വിപണി വീണ്ടും താഴ്ചയിൽ, ടയർ, പെയിൻ്റ്, വ്യോമയാന കമ്പനികള്‍ നഷ്ടത്തില്‍; രൂപ ഇടിവില്‍

നിഫ്റ്റി 24,207 ഉം സെൻസെക്സ് 77,555 ഉം വരെ താഴ്ന്നു. പിന്നീടു നഷ്‌ടം അല്പം കുറച്ചു
stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി ഇന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ താഴ്ചയിലെത്തി. പിന്നീടു നഷ്‌ടം അല്പം കുറച്ചു. നിഫ്റ്റി 24,207 ഉം സെൻസെക്സ് 77,555 ഉം വരെ താഴ്ന്നു. പിന്നീടു നഷ്‌ടം അല്പം കുറച്ചു.

റിയൽറ്റി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നു നഷ്‌ടത്തിലാണ്.

വരുൺ ബിവറേജസിനു വാങ്ങൽ ശിപാർശ നൽകിയ സിഎൽഎസ്എ ലക്ഷ്യവില 654 രൂപയായി നിർണയിച്ചു.

ടൈറ്റനെ ഔട്ട് പെർഫോം ആയി റേറ്റ് ചെയ്ത സിഎൽഎസ്എ ലക്ഷ്യവില 5249 രൂപയായി ഉയർത്തി. നൊമുറ 5000 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി.

കമ്പനിയുടെ ഉൽപന്നത്തിനു റഷ്യയിൽ വിൽപനകരാർ ഉണ്ടാക്കിയതിനെ തുടർന്ന് ഓർക്കിഡ് ഫാർമ 12 ശതമാനം കുതിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സിഇഒയും എംഡിയുമായി മുരളീധർ പൈയെ നിയമിക്കുന്നതിനു റിസർവ് ബാങ്ക് അംഗീകാരം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്നു മുതൽ മൂന്നു വർഷത്തേക്കാണു നിയമനം. പി. ആർ ശേഷാദ്രി കാലാവധി പൂർത്തിയാക്കിയ നിലയ്ക്കാണു പുതിയ നിയമനം. രാവിലെ ബാങ്ക് ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു.

ഇറാനിലെ 80 സ്ഥലങ്ങളിൽ അമേരിക്ക ബോംബിട്ടു. ഒരു അമേരിക്കൻ എംക്യു 9 ഡ്രോൺ വീഴ്ത്തിയതായി ഇറാൻ അവകാശപ്പെട്ടു. കുവൈറ്റിലും ബഹ്റൈനിലും ഇറാൻ്റെ മിസൈലുകൾ എത്തി. ഇറാൻ്റെ എണ്ണകയറ്റുമതിക്കു നൽകിയിരുന്ന ഉപരോധ ഒഴിവ് അമേരിക്ക റദ്ദാക്കി.

ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ കടന്നതോടെ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നാലു ശതമാനം വരെ നഷ്‌ടത്തിലായി. ടയർ, പെയിൻ്റ്, വ്യോമയാന കമ്പനികളും നഷ്ടത്തിലേക്കു മാറി.

കമ്പനിയുടെ കടം മുഴുവൻ അടച്ചു തീർത്തതിനെ തുടർന്ന് പി.സി. ജ്വല്ലർ ആറു ശതമാനം കുതിച്ചു.

ബ്രോക്കറേജുകൾ നല്ല വിലയിരുത്തൽ നടത്തിയതിനെ തുടർന്നു കല്യാൺ ജ്വല്ലേഴ്സ് ആറു ശതമാനം കയറി.

രൂപ ഇന്നു നഷ്‌ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി. ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 20 പൈസ ഉയര്‍ന്ന് 95.17 ല്‍ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 94.98 രൂപ വരെ താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4125 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കുറഞ് 1,05,960 രൂപ ആയി.

ക്രൂഡ് ഓയിൽ വില അല്പം കയറി. ബ്രെൻ്റ് ഇനം 76.20 ഡോളറിലും ഡബ്ള്യുടിഐ ഇനം 72.35 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com