

ഇന്ത്യൻ ഉൽപന്നങ്ങൾക്കു പിഴച്ചുങ്കം പ്രഖ്യാപിക്കാതെ അമേരിക്ക ചുങ്കം ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത വ്യാഴാഴ്ച പുതിയ നിരക്ക് പ്രാബല്യത്തിലാകും. പിഴച്ചുങ്കം ഒഴിവായതിൻ്റെ ആശ്വാസത്തിൽ വിപണി നഷ്ടം കുറച്ചു.
രാവിലെ നഷ്ടത്തിലായിരുന്ന നിഫ്റ്റിയും സെൻസെക്സും ബാങ്ക് നിഫ്റ്റിയും ലാഭത്തിലേക്കു മാറി. പിന്നീടു ചാഞ്ചാട്ടമായി.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറക്കിയ ഉത്തരവിൽ പിഴച്ചുങ്കം സംബന്ധിച്ചു പരാമർശം ഇല്ല. പാക്കിസ്ഥാനു 19-ഉം ബംഗ്ലാദേശിന് 20 ഉം മ്യാൻമറിന് 40-ഉം ശ്രീലങ്കയ്ക്ക് 20 ഉം ശതമാനമാണു ചുങ്കം. നിരക്കുകൾ ഓഗസ്റ്റ് ഏഴിനാണു പ്രാബല്യത്തിലാകുക. ഉത്തരവിനു മുൻപ് കപ്പലിൽ കയറ്റിയ ഉൽപന്നങ്ങൾക്കു പുതിയ നിരക്കു ബാധകമല്ല.
റഷ്യയിൽ നിന്ന് എണ്ണയും പ്രതിരോധ സാമഗ്രികളും വാങ്ങുന്നതിനെ ട്രംപ് കഴിഞ്ഞ ദിവസം വിമർശിച്ചെങ്കിലും അതിൻ്റെ പേരിൽ പിഴച്ചുങ്കം തൽക്കാലം ചുമത്തിയിട്ടില്ല. ഭാവിയിൽ ചുമത്തുമോ എന്നു പറഞ്ഞിട്ടുമില്ല.
പിഴച്ചുങ്കം ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയ ബ്രസീലിനും അതില്ലാതെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
വരുമാനം 26 ശതമാനവും പ്രവർത്തനലാഭം 40 ശതമാനവും ഇപിഎസ് 41.4 ശതമാനവും വർധിപ്പിച്ച ചാലെറ്റ് ഹോട്ടൽസ് ഓഹരി രാവിലെ 17 ശതമാനം കുതിച്ചു.
ഒന്നാം പാദത്തിൽ നഷ്ടം വർധിച്ചതിനെ തുടർന്നു സ്വിഗ്ഗി ഓഹരി അഞ്ചു ശതമാനം താഴ്ന്നു.
വിറ്റുവരവും പ്രവർത്തനലാഭവും കുറയുകയും അറ്റാദായമാർജിൻ പകുതിയിൽ താഴെ ആകുകയും ചെയ്തതിനെ തുടർന്നു ന്യൂലാൻഡ് ലബോറട്ടറീസ് രാവിലെ എഴു ശതമാനം ഇടിഞ്ഞു.
ഫാർമസ്യൂട്ടിക്കൽ ഓഹരികൾ ഇന്നും താഴ്ചയിലായി. നിഫ്റ്റി ഫാർമ സൂചിക 2.7 ശതമാനം ഇടിഞ്ഞു. അമേരിക്ക ഏർപ്പെടുത്തുന്ന ചുങ്കം സംബന്ധിച്ച ആശങ്ക വർധിച്ചിട്ടുണ്ട്. പുതിയ ഔഷധങ്ങൾ അവതരിപ്പിക്കുന്ന കമ്പനികൾ കൂടുതൽ ചുങ്കം നൽകേണ്ടി വരും എന്നാണു സൂചന. സൺ, ഡോ. റെഡ്ഡീസ്, സ്ട്രൈഡ്സ്, അരവിന്ദോ, ഡിവിസ് ലാബ്, ലൂപിൻ, സിപ്ല, ഗ്ലെൻമാർക്ക് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം താഴ്ചയിലാണ്.
സിഇഒ യും എംഡിയും ആയ ഗിരീഷ് കൗസ്ഗി കാലാവധി തീരും മുൻപേ രാജിവച്ചതിനെ തുടർന്നു പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരി 15.5 ശതമാനം താഴ്ചയിലായി. രാജി ഒക്ടോബർ 28-നു പ്രാബല്യത്തിലാകും.
മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാൻ യൂണി ലീവർ ഓഹരി ഇന്നും അഞ്ചു ശതമാനം ഉയർന്നു. ഗോൾഡ്മാൻ സാക്സ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 2900 രൂപയാക്കി. നുവാമ 3240 രൂപയായും എംകേ ഗ്ലോബൽ 2700 രൂപയായും യുബിഎസ് 3000 രൂപ ആയും ലക്ഷ്യവില ഉയർത്തി.
10,000 കോടി രൂപയുടെ വായ്പ വകമാറ്റി ഉപയോഗിച്ചതു സംബന്ധിച്ചു വിശദീകരിക്കാൻ ഹാജരാകുന്നതിന് അനിൽ അംബാനിക്ക് ഇ.ഡി. നോട്ടീസ് നൽകി. അനിലിൻ്റെ കമ്പനികളായ റിലയൻസ് പവറും റിലയൻസ് ഇൻഫ്രായും അഞ്ചു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങിയിട്ടു നല്ല നേട്ടത്തിലേക്കു മാറി. ഡോളർ 87.60 രൂപയിൽ ഓപ്പൺ ചെയ്തിട്ട് 87.27 രൂപയിലേക്കു താഴ്ന്നു.100.15 വരെ രാവിലെ കയറിയ ഡോളർ സൂചിക 100.03 ലേക്കു താഴ്ന്നതും റിസർവ് ബാങ്കിൻ്റെ ഇടപെടലും രൂപയെ സഹായിച്ചു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3292 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ്ഞ് 73,200 രൂപ ആയി. ഡോളർ ഇടിഞ്ഞതാണു വില കുറയാൻ സഹായിച്ചത്.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 71.79 ഡോളർ ആയി.
Stock market midday update on 1 august 2025.
Read DhanamOnline in English
Subscribe to Dhanam Magazine