നിഫ്‌റ്റി 24,200 നു മുകളിൽ; വിപണി കുതിപ്പിൽ, റിലയൻസും അദാനി ഗ്രൂപ്പ് കമ്പനികളും മുന്നേറ്റത്തില്‍

ബാങ്ക് നിഫ്റ്റി 1.20 ശതമാനം ഉയർന്നു, ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്
stock market
Image courtesy: Canva
Published on

ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി രാവിലെ മികച്ച മുന്നേറ്റത്തിലായി. മുഖ്യസൂചികകൾ ഒരു ശതമാനത്തിലധികം കയറി. സെൻസെക്സ് 77,588.08 ഉം നിഫ്റ്റി 24,226.05 ഉം വരെ ഉയർന്നു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നല്ല കയറ്റം നടത്തി. ബാങ്ക് നിഫ്റ്റി 1.20 ശതമാനം ഉയർന്നു.

ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്. റിലയൻസും അദാനി ഗ്രൂപ്പ് കമ്പനികളും മുന്നേറ്റത്തിലായി.

ടിസിഎസ് റിസൽട്ട് പ്രതീക്ഷയിലും മികച്ചതായത് ഐടി സേവന കമ്പനികളെ മൊത്തം ഉയർത്തി. ഐടി സൂചിക മൂന്നു ശതമാനം ഉയർന്നു. ഈ മാസം ഐടി സൂചികയിലെ നേട്ടം എട്ടു ശതമാനത്തിലധികമായി. രാവിലെ ടിസിഎസും ഇൻഫോസിസും കോഫോർജും ടെക് മഹീന്ദ്രയും മൂന്നു ശതമാനത്തിലധികം കയറി.

വ്യാവസായിക ലോഹങ്ങളുടെ വിലക്കുതിപ്പ് മെറ്റൽ കമ്പനികളെ നേട്ടത്തിലാക്കി. സ്‌റ്റീൽ, അലൂമിനിയം, ചെമ്പ്, സിങ്ക് കമ്പനികൾ ഒന്നു മുതൽ നാലര വരെ ശതമാനം ഉയർന്നു.

റീബക്ക് ബ്രാൻഡ് ഇന്നർവെയറുകൾ പുറത്തിറക്കാൻ ലൈസൻസ് നേടിയ ലക്സ് ഇൻഡസ്ട്രീസ് എട്ടു ശതമാനം നേട്ടമുണ്ടാക്കി.

ആസ്തികളിൽ 18 ശതമാനം വളർച്ച നേടിയ മുത്തൂറ്റ് മൈക്രോഫിൻ 10 ശതമാനത്തിലധികം കുതിച്ചു.

പ്രീമിയർ എക്സ്പ്ലോസീവ്സിനെ വാങ്ങുന്ന അപ്പോളോ മെക്രോ സിസ്റ്റംസ് നാലു ശതമാനം ഉയർന്നു. പ്രീമിയർ രണ്ടര ശതമാനം താഴ്ന്നു.

കല്യാൺ ജ്വല്ലേഴ്സ് ഏഴു ശതമാനം കുതിച്ചു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 12 പൈസ കുറഞ്ഞ് 95.26 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.32 രൂപ വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4118 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 280 രൂപ കൂടി 1,06,200 രൂപ ആയി.

ക്രൂഡ് ഓയിൽ വില അല്പം കയറി. ബ്രെൻ്റ് ഇനം 76.62 ഡോളറിലും ഡബ്ള്യുടിഐ ഇനം 72.24 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com