വിപണിയിൽ ചാഞ്ചാട്ടം; വോഡഫോൺ ഐഡിയ, ഇൻഡസ് ടവേഴ്സ്, എച്ച്.എ.എല്‍ നേട്ടത്തില്‍

നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു.
stock market
Published on

വലിയ താഴ്ചയിൽ തുടങ്ങിയിട്ട് തിരിച്ചു കയറി നേട്ടത്തിലായി. വീണ്ടും താഴ്ചയിലേക്കു വീണു. ആഗോള ആശങ്കകളിൽ നിന്നു വഴിമാറി സഞ്ചരിക്കാൻ തക്ക സാഹചര്യം ഇല്ല എന്നു വിപണി വീണ്ടും കാണിച്ചു.

വോഡഫോൺ ഐഡിയയുടെ 36,950 കോടി രൂപ കുടിശിക ഓഹരിയാക്കി മാറ്റിയതോടെ കമ്പനിയിൽ ഗവണ്മെൻ്റ് ഓഹരി 49 ശതമാനമായി. ഒന്നിനു 10 രൂപ വച്ചാണ് ഓഹരി നൽകിയത്. വിപണിവിലയേക്കാൾ 43 ശതമാനം അധികം. ബ്രോക്കറേജുകൾ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യ വില ചിലർ 10 രൂപയും മറ്റു ചിലർ 12 രൂപയും ആക്കി. എന്നാൽ മോട്ടിലാൽ ഓസ്വാൾ കമ്പനിയുടെ ഭാവിയിൽ അത്ര വിശ്വാസം പ്രകടിപ്പിച്ചില്ല. ഓഹരി വിൽക്കാനാണ് അവരുടെ ശിപാർശ. ദീർഘകാല വായ്പ ശരിയാകാത്തതും ഭീമമായ നികുതി - ഫീസ് കുടിശികകൾ തുടരുന്നതും ഓഹരിയുടെ കയറ്റത്തിനു തടസമായി അവർ കാണുന്നു. ഓഹരി 10 ശതമാനം ഉയർന്ന് 7.48 രൂപയിൽ എത്തി.

മൊബൈൽ ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സ് ഇന്ന് ഏഴര ശതമാനം കയറി.

ഐടി ഓഹരികൾ ഇന്നും താഴ്ചയിലാണ്. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു.

റിയൽറ്റി കമ്പനി ഓഹരികളും വലിയ ഇടിവിലായി.

തേജസ് യുദ്ധവിമാനങ്ങൾ നിർമിക്കാൻ സർക്കാരിൽ നിന്ന് 68,000 കോടി രൂപയുടെ വമ്പൻ ഓർഡർ ഉറപ്പായതോടെ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ഓഹരിക്കു വിവിധ ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകി. ഓഹരി ആറര ശതമാനം കുതിച്ചു.

റോയൽ എൻഫീൽഡ് ബൈക്കുകളുടെ വിൽപന കഴിണ മാസം 32 ശതമാനം വർധിച്ചെങ്കിലും ഐഷർ മോട്ടോഴ്സ്ൻ്റെ ഓഹരിവില കാര്യമായി കയറിയില്ല. വിൽപനക്കണക്കുകൾ ഇന്നു പുറത്തുവിടാനിരിക്കെ മിക്ക വാഹന ഓഹരികളും രണ്ടു ശതമാനം കയറി.

റിസർവ് ബാങ്കിൻ്റെ വിദേശനാണയ വിനിമയ വിപണി ഇന്നു പ്രവർത്തിക്കുന്നില്ല.

സ്വർണം ലോക വിപണിയിൽ ഔൺസി (31.1 ഗ്രാം) ന് 3145 ഡോളറിൽ എത്തി. കേരളത്തിൽ ആഭരണ സ്വർണം പവന് 680 രൂപ കയറി 68,080 രൂപ എന്ന റെക്കോർഡിൽ എത്തി.

ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 74.98 ഡോളറിലേക്കു കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com