താഴ്ന്നു തുടങ്ങിയ വിപണി കുതിക്കുന്നു, ഇടിവ് തുടര്‍ന്ന് ഇൻഡിഗോ; രൂപയും നേട്ടത്തിൽ

മിഡ് ക്യാപ് സൂചിക 0.30 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.60 ശതമാനം കയറി
stock market
Published on

രണ്ടു ദിവസം തുടർച്ചയായി ഇടിഞ്ഞ ഇന്ത്യൻ വിപണി ഇന്ന് ആശ്വാസ റാലിക്കു ശ്രമിക്കുകയാണ്. രാവിലെ നാമമാത്ര നേട്ടത്തിൽ വ്യാപാരം തുടങ്ങിയ മുഖ്യസൂചികകൾ പിന്നീടു 0.25 ശതമാനം ഉയരത്തിലായി. മിഡ് ക്യാപ് സൂചിക 0.30 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.60 ശതമാനം കയറി.

കൺസ്യൂമർ ഡ്യുറബിൾസ് ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ്. ഐടി മേഖല നാമമാത്ര നേട്ടമേ രാവിലെ കാണിച്ചുള്ളു. ബാങ്ക്, ധനകാര്യ, ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, ഓയിൽ തുടങ്ങിയവ നല്ല നേട്ടം ഉണ്ടാക്കി.

വിദേശ നിക്ഷേപ പരിധി 74 ശതമാനത്തിലേക്കു വർധിപ്പിച്ചു കിട്ടിയ എയു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി നാലു ശതമാനം കയറി.

കോഫോർജിനു 2000 രൂപ ലക്ഷ്യവില ഇട്ട വിദേശ ബ്രോക്കറേജ് നൊമുറ വാങ്ങൽ ശിപാർശ നൽകി.

നവംബറിലെ ടോൾപിരിവ് 16 ശതമാനം വർധിച്ചതിനെ തുടർന്ന് ഐആർബി ഇൻഫ്രാ മൂന്നു ശതമാനം ഉയർന്നു.

വെള്ളിവില കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി നാലു ശതമാനം ഉയർന്നു.

കണക്കുകളെപ്പറ്റി ആക്ഷേപം ഉയർന്ന ശേഷം 40 ശതമാനം ഇടിഞ്ഞ കേയ്ൻസ് ടെക്നോളജീസ് ഇന്നലെ കയറ്റത്തിലായി. ചില ബ്രോക്കറേജുകൾ മികച്ച വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷമായിരുന്നു അത്. ഇന്നലെ 16 ശതമാനം വരെ ഉയർന്ന ഓഹരി ഇന്നു രാവിലെ ആദ്യം ഉയർന്ന ശേഷം മൂന്നു ശതമാനത്തിലധികം നഷ്ടത്തിലേക്കു മാറി.

2003 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ച കൽപതരു പ്രോജക്ട്സ് മൂന്നു ശതമാനം ഉയർന്നു.

പത്തു ശതമാനം വിമാനസർവീസുകൾ കുറയ്ക്കാൻ സർക്കാരിൽ നിന്നു നിർദേശം ലഭിച്ച ഇൻഡിഗോയുടെ ഉടമകളായ ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ ഓഹരി രണ്ടു ശതമാനത്തിലധികം താഴ്ന്നു.

മൂലധന വിപണിയിൽ പ്രവർത്തിക്കുന്ന ഗ്രോ ഓഹരി ഇന്ന് നാലു ശതമാനം ഇടിഞ്ഞു.

അമേരിക്കയുമായി വ്യാപാര ചർച്ച പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വസ്ത്ര, സമുദ്രോൽപന്ന കയറ്റുമതി കമ്പനികൾ രാവിലെ ഉയർന്നു.

111 രൂപയ്ക്ക് ഐപിഒ നടത്തിയ മീഷോ ഇന്ന് 46 ശതമാനം നേട്ടത്തോടെ 162 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീടു 170 രൂപയായി.

രൂപ ഇന്നു രാവിലെയും താഴ്ന്നു വ്യാപാരം തുടങ്ങി. പിന്നീടു നേട്ടത്തിലായി. ഡോളർ 15 പൈസ കയറി 90.03 രൂപയിൽ ഓപ്പൺ ചെയ്തു. തുടർന്നു കയറിയിറങ്ങിയ ഡോളർ 89.82 രൂപയിലേക്കു താഴ്ന്നു. റിസർവ് ബാങ്ക് വിപണിയിൽ സജീവമാണ്.

സ്വർണം ലോകവിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. രാവിലെ ഔൺസിന് 4216 ഡോളർ വരെ കയറിയ സ്വർണം പിന്നീട് 4208 ഡോളറിലേക്കു താഴ്ന്നു. വെള്ളിവില ഔൺസിന് 61.14 ഡോളർ വരെ ഉയർന്നു റെക്കോർഡ് കുറിച്ച ശേഷം 61 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 640 രൂപ കയറി 95,560 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില സാവധാനം താഴ്ന്നു തുടങ്ങി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 62.02 ഡോളറിലേക്കു കുറഞ്ഞു.

Stock market midday update on 10 december 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com