാനം മൂലധന നിക്ഷേപത്തിനു നീക്കി വയ്ക്കുമെന്ന് എച്ച് യു എൽ മാനേജ്മെൻ്റ് വിശദീകരിച്ചു.
ചെയർമാൻ സുഭാഷ് ചന്ദ്രയക്കെതിരേ സിബിഐ തട്ടിപ്പിനു കേസ് എടുത്ത സാഹചര്യത്തിൽ സീ എൻ്റർടെയ്ൻമെൻ്റ് ഇന്നു രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ ദിവസം മികച്ച നേട്ടത്തിൽ ലിസ്റ്റ് ചെയ്ത ഇഎസ്ഡിഎസ് ഇന്ന് 20 ശതമാനം കൂടി കുതിച്ചു.
വോഡഫോൺ ഐഡിയ രാവിലെ മൂന്നര ശതമാനത്തോളം ഉയർന്നു. സെപ്റ്റംബർ ഒന്നു മുതൽ 11 ശതമാനം നേട്ടം ഓഹരിക്ക് ഉണ്ടായി. ആദിത്യ ബിർല ഗ്രൂപ് കമ്പനിയിൽ 4730 കോടി രൂപ കൂടി മുടക്കുമെന്നു പ്രഖ്യാപിച്ചു. കമ്പനി ഒരു തിരിച്ചുവരവിൻ്റെ പാതയിലാണെന്നു ചിലർ കരുതുന്നു.
സിനിമാശാലക്കാരിൽ നിന്ന് 200 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ തുടർന്ന് പിവിആർ ഐനോക്സ് സിഇഒയെ കമ്പനി ഡിസ്മിസ് ചെയ്തു. ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ താഴ്‌ന്നു 94.39 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.45 രൂപയിലേക്കു കയറിയിട്ടു 94.37 രൂപവരെ താഴ്ന്നു.
സ്വർണം ലോകവിപണിയിൽ താഴ്ന്ന് ഔൺസിന് 4400 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയായി. സ്വർണം, വെള്ളി ഇടിഎഫുകളുടെ വില മൂന്നു ശതമാനം വരെ താഴ്ന്നു.
ക്രൂഡ് ഓയിൽ വില അല്പം കയറി. ബ്രെൻ്റ് ഇനം 97.19 ഡോളറിലും ഡബ്ള്യുടിഐ ഇനം 92.36 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine