പശ്ചിമേഷ്യ ശാന്തം, വിപണികളും രൂപയും കയറുന്നു; ഐ.ടിയും ഓയിൽ-ഗ്യാസും ഒഴികെ എല്ലാ മേഖലകളും നേട്ടത്തില്‍

മുഖ്യ സൂചികകൾ അര ശതമാനം ഉയർന്നപ്പോൾ ബാങ്ക്, ധനകാര്യ, വാഹന കമ്പനി സൂചികകളും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരു ശതമാനം കയറ്റത്തിലാണ്
stock market watching
Image by Canva
Published on

പശ്ചിമേഷ്യയിൽ വ്യോമയുദ്ധം ഒട്ടൊന്നു ശമിച്ചു. പക്ഷേ യുദ്ധം നിർത്തുന്നതായി ആരും പറയുന്നില്ല. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം നടക്കുമോ എന്ന് ഇന്നുച്ചയ്ക്കു ശേഷമേ അറിയാനാകൂ. ഇക്കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം മൂലം ക്രൂഡ് ഓയിൽ 90 ഡോളറിനു മുകളിൽ എത്തി.

വിപണി ഇന്ന് ആവേശത്തോടെ വ്യാപാരം തുടങ്ങിയിട്ടു പിന്നീട് നേട്ടം കുറച്ചു. സെൻസെക്സ് രാവിലെ 78,526 വരെ ഉയർന്നിട്ടു താഴ്‌ന്ന് 77,745 വരെ എത്തി. നിഫ്റ്റി 24,303.80 വരെ കയറിയിട്ട് 24,079.95 ലേക്കു താഴ്ന്നു.

മുഖ്യ സൂചികകൾ അര ശതമാനം ഉയർന്നപ്പോൾ ബാങ്ക്, ധനകാര്യ, വാഹന കമ്പനി സൂചികകളും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരു ശതമാനം കയറ്റത്തിലാണ്. ഐടിയും ഓയിൽ-ഗ്യാസും ഒഴികെ എല്ലാ മേഖലകളും മികച്ച നേട്ടത്തിലായി.

ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാൻ ഇന്തോനേഷ്യ പ്രതിരോധ മന്ത്രാലയവുമായി കരാർ ഉണ്ടാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ പിടിസി ഇൻഡസ്ടീസ് ഓഹരി ഉയർന്നു.

ഡിസ്‌പ്ലേ മൊഡ്യൂളുകൾ നിർമിക്കാനുള്ള ഡിക്സൺ ടെക്‌നോളജീസിൻ്റെ സംയുക്ത കമ്പനിയിൽ 26 ശതമാനം ഓഹരി എടുക്കാൻ ചൈനയിലെ എച്ച്കെസി കമ്പനിക്ക് കേന്ദ്ര സർക്കാരിൻ്റെ അനുമതി കിട്ടി. ഡിക്സൺ ഓഹരി ഏഴു ശതമാനം കുതിച്ചു.

ക്രൂഡ് ഓയിൽ വില താഴ്ന്നതോടെ പഞ്ചസാര മിൽ ഓഹരികൾ താഴ്ന്നു. എഥനോൾ ഡിമാൻഡ് സംബന്ധിച്ച പ്രതീക്ഷ പാളും എന്നതാണു കാരണം.

യുദ്ധം താമസിയാതെ അവസാനിക്കും എന്ന പ്രതീക്ഷ രാസവള കമ്പനികളെ ഉയർത്തി. എഫ്എസിടി നാലു ശതമാനത്തോളം കയറി. പെയിൻ്റ് കമ്പനികളും നേട്ടത്തിലായി.

രൂപ ഇന്നു ബലപ്പെട്ടു. ഡോളർ 40 പൈസ താഴ്‌ന്ന് 91.93 രൂപയിൽ ഓപ്പൺ ചെയ്തു. 91.89 രൂപയിലേക്കു താഴ്ന്ന ശേഷം ഡോളർ 92.19 രൂപയിൽ എത്തി.

സ്വർണം ലോക വിപണിയിൽ രാവിലെ ഉയർന്ന് ഔൺസിന് 5158 ഡോളറിലായി. വെള്ളി 88.42 ഡോളറിലേക്കു കയറി. സ്വർണം, വെള്ളി ഇടിഎഫുകൾ നാലു ശതമാനം വരെ ഉയർന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ വർധിച്ച് 1,19,080 രൂപ ആയി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,61,791 രൂപവരെ ഉയർന്നു. വെള്ളി കിലോഗ്രാം 2,78,339 വരെ കയറിയിട്ട് 2,74,537 രൂപയിലേക്ക് താണു.

ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. 88 ഡോളർ വരെ താഴ്ന്ന ബ്രെൻ്റ് ഇനം പിന്നീട് ബാരലിന് 94.92 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 91 ഡോളറിനു മുകളിലായി. ഹോർമുസിലൂടെ എണ്ണ ടാങ്കറുകൾ വരുന്നതിൽ വ്യക്തത വരാത്തതാണു കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com