
ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതൽ കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 25,600 നും സെൻസെക്സ് 83,900 നും അടുത്തു ചെന്നിട്ട് ഗണ്യമായി താഴ്ന്നു. കരുത്തോടെയുള്ള കുതിപ്പ് ഇന്നു വിപണിയിൽ കാണുന്നില്ല. വിദേശ വിപണികളുടെ ചുവടുപിടിച്ച് താഴാനുളള സാധ്യതയും തളിക്കളയാനാവില്ല.
ബാങ്ക്, ധനകാര്യ, മെറ്റൽ, ഫാർമ, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ ഇന്നു താഴ്ചയിലായി.
അവകാശ ഇഷ്യുവോ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റോ മറ്റേതെങ്കിലും രീതിയോ വഴി 6000 കോടി രൂപയുടെ ധനസമാഹരണത്തിനു ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒരു ശതമാനം താഴ്ന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയും അശോക് ലെയ്ലൻഡും ഒഴികെയുള്ള വാഹന കമ്പനികൾക്കു ജൂൺ മാസത്തിൽ വിൽപന കുറഞ്ഞു.
സർക്കാരിൻ്റെ സബ്സിഡി (പിഎൽഐ പ്രോത്സാഹനം) കുറയുന്നതോടെ ഡിക്സൺ ടെക്നോളജീസിൻ്റെ ലാഭമാർജിൻ ഗണ്യമായി കുറയുമെന്നു മോർഗൻ സ്റ്റാൻലി വിലയിരുത്തി. ഓഹരിയെ അണ്ടർ വെയിറ്റ് ആയി പ്രഖ്യാപിച്ചു.
ഔഷധവിൽപന വിഭാഗം വേർപെടുത്തി പ്രത്യേക കമ്പനി ആക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് അപ്പോളോ ഹോസ്പിറ്റൽ ഓഹരി അഞ്ചു ശതമാനം വരെ ഉയർന്നു. ഓഹരിക്ക് സിറ്റി 8260 രൂപ ലക്ഷ്യവില പ്രഖ്യാപിച്ചു.
733 കോടി രൂപയുടെ നിഷ്ക്രിയ ആസ്തി 73 കോടി രൂപയ്ക്ക് വിറ്റ ഇസാഫ് ബാങ്ക് ഓഹരി മൂന്നു ശതമാനം ഉയർന്നു.
ആനന്ദ് ഗ്രൂപ്പ് തങ്ങളുടെ ഓട്ടോ കംപോണൻ്റ് ബിസിനസ് ഒരു കമ്പനിയിൽ ഏകീകരിക്കുന്നു. ചെറു കമ്പനികളെ ഓഹരി കൈമാറ്റത്തിലൂടെ ഗബ്രിയേൽ ഇന്ത്യയിൽ ലയിപ്പിക്കാനാണു തീരുമാനം. ഗബ്രിയേൽ ഓഹരി 20 ശതമാനം കുതിച്ചു കയറി.
തെലങ്കാന യൂണിറ്റിൽ ഉണ്ടായ വലിയ അപകടത്തെ തുടർന്ന് ഇന്നലെ ഇടിഞ്ഞ സിഗാച്ചി ഇൻഡസ്ട്രീസ് ഇന്ന് ആറു ശതമാനം കൂടി താഴ്ന്നു.
രൂപ ഇന്ന് നേട്ടം ഉണ്ടാക്കി. ഡോളർ 16 പൈസ താഴ്ന്ന് 85.62 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.58 രൂപയായി ഡോളർ സൂചിക താഴുന്നതാണ് കാരണം.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3320 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 840 രൂപ വർധിച്ച് 72,160 രൂപയായി.
ക്രൂഡ് ഓയിൽ വില സാവധാനം താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 66.40 ഡോളറിലേക്കു താഴ്ന്നു.