വിപണി മുന്നേറ്റത്തിൽ; വസ്ത്ര കയറ്റുമതിക്കാർക്ക് ക്ഷീണം, ബിഎസ്ഇ ലിമിറ്റഡ്, റെയിൽടെൽ ഓഹരികള്‍ മുന്നേറ്റത്തില്‍

സെൻസെക്സ് 84,400 ഉം നിഫ്റ്റി 25,965ഉം വരെ കയറിയ ശേഷം അൽപം താഴ്ന്നു ചാഞ്ചാട്ടത്തിലായി
stock market
Image courtesy: Canva
Published on

ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ മികച്ച ഉയരത്തിൽ എത്തി. രാവിലെ  സെൻസെക്സ് 84,400 ഉം നിഫ്റ്റി 25,965ഉം വരെ കയറിയ ശേഷം അൽപം താഴ്ന്നു ചാഞ്ചാട്ടത്തിലായി.

പൊതുമേഖലാ ബാങ്കുകൾ ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ കയറ്റത്തിലാണ്.

ബംഗ്ലാദേശിൻ്റെ ഉൽപന്നങ്ങൾക്കുള്ള തീരുവ അമേരിക്ക 20 -ൽ നിന്നു 19 ശതമാനമായി കുറച്ചു. കഴിഞ്ഞ ഏപ്രിലിൽ 37 ശതമാനം തീരുവ ചുമത്തിയ ശേഷം 20 ലേക്കു താഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ തീരുവ 18 ശതമാനമായി കുറച്ചപ്പോൾ ബംഗ്ലാദേശ് സർക്കാർ നിവേദനം നൽകിയാണ് ട്രംപിൽ നിന്ന് ആശ്വാസം നേടിയത്. ഇതോടെ ഇന്ത്യക്കു കാര്യമായ തീരുവനേട്ടം ഇല്ലാതായി. ബംഗ്ലാദേശിൽ  ഈ വ്യാഴാഴ്ചയാണു പാർലമെൻ്റ് തെരഞ്ഞെടുപ്പ്. വസ്ത്ര കയറ്റുമതിയിൽ ഇന്ത്യയോടു മത്സരിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. തീരുവമാറ്റത്തെ തുടർന്ന് വസ്ത്രകയറ്റുമതിക്കാരായ ഗോകൽദാസ്, കിറ്റെക്സ്, അരവിന്ദ്, വെൽസ്പൺ ലിവിംഗ്, റയ്മണ്ട് ലൈഫ് സ്‌റ്റൈൽ, കെപിആർ മിൽസ്, ട്രൈഡൻ്റ് തുടങ്ങിയവ അഞ്ചു ശതമാനം വരെ താഴ്‌ന്നു.

ഐടി കമ്പനികൾ രാവിലെ താഴ്ന്നെങ്കിലും പിന്നീടു നേട്ടത്തിലായി.

1700 കോടി രൂപയുടെ സൗരോർജ പ്ലാൻ്റിനു കരാർ ലഭിച്ചതിനെ തുടർന്നു സീഗൾ ഇന്ത്യ ഏഴു ശതമാനം വരെ ഉയർന്നു.

റവന്യൂവും ലാഭവും മികച്ച വളർച്ച കാണിച്ചതിനെ തുടർന്ന് ബിഎസ്ഇ ലിമിറ്റഡ് ഏഴു ശതമാനം കുതിച്ച് 3188.40 രൂപ എന്ന റെക്കോർഡ് കുറിച്ചു.

മികച്ച മൂന്നാം പാദ റിസൽട്ട് സൻസേര എൻജിനിയറിംഗ് ഓഹരിയെ 12 ശതമാനം ഉയർത്തി.

മികച്ച റിസൽട്ട് പുറത്തുവിട്ട ബാറ്റാ ഏഴും ഫൈസർ എട്ടും നവീൻ ഫ്ലോറിൻ അഞ്ചും ശതമാനം ഉയർന്നു.

ദക്ഷിണേന്ത്യയിൽ സിമൻ്റ് വില കുറഞ്ഞതിനെ തുടർന്നു ലാഭമാർജിൻ ചുരുങ്ങിയ രാംകോ സിമൻ്റ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

455 കോടി രൂപയുടെ കരാർ ലഭിച്ചത് റെയിൽടെൽ കോർപറേഷനെ എട്ടു ശതമാനം ഉയർത്തി.

തിങ്കളാഴ്ച 10 ശതമാനത്തിലധികം കുതിച്ച അതുൽ ഓട്ടോ ഇന്ന് എട്ടു ശതമാനത്തിലധികം ഉയർന്നു. ത്രീവീലർ വിൽപന കഴിഞ്ഞ മാസം 18 ശതമാനത്തിലധികം വർധിച്ചതാണ് ഓഹരിയെ സഹായിച്ചത്.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 90.71 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 90.78 വരെ കയറിയിട്ട് 90.68 രൂപ വരെ താഴ്‌ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 5030 ഡോളറിലാണ്.കേരളത്തിൽ 22 കാരറ്റ് സ്വർണം വിലമാറ്റം ഇല്ലാതെ പവന് 1,15,800 രൂപയിൽ തുടർന്നു. എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,58,070 രൂപ വരെ കയറിയിട്ട് 1,57,350 രൂപ വരെ താഴ്ന്നു.വെള്ളി ലോകവിപണിയിൽ ഔൺസിന് 81.83 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,60,527 രൂപ വരെ കയറി.ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 68.81 ഡോളറിലേക്കു താഴ്‌ന്നു.   

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com