
മികച്ച ഉയരത്തിൽ ഓപ്പൺ ചെയ്ത വിപണി പിന്നീടു വിൽപന സമ്മർദത്തിൽ താഴ്ന്നു. വീണ്ടും കയറി. പിന്നീടു ചാഞ്ചാട്ടമായി.
ലാഭമെടുത്തു പിന്മാറാൻ നിരവധി നിക്ഷേപകർ ഉത്സാഹിച്ചതാണു വിപണിയെ താഴ്ത്തിയത്.
മുഖ്യസൂചികകൾ ചാഞ്ചാടിയപ്പോഴും മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർന്നു. റിയൽ എസ്‌റ്റേറ്റ് ഓഹരികൾ നേട്ടം ഉണ്ടാക്കി.
ബാങ്ക് ഓഹരികളാണ് ഇന്നു വിപണിയെ വലിച്ചു താഴ്ത്തിയത്. യൂണിവേഴ്സൽ ബാങ്കിംഗ് ലൈസൻസിന് അപേക്ഷ നൽകിയ ജന സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി നാലു ശതമാനത്തോളം കുതിച്ചു.
പ്രതിരോധ ഓഹരികൾ രാവിലെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, ഡാറ്റാ പാറ്റേൺസ്, പരസ് ഡിഫൻസ്, ഭാരത് എർത്ത് മൂവേഴ്സ് തുടങ്ങിയവ ഒരു ശതമാനത്തിലധികം നേട്ടത്തിലായി. കൊച്ചിൻ ഷിപ്പ് യാർഡ്, ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക് തുടങ്ങിയവയും ഇന്നു കയറി.
ഐടി ഓഹരികൾ ഇന്നു കയറ്റത്തിലാണ്. നിഫ്റ്റി ഐടി ഒന്നര ശതമാനം ഉയർന്നു. കോഫോർജ് ഓഹരി അഞ്ചു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി.
മോർഗൻ സ്റ്റാൻലി വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് ഗ്രാസിം ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 85.61രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.55 രൂപ വരെ താഴ്ന്നു.
സ്വർണം ലോകവിപണിയിൽ 3308 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയായി.
ക്രൂഡ് ഓയിൽ സാവധാനം ഉയരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 67.33 ഡോളറിലേക്കു കയറി.